ഇന്ത്യ-ഒമാൻ ബ്ലൈൻഡ് ഫൈവ് സൈഡ് ഫുട്ബാൾ: അകക്കണ്ണിെൻറ വെളിച്ചത്തിൽ പോരാട്ട വീര്യം
text_fieldsസുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന ഇന്ത്യ-ഒമാൻ ബ്ലൈൻഡ് ഫൈവ് സൈഡ് ഫുട്ബാൾ മത്സരത്തിൽനിന്ന്
മസ്കത്ത്: രാജ്യത്തിെൻറ 51ാമത് ദേശീയ ദിനത്തിെൻറ ഭാഗമായി ഇന്ത്യ-ഒമാൻ ബ്ലൈൻഡ് ഫൈവ് സൈഡ് ഫുട്ബാൾ സീരീസിന് സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ തുടക്കമായി. പരമ്പരയിൽ രണ്ട് മത്സരങ്ങളാണുള്ളത്. ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഒമാൻ ഇന്ത്യയെ പരാജയപ്പെടുത്തി. കളിയുടെ ആദ്യ പകുതിയിൽ ഒമാന് വേണ്ടി സയിദ് അൽ ഈദിയാണ് ഗോൾ നേടിയത്. ഇദ്ദേഹത്തെ മികച്ച കളിക്കാരനായും െതരഞ്ഞെടുത്തു.
രണ്ടാംമത്സരം ശനിയാഴ്ച വൈകീട്ട് നാലിന് നടക്കും. ഉദ്ഘാടന പരിപാടിയിൽ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് മുഖ്യാതിഥിയായി. ഇന്ത്യൻ ദേശീയ ടീമിനെ നയിക്കുന്നത് കിങ്സോൺ ഡി മാർകാണ്.
മലയാളികളായ സുനിൽ ജെ. മാത്യു ടീമിെൻറ കോച്ചും എം.സി. റോയ് മാനേജറുമാണ്. ഒമാൻ ദേശീയ ദിനത്തിെൻറ ഭാഗമായി കളിക്കാൻ വന്നതിൽ ഏറെ സന്തോഷമുണ്ടെന്നും മികച്ച രീതിയിൽ കളിച്ചെങ്കിലും വിജയിക്കാൻ സാധിക്കാത്തതിൽ നിരാശയുണ്ടെന്നും കോച്ച് സുനിൽ ജെ. മാത്യു പറഞ്ഞു.
അടുത്ത മത്സരത്തിൽ തീർച്ചയായും ജയിക്കുമെന്നും ടീമിന് പ്രോത്സാഹനം നൽകാൻ എല്ലാവരും സ്റ്റേഡിയത്തിൽ എത്തണമെന്നും മാനേജർ എം.സി. റോയ് പറഞ്ഞു.