ഇന്ത്യയും ഒമാനും പ്രതിരോധ വ്യവസായ സഹകരണം ശക്തിപ്പെടുത്തും
text_fieldsസംയുക്ത സൈനിക സഹകരണ സമിതി യോഗത്തിന്റെ ഭാഗമായി ഇന്ത്യ-ഒമാൻ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയപ്പോൾ
മസ്കത്ത്: ഒമാൻ -ഇന്ത്യ പ്രതിരോധ മന്ത്രാലയങ്ങളുടെ സംയുക്ത സൈനിക സഹകരണ സമിതിയുടെ (ജെ.എം.സി.സി) പതിമൂന്നാം യോഗം ന്യൂഡൽഹിയിൽ നടന്നു. ഇന്ത്യൻ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്, ഒമാൻ പ്രതിരോധ മന്ത്രാലയ സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ നസീർ ബിൻ അലി അൽ സആബീ എന്നിവർ യോഗം നയിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ നിലവിലുള്ള പ്രതിരോധ സഹകരണ പദ്ധതികളെ യോഗം വിലയിരുത്തി. ഇന്ത്യൻ സമുദ്ര പ്രദേശത്തെ സുരക്ഷാ സാഹചര്യങ്ങൾ ഉൾപ്പെടെ പ്രാദേശിക -അന്തർദേശീയ പ്രതിരോധ സാഹചര്യങ്ങളെ കുറിച്ചും വിലയിരുത്തി.
ഇന്ത്യയും ഒമാനും തമ്മിൽ പ്രതിരോധ മേഖലയിലെ വ്യാവസായിക സഹകരണം ശക്തിപ്പെടുത്തുകയാണ് ചർച്ചകളുടെ പ്രധാന ലക്ഷ്യം. ദീർഘകാല രാഷ്ട്രീയ ബന്ധം, പ്രതിരോധ സഹകരണം, ഭീകരതക്കെതിരായ ഏകോപനം, സമുദ്രസുരക്ഷ, ഊർജ വ്യാപാരം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയും ഒമാനും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തമായി നിലനിൽക്കുന്നത്. യുദ്ധോപകരണങ്ങളുടെ സംയുക്ത വികസനം, സാങ്കേതിക സഹകരണം, ഉൽപാദന പങ്കാളിത്തം എന്നിവയുമായി ബന്ധപ്പെട്ട് വികസനത്തിനായുള്ള പ്രതിബദ്ധത ചർച്ചയിൽ ഇരു രാജ്യവും പ്രകടിപ്പിച്ചു. പ്രതിരോധ വിതരണ ശൃംഖലകളുടെ പ്രതിരോധശേഷി വർധിപ്പിക്കൽ, പുതുമുഖ സാങ്കേതിക വിദ്യകളിൽ പിന്തുണ നൽകൽ എന്നിവയും യോഗം ചർച്ച ചെയ്തു.
ദീർഘകാല പ്രതിരോധ വ്യവസായ സഹകരണത്തിനുള്ള അടിസ്ഥാന രേഖകൾ രൂപപ്പെടുത്തുക, ആഭ്യന്തര നിർമാണ ശേഷിയെ കൂടുതൽ ശക്തിപ്പെടുത്തുക, സാങ്കേതിക പ്രതിരോധശേഷി വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾക്കായാണ് ചർച്ചകൾ നടന്നതെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ‘ഇന്ത്യയും ഒമാനും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തമായി തുടർന്നുവരുന്നതായി യോഗത്തിൽ വിലയിരുത്തിയതായും പ്രത്യേകിച്ച് ഇന്ത്യൻ സമുദ്ര മേഖലയിൽ രൂപപ്പെട്ടുവരുന്ന സുരക്ഷ വെല്ലുവിളികളെ കുറിച്ചും ഇരു രാജ്യങ്ങളും നിലപാട് പങ്കുവെച്ചതായും ഇന്ത്യൻ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ് എക്സിൽ കുറിച്ചു.
പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറൽ സഞ്ജയ് സേത്തിനെ ഒമാൻ പ്രതിനിധി അൽ സആബീ സന്ദർശിച്ചു. തുടർന്ന്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാനുമായി കൂടിക്കാഴ്ച നടത്തി. സൈനിക ലോജിസ്റ്റിക്‌സ് കോംപ്ലക്സ് എന്ന നിർദിഷ്ട സംയുക്ത പദ്ധതിയിലെ പുരോഗതി വിലയിരുത്തുകയും കപ്പൽ നിർമാണം, മെയിൻറനൻസ്, സൈനിക പരിശീലനം എന്നിവയിൽ കൂടുതൽ സഹകരണം വികസിപ്പിക്കാനുള്ള സാധ്യതകൾ ചർച്ചചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

