ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ
text_fieldsമസ്കത്ത്: ഇന്ത്യയും ഒമാനും തമ്മിൽ ഒപ്പുവെച്ച തന്ത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (സെപ- സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ) ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. കഴിഞ്ഞ ഡിസംബർ 18ന് മസ്കത്തിൽവെച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെയും സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പുവെച്ചത്. ഇരുഭാഗത്തെയും ആഭ്യന്തര ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ നടപ്പാകുന്നതെന്ന് ഇന്ത്യൻ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയും ഒമാനും തമ്മിലെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ വഴി ടെക്സ്റ്റൈൽസ്, ലെതർ, പ്ലാസ്റ്റിക്, സമുദ്രോൽപന്നങ്ങൾ, ഓട്ടോമൊബൈൽ, കായിക വിനോദ സാമഗ്രികൾ, കാർഷിക ഉൽപന്നങ്ങൾ തുടങ്ങിയ മേഖലകളിലെ ഇന്ത്യൻ കയറ്റുമതിക്കാർക്ക് ഒമാൻ വിപണിയിൽ പ്രത്യേക നികുതി ഇളവുകളോടെ വലിയ മുൻഗണന ലഭിക്കുമെന്ന് മന്ത്രി മന്ത്രി പീയൂഷ് ഗോയൽ വ്യക്തമാക്കി.
കരാർ നിലവിൽ വന്നതിന്റെ ഭാഗമായി മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള കാർഷിക ഉൽപന്നങ്ങളും സ്വർണ-രത്ന ആഭരണങ്ങളും അടങ്ങുന്ന ആദ്യ ആദ്യ 10 ബാച്ച് ചരക്കുകൾ പ്രത്യേക നികുതിയിളവുകളോടെ ഇന്ത്യയിൽനിന്ന് കപ്പലിൽ ഒമാനിലേക്ക് പുറപ്പെട്ടു. ഗൾഫ് മേഖലയിൽ ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഒമാൻ.
ഒമാന്റെ അത്യാധുനിക തുറമുഖ സംവിധാനങ്ങൾ വഴി മറ്റ് ജി.സി.സി രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ തന്ത്രപ്രധാനമായ പ്രവേശന കവാടമായി ഈ കരാർ മാറും. 2024-25 സാമ്പത്തിക വർഷത്തിൽ 10.61 ബില്യൺ ഡോളറായിരുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2025-26 സാമ്പത്തിക വർഷത്തിൽ 11.18 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലെ സാമ്പത്തിക- വാണിജ്യ സഹകരണത്തിലെ ചരിത്ര സന്ദർഭമായാണ് സെപ എന്ന ചുരുക്കപേരിലറിയപ്പെടുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയും ഒമാനും തമ്മിലെ വ്യാപാരവും നിക്ഷേപവും വർധിപ്പിക്കുകയും ദീർഘകാല പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ് കരാർ. ഇന്ത്യയിൽനിന്ന് ഒമാനിലേക്ക് കയറ്റുമതി ചെയ്യുന്ന ഭൂരിഭാഗം ഉൽപന്നങ്ങൾക്കും കസ്റ്റംസ് തീരുവ പൂർണമായും ഒഴിവാകുകയോ ഗണ്യമായി കുറയുകയോ ചെയ്യുമെന്നതാണ് കരാറിന്റെ നേട്ടം. സേവന മേഖലയിലെ വ്യാപാരം എളുപ്പമാക്കാനും ഇരു രാജ്യങ്ങളിലും നിക്ഷേപം ആകർഷിക്കാനും കരാർ വഴിവെക്കും.
പോളിഥിലീൻ, യൂറിയ, ജിപ്സം, ഇഥിലീൻ ഉൾപ്പെടെയുള്ള ഓയിൽ ഇതര കയറ്റുമതികളിലാണ് ഇന്ത്യയുമായുള്ള ഒമാന്റെ വ്യാപാരം പ്രധാനമായും നടക്കുന്നത്. കരാറിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ വിപണിയിലേക്കുള്ള ഒമാനിന്റെ കയറ്റുമതിക്ക് കൂടുതൽ അവസരങ്ങൾ തുറക്കും. 16 പ്രധാന അധ്യായങ്ങളും സാങ്കേതിക അനുബന്ധങ്ങളും ഉൾക്കൊള്ളുന്നതാണ് കരാർ.
ചരക്കുകളും സേവനങ്ങളുമായുള്ള വ്യാപാരം, കസ്റ്റംസ് തീരുവ കുറവ്, ഇറക്കുമതി–കയറ്റുമതി നടപടികൾ, വ്യാപാര സൗകര്യവത്കരണം, ബൗദ്ധിക സ്വത്തവകാശം, ചെറുകിട–ഇടത്തരം സംരംഭങ്ങൾ, സാമ്പത്തിക–സാങ്കേതിക സഹകരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. കരാർ സംബന്ധിച്ച ഔപചാരിക ചർച്ചകൾ 2023 നവംബറിൽ ആരംഭിച്ചിരുന്നെങ്കിലും കഴിഞ്ഞ ഡിസംബറിലാണ് അന്തിമ രൂപമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

