വാഹനം ഒലിച്ചുപോയ സംഭവം: മൂന്ന് മൃതദേഹം കണ്ടെത്തി
text_fieldsമസ്കത്ത്: ബുറൈമി വിലായത്തിൽ വാദി മുറിച്ചുകടക്കവെ വാഹനം ഒഴുക്കിൽപെട്ടുണ്ടായ അപകടത്തിൽ കാണാതായ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. കനത്ത മഴയിൽ നിറഞ്ഞുകവിഞ്ഞ വാദി മുറിച്ചുകടക്കുമ്പോഴാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകീട്ടോടെ മഹ്ദ വിലായത്തിലാണ് രണ്ട് വാഹനങ്ങൾ അപകടത്തിൽപെട്ടത്. സംഭവത്തിൽ നാലുപേരെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു.
മൂന്നുപേർക്ക് വേണ്ടി ബുറൈമി ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡും സ്ഥലത്തെത്തിയിരുന്നു. രക്ഷാപ്രവർത്തനത്തിന് സഹായിച്ച നാട്ടുകാർക്ക് അധികൃതർ ട്വീറ്റിലൂടെ നന്ദിയറിയിച്ചു.

