ഒമാനില്‍ 2018ഓടെ മൂല്യവര്‍ധിത നികുതി നടപ്പാക്കും
text_fieldsമസ്കത്ത്: മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സമാനമായി ഒമാനും മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പാക്കാന്‍ ഒരുക്കം ആരംഭിച്ചു. 2018 തുടക്കത്തോടെ വാറ്റ് നടപ്പാക്കാനാവുമെന്നാണ് സര്‍ക്കാറിന്‍െറ പ്രതീക്ഷ. മൂല്യവര്‍ധിത നികുതി സംബന്ധിച്ച കരട് നിയമം തയാറായിട്ടുണ്ട്.
ഇത് നിയമനിര്‍മാണ സമിതികളുടെ ഭേദഗതിക്കും അംഗീകാരത്തിനുമായി സമര്‍പ്പിച്ചിരിക്കുകയാണ്. ശരീരത്തിന് ഹാനികരമായത് അടക്കം ചില ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും ഒമാന്‍ തീരുമാനിച്ചിട്ടുണ്ട്. മദ്യം, പുകയില, പന്നിയിറച്ചി, ഊര്‍ജപാനീയങ്ങള്‍ എന്നിവയാണ് ഈ പട്ടികയില്‍ ഉള്ളത്. 2017 ആദ്യത്തോടെ ഇവയില്‍ ചിലതിനായിരിക്കും വില വര്‍ധിക്കുക. ജി.സി.സി രാജ്യങ്ങളുടെ തീരുമാനത്തിന്‍െറ ഫലമായാണ് മൂല്യവര്‍ധിത നികുതി നടപ്പാക്കുന്നതെന്ന് ധനകാര്യമന്ത്രാലയത്തിലെ നികുതി വിഭാഗം സെക്രട്ടറി ജനറല്‍ നാസര്‍ അല്‍ ഷുകൈലി പറഞ്ഞു. കരട് നിയമത്തിന് അടുത്ത ആഴ്ചയോടെ അംഗീകാരമാകും. ഒമാനിലെ നിലവിലെ നികുതി നിയമവുമായി ഇതിനെ കൂട്ടിച്ചേര്‍ക്കേണ്ടതുണ്ടെന്നും അല്‍ ഷുകൈലി പറഞ്ഞു. കോര്‍പറേറ്റ് വരുമാന നികുതിയില്‍ വലിയ വര്‍ധന ദൃശ്യമാണെന്നും അല്‍ ഷുകൈലി ചൂണ്ടിക്കാണിച്ചു. പത്തു വര്‍ഷം മുമ്പ് 180 ദശലക്ഷം റിയാല്‍ ആയിരുന്ന കോര്‍പറേറ്റ് നികുതി വരുമാനം ഈ വര്‍ഷം 350.7 ദശലക്ഷം റിയാലായി. കമ്പനികളുടെയും വിദേശ നിക്ഷേപത്തിന്‍െറയും വര്‍ധയാണ് ഇത് കാണിക്കുന്നതെന്നും അല്‍ ഷുകൈലി കൂട്ടിച്ചേര്‍ത്തു. നികുതി രഹിത കാലയളവായ പത്തുവര്‍ഷം കഴിഞ്ഞ പല കമ്പനികളും വരുമാന നികുതി നല്‍കി തുടങ്ങിയിട്ടുണ്ട്.
നികുതി സമ്പ്രദായത്തില്‍ സമീപഭാവിയില്‍ തന്നെ മാറ്റങ്ങള്‍ വരുമെന്നും അല്‍ ഷുകൈലി ചൂണ്ടികാട്ടി. പുതുക്കിയ നികുതി നിരക്ക് ശൂറാ കൗണ്‍സിലിന്‍െറയും സ്റ്റേറ്റ് കൗണ്‍സിലിന്‍െറയും അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. എണ്ണ വിലയിടിവിനെ തുടര്‍ന്ന് വരുമാന വൈവിവധ്യവത്കരണത്തിന് വേഗം വര്‍ധിപ്പിക്കാന്‍ വിവിധ പദ്ധതികളാണ് ഒമാന്‍ നടപ്പാക്കി വരുന്നത്. ബജറ്റ് കമ്മി കുറക്കുന്നതിനായി സബ്സിഡികള്‍ കുറക്കുന്നതടക്കം ചെലവുചുരുക്കല്‍ നടപടികളാണ് രാജ്യം കൈക്കൊണ്ടത്. ഈ വര്‍ഷത്തെ ആദ്യ ഏഴുമാസങ്ങളില്‍ ബജറ്റ് കമ്മി നാലു ശതകോടി റിയാലിന് മുകളിലത്തെിയിരുന്നു. ഈ വര്‍ഷമാദ്യം ബജറ്റ് പ്രഖ്യാപിക്കുമ്പോള്‍ 3.3 ശതകോടി റിയാലായിരുന്നു പ്രതീക്ഷിത കമ്മി. അന്താരാഷ്ട്ര വിപണികളില്‍നിന്ന് കടമെടുത്താണ് രാജ്യം നിലവില്‍ ബജറ്റ് കമ്മി നികത്താന്‍ ശ്രമം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.