വിമാന യാത്രക്കാരുടെ എണ്ണത്തിൽ വർധന
text_fieldsമസ്കത്ത്: ഒമാനിലെ വിമാനത്താവളങ്ങളിൽ ഏപ്രിൽ മാസത്തിൽ യാത്രക്കാരുടെയും വിമാനങ്ങളുടെയും എണ്ണത്തിൽ ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തി. 2024 ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ഒമ്പതു ശതമാനത്തെ വർധനവാണ് യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. വിമാന സർവിസുകളുടെ എണ്ണത്തിൽ ആറു ശതമാനം വർധനയും രേഖപ്പെടുത്തി. ഒമാൻ എയർപോർട്സ് ആണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടത്. ഒമാൻ വിമാനത്താവളങ്ങളിലൂടെയുള്ള യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഫലമാണ് ഈ വളർച്ചയെന്ന് അധികൃതർ അറിയിച്ചു.
മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലും സലാല വിമാനത്താവളത്തിലുമാണ് പ്രധാനമായും ഈ മുന്നേറ്റം ദൃശ്യമാകുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം, ഏപ്രിൽ മാസത്തിൽ 1,163,163 യാത്രക്കാരാണ് ഒമാൻ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,066,942 ആയിരുന്നു. ഈ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചത് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളമാണ്. ഇവിടെ യാത്രക്കാരുടെ എണ്ണം 2024 ഏപ്രിലിലെ 947,449 ൽ നിന്ന് ഈ വർഷം ഏപ്രിലിൽ 1,039,208 ആയി ഉയർന്നു. ഇത് 9.7 ശതമാനത്തന്റെ വർധനയാണ് കാണിക്കുന്നത്.
സലാല വിമാനത്താവളവും മികച്ച വളർച്ച കൈവരിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിൽ 109,844 യാത്രക്കാരുണ്ടായിരുന്നത് ഈ വർഷം 118,390 ആയി ഉയർന്നു. ഇത് 7.8 ശതമാനം വർധനയാണ്. ഖരീഫ് സീസൺ അടുത്തു വരുന്നതിനാൽ ഇത് ടൂറിസം മേഖലക്ക് വലിയ പ്രതീക്ഷ നൽകുന്നു. ഈ സമയത്ത് ധാരാളം സന്ദർശകരാണ് ദോഫാർ ഗവർണറേറ്റിലെ മനോഹരമായ കാലാവസ്ഥ ആസ്വദിക്കാൻ എത്തുന്നത്. വരും മാസങ്ങളിലും യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ടൂറിസം പരിപാടികളും ഒമാന്റെ പ്രാധാന്യം ഉയർത്തുന്ന പ്രൊമോഷനൽ കാമ്പയിനുകളും ഇതിന് സഹായകമാകും.
യാത്ര നടപടികൾ എളുപ്പമാക്കുന്നതിനും, യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും, വാണിജ്യപരമായ നേട്ടങ്ങൾ വർധിപ്പിക്കുന്നതിനും, കൂടുതൽ അന്താരാഷ്ട്ര വിമാനക്കമ്പനികളെ ആകർഷിക്കുന്നതിനുമുള്ള പദ്ധതികൾ ഒമാൻ എയർപോർട്സ് ആരംഭിച്ചിട്ടുണ്ട്. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെയും സലാല വിമാനത്താവളത്തെയും ഒരു പ്രധാന യാത്ര കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

