മസ്കത്ത് ഇന്ത്യൻ സ്കൂളുകളിൽ സ്വാതന്ത്ര്യദിനാഘോഷം
text_fieldsമസ്കത്ത് ഇന്ത്യൻ സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം
മസ്കത്ത്: ഇന്ത്യൻ സ്കൂൾ മസ്കത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ 79ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അഭിമാനവും ദേശസ്നേഹവും ഉണർത്തുന്നതിനായി ഊർജസ്വലവും ദേശീയവുമായ നിറങ്ങളാൽ അലങ്കരിച്ച സ്കൂൾ ഗ്രൗണ്ടിലായിരുന്നു പരിപാടി.
ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ്, ഒമാനിലെ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ സയ്യിദ് അഹമ്മദ് സൽമാൻ, നീലം ഗോദവർത്തി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഡയറക്ടർ ബോർഡിലെ വിശിഷ്ട ഡയറക്ടർമാർ, പ്രസിഡന്റ് ഡോ. ജി.ആർ. കിരൺ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ രാകേഷ് ജോഷി, സീനിയർ വൈസ് പ്രിൻസിപ്പൽ അഡ്മിനിസ്ട്രേഷൻ, വൈസ് പ്രിൻസിപ്പൽമാർ, അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പൽമാർ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സീനിയർ വിഭാഗം ഹെഡ് ബോയ് ആര്യൻ കിഷോർ ബദ്ഗുജാർ സ്വാഗതം ആശംസിച്ചു. തുടർന്ന് മുഖ്യാതിഥി മാർച്ച് പാസ്റ്റ് പരിശോധിച്ചു. ഹർഷ് ശർമ നയിച്ച കെയർ ആൻഡ് സ്പെഷൽ എജുക്കേഷൻ (സി.എസ്.ഇ) വിദ്യാർഥികളുടെ മാർച്ച് പാസ്റ്റ് വേറിട്ട അനുഭവമായി.
ആര്യൻ കിഷോർ നയിക്കുന്ന മസ്കത്ത് ഇന്ത്യൻ സ്കൂൾ കൗൺസിൽ, സാത്വിക് കുമാർ നയിക്കുന്ന ഗൂബ്ര ഇന്ത്യൻ സ്കൂൾ, ഇല്യാസിന്റെ നേതൃത്വത്തിൽ മബേല ഇന്ത്യൻ സ്കൂൾ, ശ്രീവിശ്വ ഭാരത് നയിക്കുന്ന സീബ് ഇന്ത്യൻ സ്കൂൾ, അനഘ പ്രസാദ് നയിക്കുന്ന വാദി അൽ കബീർ ഇന്ത്യൻ സ്കൂൾ, ബെസ്റ്റിൻ ബാബു നയിക്കുന്ന ഇന്ത്യൻ സ്കൂൾ ബൗഷർ, അഭിഷേക് ദീബാൻ നയിക്കുന്ന ദർസൈത്ത് ഇന്ത്യൻ സ്കൂൾ, ക്യാപ്റ്റൻ എവ്ലിയ അച്ചസ അനീഷിന്റെ നേതൃത്വത്തിലുള്ള മസ്കത്ത് ഇന്ത്യൻ സ്കൂൾ തുടങ്ങിയവരും മാർച്ചിൽ പങ്കാളികളായി. ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയുള്ള രാഷ്ട്രത്തിന്റെ ദർശനം ഉയർത്തിക്കാട്ടുന്ന രാഷ്ട്രപതിയുടെ സന്ദേശത്തിലെ ചില ഭാഗങ്ങൾ മുഖ്യാതിഥി വായിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെ ചിത്രീകരിക്കുന്ന, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ യോദ്ധാക്കൾക്ക് ആദരാഞ്ജലി അർപ്പിക്കുന്ന പരിപാടിയും നടന്നു.
ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വത്തെ പ്രകീർത്തിച്ചുകൊണ്ട് ഹിമാലയം മുതൽ തീരദേശതീരങ്ങൾ വരെയുള്ള രാജ്യത്തിന്റെ ധൈര്യം, കാരുണ്യം, ഭൂമിയോടുള്ള അചഞ്ചലമായ സ്നേഹം എന്നിവ ഉയർത്തിക്കാട്ടുന്ന ദേശഭക്തി ഗാനാലാപനവും ചടങ്ങിന് മാറ്റുകൂട്ടി. ‘മേരാ ഭാരത് മഹാൻ’ എന്ന പേരിൽ നൃത്തപരിപാടിയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

