കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് വർധന; സീസണൽ ടൂറിസത്തിനും തിരിച്ചടി
text_fieldsമൂന്നാറിന്റെ വശ്യമനോഹരമായ പ്രകൃതി ദൃശ്യം
സുഹാർ: മഴയും തണുപ്പും പച്ചപ്പും ആസ്വദിക്കാൻ കേരളത്തിലേക്ക് യാത്ര തിരിക്കാൻ ഒമാൻ സ്വദേശികൾക്ക് അനുകൂല സാഹചര്യമൊരുങ്ങിയിട്ടും, വിമാന ടിക്കറ്റ് നിരക്കിലെ വൻ വർധനവ് ടൂറിസ്റ്റുകൾക്ക് കടുത്ത തിരിച്ചടിയാകുന്നു. വിസാ നിരക്കിലും ഹോട്ടൽ പാക്കേജുകളിലും വൻ ഇളവുകൾ പ്രഖ്യാപിച്ചിട്ടും ഉയർന്ന യാത്രാച്ചെലവ് കാരണം ഒമാൻ ടൂറിസ്റ്റുകൾ കേരളത്തിലേക്ക് വരാൻ മടിക്കുകയാണെന്ന് ടൂറിസം മേഖലയിലുള്ളവർ വ്യക്തമാക്കുന്നു. ഇന്ത്യയിലേക്കുള്ള ഓൺലൈൻ ടൂറിസ്റ്റ് വിസയുടെ നിരക്ക് കേന്ദ്ര സർക്കാർ ഗണ്യമായി കുറച്ചിരുന്നു. മുൻപ് 13 ഒമാനി റിയാൽ ആയിരുന്ന വിസ നിരക്ക് ഇപ്പോൾഎട്ടു റിയാലാക്കിയാണ് ചുരുക്കിയത്. ഇതിനുപുറമെ, കേരളത്തിലെ ഹോട്ടൽ പാക്കേജുകളിലും ഈ സീസണിൽ വലിയ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഒരു കുടുംബത്തിന് ഏഴ് ദിവസത്തെ താമസം, കാഴ്ചകൾ കാണൽ, എയർപോർട്ട് യാത്ര, ഗൈഡ് സൗകര്യം എന്നിവയുൾപ്പെടെയുള്ള ത്രീ സ്റ്റാർ, ഫോർ സ്റ്റാർ പാക്കേജുകൾക്ക് 500 റിയാലോ അതിൽ കൂടുതലോ ആയിരുന്നു ഈടാക്കിയിരുന്നത്. എന്നാൽ നടപ്പ് സീസണിൽ ഇതേ പാക്കേജ് 300 റിയാലിലേക്ക് താഴ്ത്തിയിട്ടും ടൂറിസ്റ്റുകളെ ആകർഷിക്കാൻ കഴിയുന്നില്ല. വിസക്കും താമസത്തിനും പണം ലാഭിക്കാമെങ്കിലും, വിമാന ടിക്കറ്റിനായി ഭീമമായ തുക നൽകേണ്ടി വരുന്നത് യാത്രക്കാരുടെ ബജറ്റ് തെറ്റിക്കുകയാണ്. ഈ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ വിമാന കമ്പനികൾ നിരക്കിൽ ഇളവ് വരുത്താത്ത പക്ഷം, കേരളത്തിന് ഈ സീസണിലെ വലിയൊരു ടൂറിസം വരുമാനം നഷ്ടമാകുമെന്ന ആശങ്കയിലാണ് ഈ മേഖലയിലുള്ളവർ.
ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ കേരളത്തിലെ കുളിർമ കാലാവസ്ഥ ആസ്വദിക്കാൻ മുൻവർഷങ്ങളിൽ നിരവധി ഒമാൻ സ്വദേശികളാണ് കുടുംബസമേതം എത്തിയിരുന്നത്. എന്നാൽ, നിലവിൽ ഒമാനിൽ നിന്ന് കൊച്ചിയിലേക്ക് ഒരാൾക്ക് മടക്ക ടിക്കറ്റടക്കം 220 ഒമാനി റിയാലിന് മുകളിലാണ് വിമാനക്കൂലി ഈടാക്കുന്നത്. അഞ്ചുപേരുള്ള ഒരു സാധാരണ കുടുംബത്തിന് വിമാന ടിക്കറ്റിനായി മാത്രം ആയിരത്തിലധികം റിയാൽ (രണ്ട് ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ചെലവഴിക്കേണ്ടി വരുന്നു. കുട്ടികൾക്ക് വിമാന കമ്പനികൾ പ്രത്യേക ഇളവുകളൊന്നും നൽകാത്തതും കുടുംബങ്ങളുടെ യാത്രാ ബജറ്റ് പൂർണമായും തെറ്റിക്കുകയാണ്. എന്നാൽ വിസയിലും ഹോട്ടലിലും ലാഭിക്കുന്ന തുകയേക്കാൾ എത്രയോ ഇരട്ടിയാണ് വിമാന ടിക്കറ്റിനായി അധികം നൽകേണ്ടി വരുന്നത്.
സാധാരണയായി ഒമാനിൽ നിന്നുള്ള സഞ്ചാരികൾ ആയുർവേദ ചികിത്സ, മെഡിക്കൽ ടൂറിസം, പ്രകൃതിഭംഗി ആസ്വദിക്കൽ, കുടുംബസമേതമുള്ള അവധിയാഘോഷം എന്നിവയ്ക്കാണ് കേരളത്തെ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ സീസണുകളിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങൾ വഴി ലക്ഷക്കണക്കിന് ഒമാൻ സ്വദേശികളാണ് മൂന്നാർ, വാഗമൺ, തേക്കടി, കുമളി, പാലക്കാട്, അതിരപ്പിള്ളി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തിയത്.
ചികിത്സക്കു വേണ്ടി ഒമാൻ സ്വദേശികൾ ഇറാനിലേക്ക് പോകുമെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ആ രാജ്യത്തിലേക്ക് യാത്ര ചെയ്യുന്നില്ല. കേരളത്തിലേക്ക് പോകുന്നതിനേക്കാൾ കുറഞ്ഞ ചെലവിൽ മറ്റ് ചില വിദേശ രാജ്യങ്ങളിലേക്ക് ജോർജിയ, വിയറ്റ്‌നാം, അസർബൈജാൻ, അല്ലെങ്കിൽ മറ്റ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങ എന്നിവിടങ്ങളിലേക്ക് പോകാൻ പാക്കേജുകൾ ലഭ്യമാണ്. കേരളത്തിന്റെ ടൂറിസം വരുമാനത്തിൽ വലിയ പങ്കുവഹിക്കുന്ന ഒമാൻ സ്വദേശികളെ തിരികെ എത്തിക്കാൻ വിമാന കമ്പനികൾ നിരക്കിൽ അടിയന്തരമായി ഇളവ് വരുത്തണമെന്നാണ് ടൂറിസം മേഖലയിലുള്ളവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

