സ്വാതന്ത്ര്യദിനാഘോഷ നിറവിൽ പ്രവാസം
text_fieldsമസ്കത്ത് ഇന്ത്യൻ എംബസിയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ അംബാസഡർ അമിത് നാരംഗ് സംസാരിക്കുന്നു
മസ്കത്ത് എംബസിയിൽ അംബാസഡർ പതാക ഉയർത്തി
മസ്കത്ത്: ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യദിന ആഘോഷം ഒമാനിലും വിപുലമായ രീതിയിൽ ആഘോഷിച്ചു. മസ്കത്ത് ഇന്ത്യൻ എംബസിയിൽ നടന്ന ആഘോഷ ചടങ്ങിൽ അംബാസഡർ അമിത് നാരംഗ് പതാക ഉയർത്തി. ചടങ്ങിൽ ഇന്ത്യൻ സ്കൂൾ സീബിലെ വിദ്യാർഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.
മസ്കത്ത് ഇന്ത്യൻ എംബസിയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ദേശീയ പതാക ഉയർത്തുന്ന അംബാസഡർ അമിത് നാരംഗ്
തുടർന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം അംബാസഡർ വായിച്ചു കേൾപ്പിച്ചു. ഇന്ത്യയുടെ സമാധാനത്തിന്റെയും വികസനത്തിന്റെയും കാഴ്ചപ്പാടുകൾക്ക് അനുസരിച്ച് വളർച്ചയുടെ മഹത്തായ യാത്രയിൽ എല്ലാവരും ഭാഗഭാക്കാകണമെന്ന് അംബാസഡർ ആഹ്വാനം ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ച ‘മിഷൻ ലൈഫ്’ പദ്ധതിയെ അദ്ദേഹം സദസ്സിന് പരിചയപ്പെടുത്തുകയും ചെയ്തു. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും ഒമാനി പ്രമുഖരും വിവിധ തുറകളിലെ പ്രവാസികളും ചടങ്ങിൽ പങ്കെടുത്തു. രാത്രിയിൽ എംബസി കെട്ടിടം ത്രിവർണ വിളക്കുകളാൽ അലങ്കരിച്ചിരുന്നു.
ഇന്ത്യൻ സ്കൂൾ അൽ ഗുബ്ര
മസ്കത്ത്: ഇന്ത്യൻ സ്കൂൾ അൽ ഗുബ്രയിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് മുഖ്യാതിഥിയായിരുന്നു. ദേശീയ ഗാനാലാപനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് സദസ്സിനോട് സംസാരിച്ച അംബാസഡർ, ഇന്ത്യയുടെ മുന്നേറ്റത്തെയും വളർച്ചയെയും കുറിച്ച് വിശദീകരിച്ചു.
ഇന്ത്യൻ സ്കൂൾ അൽ ഗുബ്രയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ അംബാസഡർ അമിത് നാരംഗ് സംസാരിക്കുന്നു
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് അഹ്മ്മദ് റഈസ്, ഇന്ത്യൻ സ്കൂൾസ് ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം എന്നിവർ ചേർന്ന് അംബാസഡറെ ആദരിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ പരിപാടികളും അരങ്ങേറി. ദിവ്യ നാരംഗ്, എം.പി. വിനോഭ, ഡോ. അലക്സ് സി. ജോസഫ് തുടങ്ങിയവരും എംബസി, ഇന്ത്യൻ സ്കൂൾസ് ഡയറക്ടർ ബോർഡ് അംഗങ്ങളും സംബന്ധിച്ചു.
ഇന്ത്യൻ സ്കൂൾ മബേല
മസ്കത്ത്: ഇന്ത്യൻ സ്കൂൾ മബേലയിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ദേശീയ ഗാനാലാപനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. മഹാലക്ഷ്മി രാംഗോപാൽ മുഖ്യാതിഥിയായിരുന്നു.
വിദ്യാഭ്യാസത്തിൽ വ്യക്തമായ കാഴ്ചപ്പാടോടെ യുവജനങ്ങൾ മുന്നോട്ടുപോകണമെന്ന് മുഖ്യാതിഥി സന്ദേശത്തിൽ പറഞ്ഞു. തുടർന്ന് സംസാരിച്ച പ്രിൻസിപ്പൽ പി. പ്രഭാകരൻ സ്വാതന്ത്ര്യദിന ആശംസ അറിയിക്കുകയും ദേശീയ വിദ്യാഭ്യാസ നയത്തിന്റെ സവിശേഷതകൾ സംബന്ധിച്ച് വിശദീകരിക്കുകയും ചെയ്തു.
ഇന്ത്യൻ സ്കൂൾ മബേലയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങ്
ഗേൾസ് മിഡ്ൽ സ്കൂൾ മേധാവി ആയുഷി മായുർ സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തെക്കുറിച്ച് വിദ്യാർഥികളോട് സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. ചടങ്ങിനോടനുബന്ധിച്ച് പുതുതായി നിർമാണം പൂർത്തിയാക്കിയ കിന്റർഗാർട്ടൻ ബ്ലോക്കിന്റെയും ക്ലാസുകളുടെയും ഉദ്ഘാടനവും നടന്നു.
ഇന്ത്യൻ സ്കൂൾ സൂർ
മസ്കത്ത്: ഇന്ത്യൻ സ്കൂൾ സൂർ വർണാഭമായ രീതിയിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. സൂർ മുനിസിപ്പാലിറ്റി അസി. ഡയറക്ടർ ഹാരിസ് മുഹമ്മദ് അലി അൽ സുൽത്തി മുഖ്യാതിഥിയായിരുന്നു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ജാമി ശ്രീനിവാസ് റാവു, അംഗങ്ങളായ എ.വി പ്രദീപ് കുമാർ, നിഷ്രീൻ ബഷീർ, പ്രിൻസിപ്പൽ ഡോ. എസ്. ശ്രീനിവാസ് എന്നിവർ സംബന്ധിച്ചു. വിവിധ കലാപരിപാടികളും മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് പുരസ്കാര വിതരണവും നടന്നു.
ഇന്ത്യൻ സ്കൂൾ സൂർ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങ്
ഇബ്രി ഇന്ത്യൻ സ്കൂൾ
ഇബ്രി: ഇന്ത്യൻ സ്കൂൾ ഇബ്രിയിൽ 77ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വിപുലമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. പ്രാർഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ എസ്.എം.സി പ്രസിഡന്റ് നവീൻ വിജയകുമാർ മുഖ്യാതിഥിയായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ വി.എസ്. സുരേഷ് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സ്വാതന്ത്ര്യദിന സന്ദേശം വായിക്കുകയും സ്വാതന്ത്ര്യദിന ആശംസകൾ നേരുകയും ചെയ്തു.
ഇന്ത്യൻ സ്കൂൾ ഇബ്രിയിൽ നടന്ന 77ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം
ജമാൽ ഹസ്സൻ (കൺവീനർ എസ്.എം.സി), ഫസ്ലിൻ അനീഷ് മോൻ (അക്കാദമിക് ചെയർപേഴ്സൻ എസ്.എം.സി), നെഹ്റു ഗാലിഗോട്ടി (മുൻ എസ്.എം.സി അംഗം) തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വിദ്യാർഥികളുടെ മാർച്ച് പാസ്റ്റ്, ദേശഭക്തിഗാനം, നൃത്ത പരിപാടി, മധുര വിതരണം എന്നിവയും അരങ്ങേറി.
സ്കൂൾ ലിറ്റററി കോഓഡിനേറ്റർ ഷർലി ഗ്രേസ് സ്വാഗതവും സ്കൂൾ കൗൺസിൽ അംഗം സഞ്ജയ് നന്ദിയും പറഞ്ഞു. സയ്ന ഫാത്തിമ ചടങ്ങിൽ അവതാരകയായിരുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ വിപുലമായ രക്തദാന ക്യാമ്പും നടന്നു. ഇബ്രി ഗവ. ഹോസ്പിറ്റൽ, സ്കൂൾ അധികൃതർ, ഇന്ത്യൻ കമ്യൂണിറ്റി തുടങ്ങിയവരുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

