ഇന്ത്യയും ഒമാനും നാല് ധാരണപത്രങ്ങളിൽ ഒപ്പുവെച്ചു
text_fieldsബുധനാഴ്ച രാത്രി ഒമാൻ പ്രതിനിധി സംഘവുമായി ഇന്ത്യൻ വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ നടത്തിയ കൂടിക്കാഴ്ചയിൽനിന്ന്
മസ്കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനത്തിനിടെ, ഒമാനും ഇന്ത്യയും തമ്മിൽ സംയുക്ത മാരിടൈം വിഷൻ രേഖയിലും ഉദ്യോഗസ്ഥ തല സഹകരണ പദ്ധതിയിലും നാല് ധാരണപത്രങ്ങളിലും ഒപ്പുവെച്ചു. ബുധനാഴ്ച രാത്രി മസ്കത്തിൽ നടന്ന ഔദ്യോഗിക ചടങ്ങിലാണ് ഒപ്പുവെച്ചത്. സംയുക്ത മാരിടൈം വിഷൻ രേഖ ഇന്ത്യയുടെയും ഒമാന്റെയും കടൽമേഖലയിലെ സുരക്ഷയടക്കമുള്ള വിഷയങ്ങൾ ഉൾക്കൊള്ളുന്നതാണ്. ചെറുധാന്യങ്ങളടെ (മില്ലറ്റ് ) കൃഷിയുമായും ഭക്ഷ്യ-കാർഷിക വ്യവസായങ്ങളിലെ നവീകരണവുമായും ബന്ധപ്പെട്ട പദ്ധതിയിൽ ഉദ്യോഗസ്ഥ തലത്തിൽ പരസ്പര സഹകരണത്തിനും കരാറായിട്ടുണ്ട്.
കൂടാതെ സമുദ്ര പൈതൃകവും മ്യൂസിയങ്ങളും ശാസ്ത്രീയ ഗവേഷണം-നവീകരണം-നൈപുണ്യ വികസനം, കൃഷിയും അനുബന്ധ മേഖലകളും എന്നീ വിഷയങ്ങളിൽ മൂന്ന് ധാരണപത്രങ്ങളും ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും (ഒ.സി.സിഐ) കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും (സി.ഐ.ഐ) തമ്മിലുള്ള മറ്റൊരു ധാരണപത്രവും ഒപ്പുവച്ചു.
ഒമാൻ സർക്കാറിനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, ഇന്ത്യയിലെ ഒമാൻ അംബാസഡർ ഈസ ബിൻ സാലിഹ് അൽ ഷിബാനി, ഒ.സി.സി.ഐ സി.ഇ.ഒ സക്കരിയ ബിൻ അബ്ദുല്ല അൽ സാദി എന്നിവർ ഒപ്പുവച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ, വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ, ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ്, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ) ഡയറക്ടർ ജനറൽ ചന്ദ്രജിത് ബാനർജി എന്നിവർ പങ്കെടുത്തു.
സി.ഐ.ഐയുമായുള്ള ധാരണപത്രം വിവിധ സാമ്പത്തിക മേഖലകളിലെ സംയുക്ത സഹകരണം ശക്തിപ്പെടുത്തുന്നതിനാണെന്ന് ഒ.സി.സി.ഐ സി.ഇ.ഒ സക്കരിയ അൽ സാദി വ്യക്തമാക്കി. ഇരുരാജ്യങ്ങൾക്കിടയിൽ സംയുക്ത വ്യാപാര പ്രതിനിധി സംഘങ്ങളുടെ കൈമാറ്റം, നിക്ഷേപസാധ്യതകളുള്ള പ്രത്യേക മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ, ഇന്ത്യയിൽ നിന്നുള്ള നിക്ഷേപകരെ ഒമാനിലേക്ക് ആകർഷിക്കൽ തുടങ്ങിയ നടപടികൾ അടുത്ത ഘട്ടത്തിൽ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വിപണിയിൽ ഒമാനി കമ്പനികളുടെ ഉൽപന്നങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി പരിപാടികളും പ്രദർശനങ്ങളും സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒ.സി.സി.ഐയുമായുള്ള ധാരണപത്രം ഒമാനും ഇന്ത്യയും തമ്മിലുള്ള നിക്ഷേപ, വ്യാപാര, സാമ്പത്തിക സഹകരണങ്ങളെ കൂടുതൽ വിപുലപ്പെടുത്താൻ സഹായകമാകുമെന്ന് ചന്ദ്രജിത് ബാനർജി പറഞ്ഞു. വിദ്യാഭ്യാസം, സാങ്കേതികവിദ്യ, വ്യവസായം, അടിസ്ഥാന സൗകര്യങ്ങൾ, സേവന മേഖല, ടൂറിസം തുടങ്ങിയ മേഖലകളിൽ വൻ സാധ്യതകളുണ്ടെന്നും ഒ.സി.സി.ഐയുമായി കൂടുതൽ സഹകരണം ലക്ഷ്യമിടുന്നതായും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

