ഇന്‍ഡോ ഗള്‍ഫ് ആൻഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് രൂപവത്കരണം മന്ത്രി പ്രഖ്യാപിക്കുകയും ധാരണാപത്രത്തില്‍ ഒപ്പുവെക്കുകയും ചെയ്തു
മസ്കത്ത്: ഒമാന്റെ മികച്ച വ്യാപാര പങ്കാളിയാണ് ഇന്ത്യയെന്നും ഗള്‍ഫ് മേഖലയില്‍ ഇരുരാജ്യങ്ങളും നിര്‍ണായക സഖ്യകക്ഷികളാണെന്നും ഒമാന്‍ വ്യവസായ- നിക്ഷേപ മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫ് പറഞ്ഞു. മുംബൈ ഒബ്‌റോണ്‍ ഹോട്ടലില്‍ ഇന്‍ഡോ ഗള്‍ഫ് ആൻഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ബന്ധം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശക്തമായി വളരുന്നുണ്ട്. ഒമാനിലെ ഇന്ത്യന്‍ ജനസംഖ്യ രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമായി തുടരുന്നതായും അദ്ദേഹം വ്യക്താക്കി.
ഇന്തയിലും മിഡില്‍ ഈസ്റ്റ് മേഖലയിലും സാമ്പത്തിക-വ്യാവസായിക-വാണിജ്യ- സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ ബന്ധിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്ന ഇന്ത്യയിലേയും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളേയും ബിസിനസ് മേധാവികളേയും പ്രഫഷണലുകളേയും അദ്ദേഹം അഭിനന്ദിച്ചു. ഇന്‍ഡോ ഗള്‍ഫ് ആൻഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് രൂപവത്കരണം മന്ത്രി പ്രഖ്യാപിക്കുകയും ധാരണാപത്രത്തില്‍ ഒപ്പുവെക്കുകയും ചെയ്തു.
ഒമാന്‍ വിഷന്‍ 2040ന്റെ ഭാഗമായി വിദ്യാഭ്യാസം, പരിശീലനം വൈദഗ്ധ്യം, ടൂറിസം മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് റദ ജുമ അല്‍ സാലഹ്, ഇന്ത്യയിലെ ഒമാന്‍ കോണ്‍സുല്‍ ജനറല്‍ സുലൈമാന്‍ ലഷ്‌കരന്‍ അല്‍ സദ്ജാലി, ഇന്‍ഡോ ഗള്‍ഫ് ആൻഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ചെയര്‍മാന്‍ ഡോ. എന്‍ എം ഷറഫുദ്ദീന്‍, സെക്രട്ടറി ഡോ. സുരേഷ് കുമാര്‍ മധുസൂദനന്‍, ഒമാന്‍ ഡയറക്ടര്‍ ഡേവിസ് കല്ലൂക്കാരന്‍, മുംബൈ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. പി ജെ അപ്രൈന്‍ എന്നിവര്‍ മന്ത്രിയോടൊപ്പമുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.