ജബൽ അഖ്ദറിൽ സന്ദർശകരുടെ എണ്ണത്തിൽ വർധന
text_fieldsജബൽ അഖ്ദറിൽനിന്നുള്ള ദൃശ്യം
മസ്കത്ത്: ദാഖിലിയ്യ ഗവർണറേറ്റിലെ ജബൽ അഖ്ദറിൽ കഴിഞ്ഞവർഷം സന്ദർശകരുടെ എണ്ണത്തിൽ 9.1 ശതമാനം വർധന രേഖപ്പെടുത്തി. 2025 ജനുവരി മുതൽ ഡിസംബർ വരെ ആകെ 2,22,151 സന്ദർശകർ എത്തിയതായി നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2024ൽ ഇതേ കാലയളവിൽ 2,03,629 സന്ദർശകരാണെത്തിയത്.
അതേസമയം, സന്ദർശകരിൽ സ്വദേശി പൗരന്മാരാണ് കൂടുതൽ. 82,142 ഒമാനി പൗരന്മാരാണ് കഴിഞ്ഞ വർഷം ജബൽ അഖ്ദർ സന്ദർശിച്ചത്. സൗദിയിൽനിന്ന് 14,957 പേരും, യു.എ.ഇയിൽനിന്ന് 1,588 പേരും, ബഹ്‌റൈനിൽനിന്ന് 699 പേരും കുവൈത്തിൽനിന്ന് 1,441 പേരും ഖത്തറിൽനിന്ന് 779 പേരും എത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. 9,902 പേരാണ് മറ്റു അറബ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ.
മിതമായ വേനൽക്കാല കാലാവസ്ഥയും തണുപ്പുള്ള ശീതകാലവും ജബൽ അഖ്ദറിനെ ഒമാനിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്ന ഘടകങ്ങളാണ്. നിരവധി ഹോട്ടലുകൾ, വിശ്രമ കേന്ദ്രങ്ങൾ, ടൂറിസ്റ്റ് ലോഡ്ജുകൾ എന്നിവയുടെ സാന്നിധ്യവും, വർഷം മുഴുവൻ സംഘടിപ്പിക്കുന്ന സാംസ്‌കാരിക-വിനോദ പരിപാടികളും സന്ദർശകരെ ആകർഷിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നന്നുണ്ട്.
ഇക്കോ ടൂറിസത്തിന്റെയും സാഹസിക ടൂറിസത്തിന്റെയും പ്രധാന കേന്ദ്രമായി കൂടി ജബൽ അഖ്ദർ പരിഗണിക്കപ്പെടുന്നു. താഴ്‌വര യാത്ര, ഗുഹാ പര്യവേക്ഷണം, മലകയറ്റം തുടങ്ങിയ സാഹസിക പ്രവർത്തനങ്ങൾക്ക് പുറമെ, ഒമാനി ഗ്രാമീണ ജീവിതവും സംസ്കാരവും അടുത്തറിയാനുള്ള അവസരങ്ങളും ഇവിടെ ഒരുക്കപ്പെടുന്നു. ഇതെല്ലാം ചേർന്നാണ് ജബൽ അഖ്ദറിനെ സമഗ്രമായ ഒരു ടൂറിസ്റ്റ് ഹബ്ബായി മാറ്റുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ജബൽ ശംസിൽ -0.8 ഡിഗ്രി സെൽഷ്യസ്
മസ്കത്ത്: അൽ ഹജർ മലനിരകളിലെ ജബൽ അഖ്ദറിലും ജബൽ ശംസിലും തണുത്ത കാലാവസ്ഥ തുടരുകയാണ്. പൊതുവെ സുൽത്താനേറ്റിലുടനീളം താപനില കുറഞ്ഞതും തുടർച്ചയായ നാല് അവധി ദിനങ്ങൾ ലഭിച്ചതും ജബൽ അഖ്ദറിലും ജബൽ ശംസിലുമടക്കം സന്ദർശകരുടെ തിരക്കേറാനിടയാക്കിയിട്ടുണ്ട്.
ഒമാനിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ജബൽ ശംസിൽ ഞായറാഴ്ചയിലെ രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. ഇവിടെ താപനില മൈനസ് 0.8 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നതായാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

