ഇന്ത്യ-പാകിസ്താൻ മഞ്ഞുരുക്കം; ആശ്വാസത്തിൽ പ്രവാസികളും
text_fieldsമസ്കത്ത്: ഇന്ത്യ-പാകിസ്താൻ വെടി നിർത്തൽ കരാർ വാർത്തകൾ വന്നതോടെ പ്രവാസികൾ ആശ്വാസത്തിൽ. പഞ്ചാബിലും ജമ്മുവിലും മറ്റും ഉപരി പഠനം നടത്തുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളാണ് വെടിനിർത്തൽ കരാർ വാർത്തകൾ സന്തോഷത്തോടെ എതിരേറ്റത്.അതോടൊപ്പം വേനൽ അവധിക്കാലത്ത് നാട്ടിൽ പോവാൻ ഒരുങ്ങി നിന്നവർക്കും വെടി നിർത്തൽ കരാർ ആശ്വാസമായി. യുദ്ധം രൂക്ഷമാവുകയാണെങ്കിൽ വിമാന സർവിസുകൾ മുടങ്ങുമെന്നും അതുവഴി നാട്ടിലേക്ക് പോവാൻ കഴിയില്ലെന്ന് പേടിച്ചവരും നിരവധിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിലേക്കുള്ള വിമാന സർവിസുകൾ നിലച്ചത് കാരണം നിരവധി പേരുടെ യാത്രകളും മുടങ്ങിയിരുന്നു.
പഞ്ചാബിലും ജമ്മുവിലും മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും നിരവധി പ്രവാസികളുടെ മക്കൾ ഉപരിപഠനം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഷെല്ലാക്രമണങ്ങളിലും പറ്റും പല മേഖലകളിലും കെട്ടിടങ്ങൾക്കും മറ്റും കേടുപാടുകൾ പറ്റിയിരുന്നു. ഇതോടെ പഞ്ചാബിലും മറ്റും പഠിക്കുന്ന മലയാളി വിദ്യാർഥികൾ ചെറിയ വാഹനങ്ങളും മറ്റുമായി ഡൽഹിയിലേക്ക് യാത്ര തിരിച്ചിരുന്നു. ഇവരിൽ പലരും കേരളത്തിലേക്കുള്ള ടിക്കറ്റുകൾ കിട്ടാതെ ഡൽഹിയിൽ തങ്ങുന്നുണ്ട്. ഇത്തരം വിദ്യാർഥികളുടെ രക്ഷിതാക്കൾ കഴിഞ്ഞ മണിക്കൂറുകൾ വരെ ഏറെ പ്രയാസത്തിലായിരുന്നു.
വെടി നിർത്തൽ കരാർ നിലവിൽ വന്നതോടെ ഏറെ ആശ്വസിക്കുന്നതും ഇവർ തന്നെയാണ്. ഇന്ത്യയിലെ 24 വിമാനത്താവളങ്ങളിൽ നിന്നുള്ള സർവിസുകൾ നിർത്തിവെച്ചതായി അറിയിപ്പ് വന്നത് വേനൽ അവധിക്ക് നാട്ടിൽ പോകുന്നവരെ ചെറിയ രീതിയിൽ ആശങ്കയിലാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിലേക്കുള്ള ചില വിമാന സർവിസുകൾ റദ്ദാക്കിയത് ആശങ്ക വർധിക്കാനും ഇടയാക്കി. ഇതോടെ കേരളത്തിലേക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാൻ ഒരുങ്ങിയിരുന്ന പലരും യാത്ര മുടങ്ങുമോ എന്ന് പേടിച്ചിരുന്നു.
യുദ്ധം മൂർച്ഛിക്കുകയാണെങ്കിൽ മറ്റു വിമാനത്താവളങ്ങളെയും ബാധിക്കുമെന്ന് പേടിച്ചവരും നിരവധിയാണ്. അടുത്ത ബന്ധുക്കളുടെ കല്യാണത്തിനും മറ്റും നാട്ടിൽ പോവാൻ ടിക്കറ്റെടുത്തവരും ആശങ്കയിലായിരുന്നു. ഇന്ത്യൻ വിമാന കമ്പനികളുടെ ഡൽഹി സർവിസുകൾക്ക് തടസ്സം സംഭവിച്ചത് ഡൽഹിയിലും മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വേനൽ അവധിക്ക് വിനോദ സഞ്ചാരത്തിന് പദ്ധതിയിട്ടവരെയും ആശങ്കയിലാക്കിയിരുന്നു. ഇതിൽ ചിലർ നിലവിലെ സാഹചര്യത്തിൽ യാത്ര നിർത്തി വെച്ചിരുന്നു.ഡൽഹിയും പരിസര പ്രദേശങ്ങളും സന്ദർശിക്കുമെന്ന് ഏറെ ക്കാലമായി ആഗ്രഹിക്കുന്ന പലരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഏതായാലും വെടി നിർത്തൽ കരാർ നിലവിൽ വന്നത് പ്രവാസികളായ നിരവധി പേർക്ക് ഏറെ ആശ്വാസം പകർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

