റാസ് അല്‍ ജിന്‍സിലെ കടലാമകള്‍
text_fieldsകടലാമകള്‍ ഉറങ്ങാറില്ളെന്നു തോന്നുന്നു. ഉറങ്ങാറില്ളെന്നു പറഞ്ഞത് കഴിഞ്ഞ മൂന്നുവര്‍ഷത്തെ എന്‍െറ ചെറിയ അനുഭവം വെച്ചാണ്. ഇനിയിപ്പോ ശരിക്കും ഉറങ്ങാറുണ്ടോ എന്നതിനെപ്പറ്റി ആധികാരികമായി പറയാനുള്ള അറിവെനിക്കില്ല. ചിലപ്പോ നാം കാണാത്ത സമയത്ത് ഉറങ്ങുന്നുണ്ടാവാം. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പച്ച കടലാമകളെ അഥവാ ഗ്രീന്‍ ടര്‍ട്ടിലുകളെ വര്‍ഷം മുഴുവനും കാണുന്ന ലോകത്തെ വളരെ കുറച്ചു തീരങ്ങളിലൊന്നാണ് ഒമാനിലെ സൂറിനടുത്തുള്ള റാസ് അല്‍ ജിന്‍സ് കടല്‍ത്തീരം. വേറെ ഇനം ആമകളെയും ഇവിടെ കാണാറുണ്ടെങ്കിലും വളരെ വിരളമാണ്. മസ്കത്തില്‍നിന്ന് അമിറാത്ത്, ഖുറിയാത്ത്, ഫിന്‍സ്, സൂര്‍ വഴി ഏകദേശം 260 കിലോമീറ്ററോളം തീരദേശ റോഡില്‍ സഞ്ചരിച്ചാല്‍ റാസ് അല്‍ ജിന്‍സിലത്തൊം. ഒമാന്‍ ടൂറിസം മന്ത്രാലയവും ഒമാന്‍ പൈതൃക വകുപ്പും സംയുക്തമായി സംരക്ഷിക്കുന്ന ഈ തീരം ‘റാസ് അല്‍ ജിന്‍സ് ടര്‍ട്ടില്‍ റിസര്‍വ്’ എന്നറിയപ്പെടുന്നു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുന്ന സ്ഥലം കൂടിയാണിത്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ടര്‍ട്ടില്‍ റിസര്‍വ് മാത്രമായിരുന്ന ഇവിടെ ഇന്ന് ആധുനിക സൗകര്യങ്ങളുള്ള ഒരു ഹോട്ടല്‍ കൂടിയുണ്ട്.
പൊതുജനങ്ങള്‍ക്ക് മുന്‍കൂട്ടി അനുവാദം വാങ്ങാതെ ഇവിടം സന്ദര്‍ശിക്കാന്‍ കഴിയില്ളെന്നു മാത്രമല്ല, അനുവാദം നല്‍കുന്നതില്‍ ശക്തമായ നിയന്ത്രണവുമുണ്ട്. ദിവസം നൂറുപേര്‍ക്കു വീതം മാത്രം പോകാവുന്ന രണ്ടേ രണ്ടു ഗൈഡഡ് ടൂറുകളാണുള്ളത്. അതിരാവിലെ നാലിനും രാത്രി ഒമ്പതിനും. ഈ അസാധാരണ സമയങ്ങള്‍ കൊണ്ടാണ് വിനോദസഞ്ചാരികള്‍ക്കുവേണ്ടി ടര്‍ട്ടില്‍ റിസര്‍വ് ഒരു ഹോട്ടലായി പരിണമിക്കാനുള്ള പ്രധാന കാരണം. കുറച്ചു മുറികളേ ഉള്ളൂ എന്നതും പരിസരത്ത് വേറെ ഹോട്ടലുകള്‍ കുറവാണെന്നതിനാലും കടലാമകളെ കാണാന്‍ അവിടെ താമസിക്കുന്നവര്‍ക്കുള്ള അവസരം കഴിഞ്ഞേ പുറത്തുള്ളവര്‍ക്കുള്ളൂ. സീസണ്‍ അനുസരിച്ച് വിവിധ നിരക്കുകളിലുള്ള മുറികള്‍ ഇവിടെ ലഭ്യമാണ്. രണ്ടു ടര്‍ട്ടില്‍ വാച്ചിങ് ടൂറുകളും അവിടെ താമസിക്കുന്നവരുടെ സ്റ്റേ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. വേണമെങ്കില്‍ രാത്രിയും രാവിലെയും പോകാം.
പുറമെനിന്ന് വരുന്നവര്‍ക്ക് പ്രത്യേക ടിക്കറ്റ് നിരക്കുകള്‍ ഉണ്ട്. ഒരാള്‍ക്ക് മൂന്ന് ഒമാനി റിയാലാണ് (ഏകദേശം 500 രൂപ) ഒന്നര മണിക്കൂറോളം ദൈര്‍ഘ്യമുള്ള ഈ ടൂറിന്‍െറ നിരക്ക്. 5 നും 10നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പ്രത്യേക നിരക്കാണ്. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശം സൗജന്യമാണ്.
ഞാന്‍ ആദ്യമായി പോയത് അതിരാവിലെയുള്ള ടൂറിനാണ്. കാരണം രണ്ടാണ്. ഒന്ന്, മറ്റു പല സ്ഥലങ്ങളിലും കറങ്ങിത്തിരിഞ്ഞ് ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്തത് പാതിരാത്രിക്കാണ്. രണ്ട്, ഉര്‍വശീ ശാപം ഉപകാരമായി എന്നു പറഞ്ഞതുപോലെ ചിത്രങ്ങള്‍ എടുക്കാന്‍ രാവിലത്തെ ടൂറാണ് നല്ലതെന്ന് ആരോ പറഞ്ഞത് ഓര്‍ത്തു.
ടൂര്‍ തുടങ്ങുന്നത് നാലുമണിക്കാണെങ്കിലും കുറച്ച് കഴിയുമ്പോഴേക്കും അത്യാവശ്യം വെളിച്ചമുണ്ടാകുമത്രേ. രാത്രിയില്‍ ഫ്ളാഷ് ഉപയോഗിക്കാന്‍ അനുവദിക്കില്ല. അതുകൊണ്ട് ഗൈഡിന്‍െറ ടോര്‍ച്ച് ലൈറ്റ് വെളിച്ചത്തില്‍ ഫ്ളാഷ് ഉപയോഗിക്കാതെയാണ് ചിത്രങ്ങളെടുക്കാന്‍ പറ്റുക. മൂന്നു മണിക്കൂര്‍ കഷ്ടിച്ച് ഉറങ്ങിക്കാണും.
പുലര്‍ച്ചെ കൃത്യം നാലിന് തന്നെ പകുതി ഉറക്കത്തില്‍ ലോബിയിലത്തെി. നല്ല തിരക്കുണ്ടായിരുന്നു, പക്ഷേ നമ്മുടെ നാട്ടിലെപ്പോലെ ആളുകള്‍ കൂടുമ്പോഴുള്ള ബഹളമില്ല. എല്ലാവരും സംയമനത്തോടെ നിര്‍ദേശങ്ങള്‍ക്കായി കാത്തുനിന്നിരുന്നു. ടൂര്‍ തുടങ്ങുന്നത് അവരുടെ വണ്ടിയില്‍ ബീച്ചിലേക്ക് കൊണ്ടു പോകുന്നത് മുതലാണ്. ആമകള്‍ക്ക് ശല്യമുണ്ടാകാതിരിക്കാന്‍ കുറച്ച് ദൂരെയായാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ആദ്യം ഗൈഡ് പോയി ആമകളുണ്ടെന്ന് ഉറപ്പുവരുത്തും. എന്നിട്ട് നമ്മെ ഓരോ ഗ്രൂപ്പുകളായിട്ടാണ് ബീച്ചിലേക്ക് കൊണ്ടുപോവുക. ഒച്ചയുണ്ടാക്കരുതെന്നും ബാക്കിയുള്ളവര്‍ എത്താന്‍ കാത്തുനില്‍ക്കണമെന്നും ആംഗ്യം കാണിക്കും. എല്ലാവരും എത്തിക്കഴിഞ്ഞാല്‍ നേരത്തേ കണ്ടുവെച്ച ആമയുടെ അടുത്തേക്ക് കൊണ്ടുപോകും. നേരം വെളുത്തുവരുന്നതേ ഉള്ളൂ. അതുകൊണ്ട് അരണ്ട വെളിച്ചമേ ഉണ്ടായിരുന്നുള്ളൂ.
അങ്ങനെ ടോര്‍ച്ചിന്‍െറ വെളിച്ചത്തില്‍ ആദ്യമായി ഞാന്‍ കടലാമയെ കണ്ടു. സാധാരണ കണ്ടിട്ടുള്ളവയൊന്നും ആമകളായിരുന്നില്ല എന്നു തോന്നിയ നിമിഷങ്ങള്‍. നല്ല കൂറ്റന്‍ ഒരു ഗ്രീന്‍ ടര്‍ട്ടില്‍ ആശാത്തി. ആശാത്തി എന്നു പറയാന്‍ കാരണം ഈ തീരത്തു വരുന്നവയില്‍ കൂടുതലും പെണ്ണാമകളാണ്. ആയിരക്കണക്കിന് കടലാമകള്‍ അറേബ്യന്‍ ഗള്‍ഫില്‍ നിന്നും ചുവന്ന കടലില്‍നിന്നും സോമാലിയയില്‍നിന്നുമൊക്കെ കിലോമീറ്ററുകള്‍ നീന്തി ഒമാന്‍ തീരങ്ങളിലേക്ക് ചേക്കേറാറുണ്ടെന്ന് എത്ര പേര്‍ക്കറിയാം? റാസ് അല്‍ ജിന്‍സില്‍ കൂടാതെ മസീറ ദ്വീപിലും ദമാനിയാത്ത് ദ്വീപിലും ഇവയെ കാണുന്നുണ്ട്. രാത്രി ഇവ ഇവിടെ വരുന്നത് മുട്ടയിടാനാണ്. ഭാരമേറിയ പുറംതോടും വലിച്ച് ഏറെ കഷ്ടപ്പെട്ടാണ് കരയിലേക്കുള്ള നടപ്പ്. എന്നിട്ട് മുന്‍കാലുകളുടെ അറ്റം കൊണ്ട് വളരെ നേരമെടുത്ത് മണലില്‍ ഒരു കുഴി കുഴിക്കും. എന്നിട്ട് അതില്‍ നൂറുകണക്കിന് മുട്ടകള്‍ ഇടും. മുട്ടയിട്ടു കഴിഞ്ഞാല്‍ കുഴി നന്നായി മൂടും. എന്നിട്ട് വീണ്ടും കടലിന്‍െറ ആഴങ്ങളിലേക്ക് അപ്രത്യക്ഷമാവും.
മുട്ടകളിടുന്നതും മുട്ടവിരിഞ്ഞ് പുറത്തു വന്ന കുഞ്ഞനാമകള്‍ കടലിലേക്ക് ഇറങ്ങുന്നതും കാണാന്‍ പറ്റി. ഏകദേശം 55മുതല്‍ 60 ദിവസങ്ങളാണ് മുട്ടകള്‍ വിരിയാനെടുക്കുന്ന സമയം. മനോഹരം. കുഞ്ഞിക്കാലുകള്‍ പുറത്തെടുത്ത് വെള്ളത്തിലേക്ക് ഓടുന്നത് കാണാന്‍ നല്ല ചേലാണ്. ഞണ്ടുകളുടെയും പക്ഷികളുടെയും കുറുക്കന്മാരുടെയും ഒക്കെ കണ്ണില്‍ പെടാതെ വെള്ളത്തിലത്തെിയാല്‍ രക്ഷപ്പെട്ടു. ഇല്ളെങ്കില്‍ ഗോവിന്ദ.... (കുഞ്ഞന്മാരുടെ അടുത്ത് പോകാനും ഫോട്ടോ എടുക്കാനും ഗൈഡ് സമ്മതിച്ചില്ല).
വലിയ ആമകള്‍ക്ക് പിന്നാലെ കുഞ്ഞന്‍ ആമകളുടെയും കടലിലേക്കുള്ള യാത്ര കാണേണ്ടതുതന്നെയാണ്. ട്രാക്ടറിന്‍െറ ടയര്‍ മാര്‍ക്കുകള്‍ പോലെയാണ് അവ ഇറങ്ങിപ്പോകുമ്പോള്‍ ഉണ്ടാവുന്ന അടയാളങ്ങള്‍. വെളിച്ചമാവും തോറും എല്ലാ ആമകളും മുട്ടയിട്ട കുഴികള്‍ മൂടിയിട്ട് കടലിലേക്ക് പൊയ്ക്കൊണ്ടിരുന്നു. ഞാനും അവര്‍ക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്നു. രാത്രിയില്‍ വീണ്ടും വരും എന്ന പ്രതീക്ഷയോടെ...