തൊഴിൽ പെർമിറ്റ് ഫീസ് വർധന: പ്രാദേശിക സമ്പദ്ഘടനയെ ദോഷകരമായി ബാധിക്കും
text_fieldsഎൻജിനീയർ റെദ അൽ സാലിഹ്
മസ്കത്ത്: വിദേശ തൊഴിലാളികളുടെ തൊഴിൽ പെർമിറ്റ് ഫീസ് വർധിപ്പിക്കാനുള്ള തീരുമാനം പ്രാദേശിക സമ്പദ്ഘടനയെ ദോഷകരമായി ബാധിക്കുമെന്ന് ഒമാൻ ചേംബർ ഒാഫ് കോമേഴ്സ് ഡയറക്ടർ ബോർഡ് ചെയർമാൻ എൻജിനീയർ റെദ ബിൻ ജുമാ അൽ സാലിഹ്. ബിസിനസ് ഉടമസ്ഥർക്ക് വലിയ നഷ്ടം വരുത്തുന്നതാണ് തീരുമാനം. ഇത് അന്തിമമായി സാധനങ്ങളുടെയും സേവനങ്ങളുടെയും വില ഉയരാനാണ് കാരണമാവുക. ഇത് ഉപഭോക്താക്കൾക്ക് പ്രയാസമുണ്ടാക്കുമെന്നും ചേംബർ പ്രസിഡൻറ് പ്രസ്താവനയിൽ അറിയിച്ചു. ചെലവുകൾ വർധിക്കുന്ന സാഹചര്യം പ്രാദേശിക വിപണികളിൽ നിന്ന് കമ്പനികൾ പ്രവർത്തനം മാറ്റുന്ന സാഹചര്യമുണ്ടാക്കാനും സാധ്യതയുണ്ട്.
തൊഴിലാളികളുടെ റിക്രൂട്ട്മെൻറ് ലൈസൻസ് സംബന്ധിച്ച നയങ്ങളിലും നടപടികളിലും വരുത്തിയ മാറ്റം സംബന്ധിച്ച് കൂടുതൽ പഠനം അനിവാര്യമാണ്. ഇതുവഴി സ്വകാര്യ മേഖലയുടെ വളർച്ചയും കാര്യക്ഷമതയും ഉറപ്പാക്കുന്ന രീതിയിൽ ചേംബറിന് തൊഴിൽ വിപണി ക്രമീകരിക്കാൻ സാധിക്കുമെന്നും ചെയർമാൻ പറഞ്ഞു.
അസാധാരണമായ സാമ്പത്തിക സാഹചര്യങ്ങളിലൂടെയാണ് എല്ലാവരും കടന്നുപോകുന്നത്. അടിസ്ഥാന സേവനങ്ങളുടെ സബ്സിഡികൾ ഒഴിവാക്കൽ, മൂല്യവർധിത നികുതി, എണ്ണവിലയിലെ ഇടിവ്, കോവിഡ് മഹാമാരി തുടങ്ങിയവയെ തുടർന്ന് വിവിധ മേഖലകളിലുണ്ടാകുന്ന ആഘാതങ്ങൾ തുടർന്നുവരുകയാണ്. നിലവിലെ സാഹചര്യത്തിൽ പ്രാദേശിക- വിദേശ നിക്ഷേപങ്ങൾ ആകർഷിക്കേണ്ടതുണ്ട്. ഇതിന് നിക്ഷേപം സംബന്ധിച്ച നിയമങ്ങളും നടപടികളും പുനരവലോകനം ചെയ്യുകയും ഒപ്പം നിക്ഷേപകർക്ക് ആനുകൂല്യങ്ങളും സൗകര്യങ്ങളും നൽകുകയും വേണം. ഇത് അടുത്ത ഘട്ടത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാനും ദേശീയ സമ്പദ്ഘടന മെച്ചപ്പെടാനും സഹായകരമാവുകയും ചെയ്യും. കൂടുതൽ യുവാക്കൾ ഒാരോ വർഷവും ബിരുദം നേടി പുറത്തുവരുന്നുണ്ട്. ഇവർക്കെല്ലാം അനുയോജ്യമായ തൊഴിലവസരങ്ങൾ പ്രധാനം ചെയ്യുന്ന വിധത്തിൽ സമ്പദ്ഘടന വളരേണ്ടതുണ്ടെന്നും ചേംബർ ചെയർമാെൻറ പ്രസ്താവനയിൽ പറയുന്നു. നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ അധികൃതർ കണക്കിലെടുക്കണമെന്ന് ചെയർമാൻ ആവശ്യപ്പെട്ടു. സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി തൊഴിൽ പെർമിറ്റ് വർധന അടുത്ത വർഷം അവസാനത്തേക്ക് മാറ്റിവെക്കണമെന്ന് ചെയർമാൻ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

