യോഗ്യത പത്രങ്ങൾ സുൽത്താന് സമർപ്പിച് ഇന്ത്യൻ അംബാസഡർ ഔദ്യോഗികമായി ചുമതലയേറ്റു
text_fieldsഅൽ ബറക്ക കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ സുൽത്താൻ ഹൈതം ബിൻ താരിഖിന് ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ് യോഗ്യതപത്രങ്ങൾ സമർപ്പിക്കുന്നു
മസ്കത്ത്: ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ജി.വി. ശ്രീനിവാസ് ഔദ്യോഗികമായി ചുമതലയേറ്റു. കഴിഞ്ഞദിവസം അൽ ബറക്ക കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖിന് യോഗ്യത പത്രങ്ങൾ സമർപ്പിച്ചു. സുൽത്താനുമായി നടത്തിയ കൂടിക്കാഴ്ചയിൽ, ഇന്ത്യൻ അംബാസഡർ തന്റെ രാജ്യത്തിന്റെ ആശംസകൾ നേർന്നു. സുൽത്താന്റെ ജ്ഞാനപൂർവമായ നേതൃത്വത്തിനുകീഴിൽ ഒമാനി ജനത കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരിക്കട്ടെയെന്നും ആശംസിച്ചു.
അംബാസഡറെ സ്വാഗതം ചെയ്ത സുൽത്താൻ, ചുമതലകൾ നിർവഹിക്കുന്നതിന് അദ്ദേഹത്തിൽനിന്നും സർക്കാരിൽനിന്നും ഒമാനി ജനതയിൽനിന്നും എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അറിയിച്ചു.യോഗ്യതപത്ര സമർപ്പണ ചടങ്ങിൽ ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽബുസൈദി, ഒമാൻ റോയൽ ഗാർഡിന്റെ കമാൻഡർ, റോയൽ പ്രോട്ടോക്കോൾ മേധാവി, സുൽത്താന്റെ സൈനിക സഹായികൾ എന്നിവർ പങ്കെടുത്തു.
കഴിഞ്ഞമാസം അംബാസഡർ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽബുസൈദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അംബാസഡറുടെ ചുമതലകൾ നിർവഹിക്കുന്നതിൽ വിജയംനേരുകയും ഒമാനുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു. ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഗോദാവർത്തി വെങ്കട ശ്രീനിവാസിനെ വിദേശകാര്യ മന്ത്രാലയം ജനുവരിയിലാണ് നിയമിക്കുന്നത്.
ഇന്ത്യൻ ഫോറീൻ സർവിസിലെ 1993 ബാച്ച് കാരനാണ്. മന്ത്രാലയത്തിലെ സ്പെഷ്യൽ ഡ്യൂട്ടി ഓഫിസർ ആയി ജോലി ചെയ്തുവരികയായിരുന്നു. ഗിനിയ ബിസാവു, സെനഗൽ എന്നിവിടങ്ങളിലും അംബാസഡറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. കാലാവധി പൂർത്തിയാക്കി സ്ലോവേനിയൻ അംബാസഡറായി ചുമതലയേറ്റ സുൽത്താനേറ്റിലെ മുൻ അംബാസഡർ അമിത് നാരങിന്റെ ഒഴിവിലേക്കാണ് ഗോദാവർത്തി വെങ്കട ശ്രീനിവാസ് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

