ഇന്ത്യൻ സ്കൂൾ മുലദ്ദ സന്ദർശിച്ച് ഇന്ത്യൻ അംബാസഡർ
text_fieldsഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ് ഇന്ത്യൻ സ്കൂൾ മുലദ്ദ സന്ദർശിച്ചപ്പോൾ
മുലദ്ദ: ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ്, പത്നി നീലം ഗോദാവർത്തി, അറ്റാഷെ വിനോദ് ശർമ്മ എന്നിവർ മുലദ്ദ ഇന്ത്യൻ സ്കൂൾ സന്ദർശിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിദ്യാർഥികളുമായി ആശയവിനിമയം നടത്തുകയും അധ്യാപകരുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തു.
വിദ്യാഭ്യാസ രംഗത്തെ പുരോഗതികളും ഇന്ത്യയുടെ ഭാവി പദ്ധതികളുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്ച്ചയായി. നവീകരിച്ച ഓഫിസ് ഏരിയയും രക്ഷിതാക്കൾക്കുള്ള കാത്തിരിപ്പ് കേന്ദ്രവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. സ്കൂളിലെത്തിചേർന്ന അംബാസഡറെയും സംഘത്തെയും പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സ്കൂളിലെ ബാൻഡ് സംഘത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ 400ഓളം വിദ്യാർഥികളുമായും 80ൽപരം അധ്യാപകരുമായും സംവദിച്ചു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് എം.ടി. മുസ്തഫ ഔദ്യോഗികമായി അംബാസഡറെ സ്വാഗതം ചെയ്തു.
സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച ‘ഇക്കോസ് ഓഫ് നേച്ചർ ഇൻ എഐ’ എന്ന നൃത്താവിഷ്കാരം അംബാസഡറുടെ പ്രശംസ നേടി.കൂടാതെ, കുട്ടികളുടെ ദേശഭക്തിഗാനങ്ങളും അദ്ദേഹം ആസ്വദിച്ചു. സന്ദർശന അറിയിപ്പ് വളരെ കുറച്ച് സമയം മുമ്പ് മാത്രമാണ് ലഭിച്ചതെങ്കിലും മികച്ച രീതിയിൽ പരിപാടി സംഘടിപ്പിച്ച മാനേജ്മെന്റ് കമ്മിറ്റിയെയും സ്കൂൾ അധിക്യതരെയും അദ്ദേഹം അഭിനന്ദിച്ചു.പ്രവാസികളുടെ ക്ഷേമം, അവർക്ക് നൽകാവുന്ന പിന്തുണ, കൂടാതെ ഇന്ത്യൻ സ്കൂളുകളുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് അംബാസഡറും സംഘവും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളുമായി ചർച്ച നടത്തി. സ്കൂൾ പ്രിൻസിപ്പൽ ഡോ. ലീന ഫ്രാൻസിസ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

