ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ; 21ാം നൂറ്റാണ്ടിന്റെ ബ്ലൂപ്രിന്റ് -മോദി
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദി മസ്കത്തിൽ നടന്ന ഇന്ത്യ-ഒമാൻ ബിസിനസ് ഉച്ചകോടിയിൽ പങ്കെടുക്കനെത്തുന്നു
1: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും മസ്കത്തിലെ അൽ ബറക കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ
2. മസ്കത്തിലെ അൽ ബറക കൊട്ടാരത്തിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഹസ്തദാനം ചെയ്യുന്നു
മസ്കത്ത്: ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സി.ഇ.പി.എ) 21ാം നൂറ്റാണ്ടിന്റെ ‘ബ്ലൂപ്രിന്റ്’ ആണെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മസ്കത്തിൽ നടന്ന ഇന്ത്യ-ഒമാൻ ബിസിനസ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങളുടെയും ദീർഘകാല സൗഹൃദത്തിന്റെയും സംയുക്ത ഭാവിയുടെയും സാക്ഷ്യപത്രമാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറെന്നും മോദി വിശേഷിപ്പിച്ചു.വ്യാപാര തീരുവകൾ കുറക്കുകയും വിപണിപ്രവേശനം വികസിപ്പിക്കുകയും വിവിധ മേഖലകളിലായി നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വ്യാപകമായ കരാറായ സി.ഇ.പി.എ അടുത്ത പതിറ്റാണ്ടുകളിലേക്കുള്ള ഇന്ത്യ-ഒമാൻ സാമ്പത്തിക സഹകരണം മാറ്റിമറിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പെട്രോളിയം, അരി, യന്ത്രസാധനങ്ങൾ, ഔഷധങ്ങൾ തുടങ്ങി ഇന്ത്യൻ ഉൽപന്നങ്ങൾക്ക് പുതിയ വിപണി വാതിലുകൾ തുറക്കാനും കരാർ ലക്ഷ്യമിടുന്നതായും മോദി പറഞ്ഞു.
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ 21ാം നൂറ്റാണ്ടിൽ പുതുവിശ്വാസവും പുതുശക്തിയും പകരുമെന്നും നിക്ഷേപങ്ങൾക്ക് ആത്മവിശ്വാസം നൽകുകയും എല്ലാ മേഖലകളിലും പുതിയ അവസരങ്ങൾ തുറക്കുകയും ചെയ്യുമെന്നും മോദി പറഞ്ഞു. ഇരുരാജ്യങ്ങളുടെയും ദീർഘകാല സമൃദ്ധിക്ക് കരാർ തന്ത്രപ്രധാനമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
നൂറ്റാണ്ടുകളായി നിലനിൽക്കുന്ന സമുദ്രവ്യാപാരവും സാംസ്കാരിക ഇടപെടലുകളും അടിസ്ഥാനമായുള്ളതാണ് ഇന്ത്യ-ഒമാൻ ബന്ധമെന്ന് മോദി പറഞ്ഞു. വിശ്വാസത്തിന്റെ അടിത്തറയിൽ പിറന്ന ബന്ധം സൗഹൃദത്തിന്റെ കരുത്തിൽ മുന്നേറിയതായും കാലക്രമേണ കൂടുതൽ ആഴം നേടിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. നയതന്ത്ര ബന്ധങ്ങൾ 70ാം വർഷത്തിലേക്ക് കടക്കുന്നതും അദ്ദേഹം ഓർമിപ്പിച്ചു.
അറബിക്കടൽ ഇന്ത്യക്കും ഒമാനും ഇടയിൽ ‘ദൃഢമായൊരു പാലം’ ആണെന്ന് വിശേഷിപ്പിച്ച മോദി, കടലിലെ തരംഗങ്ങളും കാലാവസ്ഥയും മാറിയാലും ഇന്ത്യ-ഒമാൻ സൗഹൃദം ഓരോ സീസണിലും കൂടുതൽ ശക്തമാകുന്നുവെന്ന് പറഞ്ഞു. തീരുവ ഒഴിവാക്കലുകൾ ഇന്ത്യൻ കയറ്റുമതിയെ ശക്തിപ്പെടുത്തുകയും ഒമാനിലെ ഊർജ-വ്യവസായ ഉൽപന്നങ്ങൾ ഇന്ത്യൻ വിപണിയിൽ കൂടുതൽ മത്സരക്ഷമമായി പ്രവേശിക്കാനും സഹായിക്കുമെന്ന് ഉച്ചകോടിയിൽ സംസാരിച്ച വ്യാപാര വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ സാമ്പത്തികവർഷം നാഫ്ത, പെട്രോൾ, യന്ത്രസാധനങ്ങൾ എന്നിവയായിരുന്നു ഒമാനിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ മുൻനിരയിൽ. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറോടെ ഇത് കൂടുതൽ വർധിക്കുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

