ഒമാനിൽനിന്ന് പെട്രോളിയം കോക്ക് വാങ്ങാൻ ഇന്ത്യൻ സിമന്റ് കമ്പനികൾ
text_fieldsമസ്കത്ത്: ഒമാനിൽനിന്ന് പെട്രോളിയം കോക്ക് വാങ്ങാൻ ഇന്ത്യൻ സിമന്റ് കമ്പനികൾ താൽപര്യം പ്രകടിപ്പിക്കുന്നതായി റിപ്പോർട്ടുകൾ. വിലക്കയറ്റവും ആഭ്യന്തര ഉൽപാദനത്തിലെ കുറവുമാണ് ഇന്ധനത്തിന്റെ വിതരണം സുരക്ഷിതമാക്കാൻ സിമന്റ് കമ്പനികളെ നിർബന്ധിതരാക്കിയത്. സിമന്റ് വ്യവസായത്തിൽ ഇന്ധനമായി ഉപയോഗിക്കുന്ന പെറ്റ്കോക്കിന്റെ പ്രധാന ഉൽപാദകരാണ് ഒമാൻ. ലോകത്തിലെ ഏറ്റവും വലിയ പെറ്റ്കോക്ക് വാങ്ങുന്നവരിൽ ഇന്ത്യൻ സിമന്റ് കമ്പനികളും ഉൾപ്പെടുന്നുണ്ട്. ക്ഷാമം നേരിട്ടതോടെയാണ് സാധനങ്ങൾക്കായി വിദേശത്തേക്ക് നോക്കാൻ കമ്പനികളെ നിർബന്ധിതരാക്കിയത്. കൽക്കരി, പെട്രോളിയം അല്ലെങ്കിൽ മറ്റ് കാർബൺ അധിഷ്ഠിത വസ്തുക്കളിൽനിന്ന് നിർമിച്ച ഖര ഇന്ധനമാണ് പെറ്റ്കോക്ക് . കൽക്കരിയെക്കാൾ ഉയർന്ന കലോറി മൂല്യമുണ്ട്.
സൾഫർ ഡൈഓക്സൈഡിന്റെയും നൈട്രജൻ ഓക്സൈഡിന്റെയും കുറഞ്ഞ ഉദ്വമനം കാരണം ഇത് ശുദ്ധമായ ഇന്ധനമായും കണക്കാക്കപ്പെടുന്നു. താപ കൽക്കരിയുമായി താരതമ്യപ്പെടുത്തുമ്പോൾ മത്സരാധിഷ്ഠിത വിലയിൽനിന്ന് പ്രയോജനം നേടുന്നതിനായി ഇറക്കുമതിയിലൂടെ തങ്ങളുടെ ചൂളകളിൽ പെട്രോളിയം കോക്കിന്റെ ഉപയോഗം വർധിപ്പിക്കാനാണ് ഇന്ത്യൻ സിമന്റ് നിർമാതാക്കൾ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ വർഷത്തിന്റെ ആദ്യപാദത്തിൽ പെറ്റ്കോക്ക് ഇറക്കുമതി 3.21 ദശലക്ഷം ടണ്ണായാണ് ഇന്ത്യൻ സിമന്റ് വ്യവസായം വർധിപ്പിച്ചിരിക്കുന്നത്.
മിഡിലീസ്റ്റിൽ പെറ്റ്കോക്കിന്റെ കയറ്റുമതിക്കാരിൽ മുന്നിലാണ് ഒമാൻ. നിരവധി ഇന്ത്യൻ സിമന്റ് കമ്പനികൾ പെറ്റ്കോക്ക് വാങ്ങുന്നതിനായി സമീപിച്ചതായും റിപ്പോർട്ടുണ്ട്. ഇന്ത്യയിലേക്കുള്ള പെറ്റ്കോക്കിന്റെ കയറ്റുമതി ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും ഒമാനി ബിസിനസുകൾക്ക് പുതിയ അവസരങ്ങൾ നൽകുകയും ചെയ്യും.2021ൽ, ഒമാൻ 196 മില്യൺ ഡോളർ വിലമതിക്കുന്ന പെട്രോളിയം കോക്കാണ് കയറ്റുമതി ചെയ്തത്.
ഇതിലൂടെ ലോകത്തിലെ ഏറ്റവും കൂടുതൽ പെട്രോളിയം കോക്ക് കയറ്റുമതി ചെയ്യുന്ന 30ാമത്തെ രാജ്യമായി മാറുകയും ചെയ്തു. അതേ വർഷം, ഒമാനിൽ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെടുന്ന 25ാമത്തെ ഉൽപന്നമായിരുന്നു പെട്രോളിയം കോക്ക്. 2021ൽ ഒമാനിൽനിന്ന് ഏറ്റവും പെട്രോളിയംകോക്ക് കയറ്റുമതി ചെയ്തിരിക്കുന്നത് ഇന്ത്യയിലേക്കാണ്-12 മില്യൺ ഡോളർ. ചൈന (66.8 മില്യൺ ഡോളർ), ഇന്തോനേഷ്യ (6.76 ദശലക്ഷം ഡോളർ), യുനൈറ്റഡ് സ്റ്റേറ്റ്സ് (3.65 മില്യൺ ഡോളർ), ഇത്യോപ്യ (3.52 ദശലക്ഷം ) എന്നിവയാണ് മറ്റ് മുൻനിര വിപണികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

