'ഇന്ത്യ@75' ഫ്രീഡം ക്വിസ് മത്സരം; അവസാനഘട്ട വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു
text_fields‘ഇന്ത്യ@75’ ഫ്രീഡം ക്വിസ് മത്സരത്തിന്റെ അവസാനഘട്ട വിജയികൾക്ക് യുനൈറ്റഡ് കാർഗോ ആൻഡ് ലോജിസ്റ്റിക്സ് മാനേജിങ് ഡയറക്ടർ നിയാസ് അബ്ദുൽ ഖാദർ സമ്മാനങ്ങൾ കൈമാറിയപ്പോൾ. ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീൻ സമീപം
മസ്കത്ത്: ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഗൾഫ് മാധ്യമം നടത്തിയ 'ഇന്ത്യ@75' ഫ്രീഡം ക്വിസ് മത്സരത്തിന്റെ അവസാന ഘട്ട വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. യുനൈറ്റഡ് കാർഗോ ആൻഡ് ലോജിസ്റ്റിക്സ് സ്പോൺസർ ചെയ്ത ടാബുകൾ ഇന്ത്യൻ സ്കൂൾ അൽ ഗുബ്ര ഒമ്പതാം ക്ലാസ് വിദ്യാർഥിനി മുഹ്സിന അനീഷ്, മുഹമ്മദ് ഷാ (അൽ ഖുവൈർ ), വിവേക് (അൽ ഖുവൈർ) എന്നിവർക്ക് കൈമാറി. യുനൈറ്റഡ് കാർഗോ ആൻഡ് ലോജിസ്റ്റിക്സിന്റെ ഓഫിസിൽ നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്ടർ നിയാസ് അബ്ദുൽ ഖാദറാണ് സമ്മാനങ്ങൾ കൈമാറിയത്. അക്കൗണ്ട്സ് മാനേജർ ഷെബി ഹമീദ്, ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.
ആഗസ്റ്റ് 10 മുതൽ സെപ്റ്റംബർ എട്ടുവരെ ഗൾഫ് മാധ്യമം ദിനപത്രത്തിലും വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിരുന്ന ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഓൺലൈനിലൂടെ ശരിയുത്തരം നൽകുന്നവരിൽനിന്നാണ് മെഗാ വിജയിയെ തിരഞ്ഞെടുത്തത്. ക്വിസ് മത്സരത്തിന് വായനക്കാരിൽനിന്ന് ആവേശകരമായ പ്രതികരണമായിരുന്നു. ആയിരക്കണക്കിന് എൻട്രികളാണ് ദിവസവും ലഭിച്ചത്.
നദ ഹാപ്പിനസ് മുഖ്യ പ്രായോജകരാകുന്ന പരിപാടിയിൽ ജോയ് ആലുക്കാസ് എക്സ്ചേഞ്ച്, നെസ്റ്റോ ഹൈപർ മാർക്കറ്റ്, യുനൈറ്റഡ് കാർഗോ, ജീപാസ്, റോയൽഫോർഡ്, ബിസ്മി എന്നിവരും പങ്കാളികളായിരുന്നു.

