ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ; ചർച്ചകൾ അവസാനിച്ചു; നിയമനിർമാണ, ഭരണ പ്രക്രിയകൾ പുരോഗമിക്കുന്നു
text_fieldsമസ്കത്ത്: ഇന്ത്യയും ഒമാനും ഉടൻതന്നെ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കുമെന്ന് ഇന്ത്യയിലെ ഒമാൻ അംബാസഡർ ഇസ്സ സാലിഹ് അബ്ദുല്ല സാലിഹ് അൽ ഷിബാനി പറഞ്ഞു. ചർച്ചകൾ അവസാനിച്ചെന്നും നിയമനിർമാണ, ഭരണ പ്രക്രിയകൾ പുരോഗമിക്കുകയാണെന്നും അംബാസഡറെ ഉദ്ധരിച്ച് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാരം ചെയ്യുന്ന പരമാവധി സാധനങ്ങളുടെ കസ്റ്റംസ് തീരുവ കുറക്കാനോ ഇല്ലാതാക്കാനോ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
നിർദിഷ്ട കരാർ ഊർജത്തിനപ്പുറം മറ്റ് സാധനങ്ങളിലേക്കുള്ള വ്യാപാരത്തിന്റെ വ്യാപ്തി ലളിതമാക്കുകയും വർധിപ്പിക്കുകയും ചെയ്യുമെന്ന് അൽ ഷിബാനി പറഞ്ഞു. ഒമാനിൽനിന്നുള്ള ഇന്ത്യയുടെ പ്രധാന ഇറക്കുമതി പെട്രോളിയം ഉൽപന്നങ്ങളും യൂറിയയുമാണ്. ഇറക്കുമതിയുടെ 70 ശതമാനത്തിലധികവും ഇവയാണ്. പ്രൊപിലീൻ, എഥിലീൻ പോളിമറുകൾ, പെറ്റ് കോക്ക്, ജിപ്സം, കെമിക്കൽസ്, ഇരുമ്പ്, സ്റ്റീൽ എന്നിവയാണ് മറ്റ് പ്രധാന ഉൽപന്നങ്ങൾ എന്ന് റിപ്പോർട്ട് പറയുന്നു. സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഉടൻ തന്നെ അത് അവസാനിക്കുമെന്നും സെപ്റ്റംബർ 19ന് ഇന്ത്യയുടെ വാണിജ്യമന്ത്രി പീയൂഷ് ഗോയലും പറഞ്ഞിരുന്നു.
കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ് എഗ്രിമെന്റ് (സി.ഇ.പി.എ) എന്ന് ഔദ്യോഗികമായി വിളിക്കുന്ന സ്വതന്ത്ര വ്യാപാര കരാർ ജനുവരിയിൽ യാഥാർഥ്യമായേക്കുമെന്ന് ഇന്ത്യൻ മാധ്യമങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള ചർച്ചകൾ 2023 നവംബറിലാണ് ഔദ്യോഗികമായി ആരംഭിക്കുന്നത്. കരാർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഔപചാരിക പ്രാരംഭ യോഗം നവംബർ 20ന് ചേർന്നു. തുടർന്ന് നവംബർ 27 മുതൽ 29 വരെ ന്യൂഡൽഹിയിൽ ആദ്യ റൗണ്ട് ചർച്ചകളും നടന്നു. ഡിസംബറിൽ രണ്ടാം റൗണ്ട് ചർച്ചകൾ മസ്കത്തിലും അരങ്ങേറി. പിന്നീട് വിവിധ ഘട്ടങ്ങളിലായി കൂടിയാലോചനകളും നടന്നു.
ഇറക്കുമതിക്കും കയറ്റുമതിക്കുമുള്ള തടസ്സങ്ങൾ കുറക്കുന്നതായിരിക്കും സ്വതന്ത്ര വ്യാപാര കരാർ. ഇറക്കുമതി തീരുവ ഒഴിവാക്കുന്നതോടെ ഇരുരാജ്യങ്ങളിലേക്കും കൂടുതൽ ഉൽപന്നങ്ങള് കയറ്റി അയക്കാനും വ്യാപാരം ശക്തിപ്പെടുത്താനും അവസരമൊരുങ്ങും. ഇന്ത്യയിൽനിന്ന് മോട്ടോര്‍ ഗ്യാസോലിന്‍, ഇരുമ്പ്, ഉരുക്ക് ഉല്പന്നങ്ങള്, ഇലക്ട്രോണിക്സ്, മെഷിനറി, തുണിത്തരങ്ങള്‍, പ്ലാസ്റ്റിക്, എല്ലില്ലാത്ത മാംസം, അവശ്യ എണ്ണകള്‍, മോട്ടോര്‍ കാറുകള്‍ എന്നിവയുടെ കയറ്റുമതി ഒമാനിലേക്ക് വര്‍ധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒമാനില്‍ ഈ സാധനങ്ങള്‍ക്ക് നിലവില്‍ അഞ്ച് ശതമാനം ഇറക്കുമതി തീരുവയാണ്. ഒമാനിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയുടെ 16.5 ശതമാനം (ഏതാണ്ട് 800 മില്യണ്‍ ഡോളര്‍) ഗോതമ്പ്, മരുന്നുകള്‍, ബസ്മതി അരി, ചായ, കാപ്പി, മത്സ്യം തുടങ്ങിയവയില്‍ നിന്നാണ്. ഈ ഇനങ്ങളെ നേരത്തേതന്നെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നതിനാല്‍ പുതിയ എഫ്.ടി.എ കരാറിലൂടെ ഈ ഉൽപന്നങ്ങള്ക്ക് അധിക നേട്ടമുണ്ടാകില്ല.
ജി.സി.സി രാജ്യങ്ങളിൽ ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി കേന്ദ്രമാണ് ഒമാൻ. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കാൻ സ്വതന്ത്ര വ്യാപാര കരാർ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജി.സി.സി മേഖലയിൽ യു.എ.ഇയുമായി 2022 മേയിൽ സമാനമായ രീതിയിൽ ഇന്ത്യ കരാറിലെത്തിയിട്ടുണ്ട്.
ഇന്ത്യയും ഒമാനും തമ്മിലുള്ള സാമ്പത്തിക, വാണിജ്യ ബന്ധങ്ങൾ ശക്തമായ നിലയിൽ മുന്നോട്ടുപോകുകയാണെന്ന് ഇന്ത്യൻ എംബസി വെബ്സൈറ്റിലെ വിശദാംശങ്ങൾ വ്യക്തമാക്കുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ ഉഭയകക്ഷി വ്യാപാരം 8.947 ശതകോടി യു.എസ് ഡോളറായിരുന്നെങ്കിൽ 2024-25 സാമ്പത്തിക വർഷത്തിൽ ഇത് 10.613 ശതകോടി യു.എസ് ഡോളറിലെത്തി.
ഒമാനിൽ 6000ത്തിലധികം ഇന്ത്യ-ഒമാൻ സംയുക്ത സംരംഭങ്ങളുണ്ട്. ഇവയുടെ നിക്ഷേപം ഏകദേശം 776 ശതകോടി യു.എസ് ഡോളറാണ്. ഇന്ത്യൻ കമ്പനികൾ ഒമാനിൽ പ്രത്യേകിച്ച് സുഹാർ, സലാല ഫ്രീ സോണുകളിൽ നിക്ഷേപകരാണ്. 2000 ഏപ്രിൽ മുതൽ 2025 മാർച്ച് വരെ ഒമാനിൽനിന്ന് ഇന്ത്യയിലേക്കുള്ള മൊത്തം എഫ്.ഡി.ഐ ഇക്വിറ്റി ഒഴുക്ക് 605.57 ദശലക്ഷം യു.എസ് ഡോളറാണ്.
2024-2025 സാമ്പത്തികവർഷത്തിൽ ഇന്ത്യയുടെ 28ാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഒമാൻ. മൊത്തം വ്യാപാരം 10.61 ശതകോടി യു.എസ് ഡോളറാണ്. അതേസമയം ഇന്ത്യ ഒമാന്റെ മൂന്നാമത്തെ വലിയ എണ്ണ ഇതര കയറ്റുമതി പങ്കാളിയും ഇറക്കുമതിയുടെ കാര്യത്തിൽ നാലാമത്തെ വലിയ രാജ്യവുമാണ്. ലൈറ്റ് ഓയിലുൾ, കൃത്രിമ കൊറണ്ടം ഒഴികെയുള്ള അലുമിനിയം ഓക്സൈഡ്, അരി, യന്ത്രങ്ങൾ, മെക്കാനിക്കൽ ഉപകരണങ്ങൾ, അവയുടെ ഭാഗങ്ങൾ, വിമാനങ്ങൾ, ബഹിരാകാശ പേടകങ്ങൾ, ഇലക്ട്രിക്കൽ യന്ത്രങ്ങളും ഉപകരണങ്ങളും അവയുടെ ഭാഗങ്ങളും, പ്ലാസ്റ്റിക്, അവയുമായി ബന്ധപ്പെട്ട വസ്തുക്കൾ, ഇരുമ്പ്, സ്റ്റീൽ, സെറാമിക് ഉൽപന്നങ്ങൾ മുതലായവയാണ് 2024 കലണ്ടർ വർഷത്തിൽ ഇന്ത്യ ഒമാനിലേക്ക് കയറ്റുമതി ചെയ്ത പ്രധാന ഇനങ്ങൾ.
പെട്രോളിയം ഓയിൽ അസംസ്കൃത വസ്തുക്കൾ, ദ്രവീകൃത പ്രകൃതിവാതകം, വളം ഗ്രേഡ് ഉൾപ്പെടെയുള്ള യൂറിയ, ജൈവ രാസവസ്തുക്കൾ, അൺ ഹൈഡ്രസ് അമോണിയ, സൾഫർ, കല്ല്, പ്ലാസ്റ്ററിങ് വസ്തുക്കൾ, കുമ്മായം തുടങ്ങിയവയാണ് ഒമാനിൽനിന്ന് ഇന്ത്യ ഇറക്കുമതി ചെയ്ത പ്രധാന ഇനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

