മോഹനാ, ഇതു ഞാനാ കയ്യുത്താ...
text_fieldsഞാന്‍ ജോലിചെയ്ത വസ്ത്രസ്ഥാപനത്തിനടുത്തായി ഒരു പബ്ളിക് ടെലിഫോണ്‍ ബൂത്തിലെ രസകരമായ പല സംഭവങ്ങളും നേരിട്ടുകാണാന്‍ ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഞാന്‍. അന്ന് ഇത്തരം ബൂത്തുകളായിരുന്നു പ്രവാസിക്ക് നാടുമായി ബന്ധപ്പെടാനുള്ള ഏക ആശ്രയം. ചിപ്പില്ലാത്ത സ്മാര്‍ട്കാര്‍ഡ് ഉപയോഗിച്ചിരുന്ന കാലത്താണ് സംഭവം നടക്കുന്നത്. 0.250, 00.50 എന്നിങ്ങനെയുള്ള നാണയങ്ങളായിരുന്നു പബ്ളിക് ബൂത്തുകളില്‍ ഉപയോഗിച്ചിരുന്നത്. ഫ്രീക്വന്‍സിയാണെങ്കില്‍ കുറവും. നാട്ടില്‍ ലാന്‍ഡ്ഫോണ്‍ ദുര്‍ലഭമായിരുന്ന കാലമായിരുന്നു അത്. ഒന്നര, മൂന്ന്, അഞ്ച് റിയാല്‍ നിരക്കുകളിലായിരുന്നു അന്ന് ടെലിഫോണ്‍ കാര്‍ഡുകള്‍ ഉണ്ടായിരുന്നത്. ഒന്നര റിയാലിന്‍െറ ഒരു കാര്‍ഡില്‍ സംസാരം തീര്‍ക്കണം എന്ന മുന്‍ തീരുമാനവുമായി മോഹനേട്ടന്‍ നാട്ടിലേക്ക് വിളിച്ചു. ആരോ ഒരാള്‍ ഫോണെടുത്തെങ്കിലും മോഹനേട്ടന് ശബ്ദം കേള്‍ക്കുന്നില്ല. ഏറെ നേരം ‘ഹലോ, ഹലോ’ എന്നു പറഞ്ഞപ്പോഴേക്കും കാര്‍ഡില്‍ അര റിയാല്‍ കഴിഞ്ഞിരുന്നു. അല്‍പ സമയത്തിനുശേഷം വീണ്ടും വിളിച്ചപ്പോള്‍ ഫോണെടുത്തത് ഒരു കൊച്ചു കുട്ടിയായിരുന്നു. ‘അടുത്ത വീട്ടിലെ ഗീതേച്ചീടെ അനിയത്തി ശാന്തയുണ്ടാവും. ഒന്നു വരാന്‍ പറയണം. ഞാന്‍ കുറച്ചു കഴിഞ്ഞു വിളിക്കാം’ -മോഹനേട്ടന്‍ പറഞ്ഞു. കുട്ടിയോട് ഇത്രയും കാര്യങ്ങള്‍ പറഞ്ഞുധരിപ്പിക്കുമ്പോഴേക്കും ബാക്കിയുണ്ടായിരുന്ന ഒരു റിയാലും കത്തിത്തീര്‍ന്നിരുന്നു. രണ്ടാമതും ഒന്നര റിയാലിന്‍െറ കാര്‍ഡ് വാങ്ങി വീണ്ടും വിളിച്ചു. അപ്പോള്‍ ഫോണെടുത്തത് ആ വീട്ടിലെ പ്രായം ചെന്ന കയ്യുത്തയായിരുന്നു. ‘മോഹനനാണോ... എന്തൊക്കെയുണ്ട് മോനേ വിശേഷം? ശാന്ത ഇവിടേക്ക് വരുമ്പൊ മാത്രാലേ ഒന്നു വിളിക്കുള്ളൂ... ശാന്ത വന്നിട്ടില്ല. കുറച്ചുകൂടി കഴിഞ്ഞു വിളിക്കൂ’, കയ്യൂത്തയുടെ വിസ്തരിച്ചുള്ള കുശലാന്വേഷണം പാവം മോഹനേട്ടന്‍െറ രണ്ടാമത്തെ കാര്‍ഡും കാലിയാക്കി. മോഹനേട്ടന്‍െറ ഭാര്യ ശാന്ത, ചേട്ടത്തി ഗീതയുടെ വീട്ടിലേക്ക് വരുമ്പോള്‍ മാത്രമാണ് ഫോണ്‍ വിളിക്കാറുള്ളത്. വിളിക്കുന്ന ദിവസം കാലേകൂട്ടി കത്തുകളിലൂടെ നിശ്ചയിച്ചതുമാണ്. മൂന്നാമതും ഒന്നര റിയാലിന്‍െറ കാര്‍ഡ് വാങ്ങി മോഹനേട്ടന്‍ വിളിച്ചു. ഫോണെടുത്തത് ഭാര്യ ശാന്തതന്നെയായിരുന്നു. ഫോണെടുത്തതും മോഹനേട്ടന് പറയാനവസരം കൊടുക്കാതെ ശാന്ത ഭര്‍തൃഗൃഹത്തിലെ അശാന്തമായ അന്തരീക്ഷത്തെ കുറിച്ചും കുട്ടികളുടെ പഠനച്ചെലവിനെ കുറിച്ചും അടുത്തുവരുന്ന ഒരു വിവാഹത്തെ കുറിച്ചും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ആ കാര്‍ഡും തീര്‍ന്നിരുന്നു. കൂടെയുണ്ടായിരുന്ന കൂട്ടുകാരനില്‍നിന്ന് ഒരു റിയാല്‍ കടം വാങ്ങി നാലാമതും കാര്‍ഡ് വാങ്ങിയപ്പോള്‍ ഒരുകാര്യം മോഹനേട്ടന്‍ തീരുമാനിച്ചിരുന്നു. ഇനി ഞാന്‍ പറയും ശാന്ത കേള്‍ക്കും. ഫോണെടുത്ത് വീണ്ടും വിളിക്കുന്നതിനിടയില്‍ സുഹൃത്തിനോട് മോഹനേട്ടന്‍ പറയുന്നു. ‘ഉച്ച സമയമായത് നമ്മുടെ ഭാഗ്യം.. അല്ളെങ്കില്‍ ബൂത്തില്‍ നല്ല തിരക്കായേനെ..’. എത്ര ശ്രമിച്ചിട്ടും കാള്‍ പോവുന്നില്ല. ഇതിനിടയില്‍ വിളിക്കാന്‍ വന്ന ചിലര്‍ക്ക് മാറിക്കൊടുത്തു. അരമണിക്കൂറോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ നാട്ടില്‍ മണി മുഴങ്ങി. ‘ഹലോ..’ അങ്ങേ തലക്കല്‍ സ്ത്രീ ശബ്ദം. മോഹനേട്ടന്‍ പറഞ്ഞു തുടങ്ങി: ‘നീ ഒന്നും ഇങ്ങോട്ടിനി പറയേണ്ട, ഞാനങ്ങോട്ടു പറയുന്നത് കേട്ടാല്‍ മാത്രം മതി..’ മോഹനേട്ടന് പറയാനുള്ളതെല്ലാം പറഞ്ഞുതീര്‍ത്തശേഷം ചോദിച്ചു. ‘ഇനിയെന്താ നിനക്കു പറയാനുള്ളത്, വേഗം പറ, കാര്‍ഡ് കഴിയാറായി’. ‘മോനെ.. മോഹനാ ഇത് ഞാനാ കയ്യുത്ത..! ശാന്ത കുറെ നേരം മോഹനന്‍െറ ഫോണും കാത്തിരുന്നു. ഇപ്പൊ പോയേ ഒള്ളൂ..’. ‘ശാന്ത പോയ കാര്യം എന്തേ പറയാതിരുന്നത്?’, മോഹനേട്ടന് ദേഷ്യം സഹിക്കാനായില്ല. ‘മോനല്ളെ പറഞ്ഞേ.. കേട്ടാല്‍ മാത്രം മതി ഒന്നും അങ്ങോട്ട് പറയരുതെന്ന്. അതാ ഞാന്‍ മിണ്ടാഞ്ഞത്..! ആറു റിയാല്‍ തിന്നാതെയും കുടിക്കാതെയും പോയതിലുള്ള വിഷമം മൂലമാകാം എപ്പോഴും ചിരിക്കുന്ന മുഖമുള്ള മോഹനേട്ടന്‍ നോക്കുകപോലും ചെയ്യാതെ നടന്നുനീങ്ങി. ഇന്നത്തെ മൊബൈല്‍ യുഗത്തില്‍ ചിന്തിക്കാന്‍പോലും കഴിയാത്ത ഈ അവസ്ഥ ചെറുചിരിയോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.