ഇത് വിവാദങ്ങളുടെ കാലം..
text_fieldsവന്ന് വന്ന്, വാര്‍ത്തയെന്നാല്‍ വിവാദം എന്നിടത്തത്തെിയിരിക്കുന്നു കാര്യങ്ങള്‍. രാഷ്ട്രീയ സാമുദായിക നേതാക്കളും കലാകാരന്മാരും തുടങ്ങി നാലാള്‍ക്കിടയില്‍ അറിയപ്പെടുന്നവരുടെ നാക്കുപിഴക്കും വാക്കുപിഴക്കും പിന്നാലെയാണ് മാധ്യമങ്ങളിലേറെയും. സോഷ്യല്‍മീഡിയകളിലെ മഞ്ഞപ്പത്രങ്ങള്‍ക്ക് പുറമെ, കേരളത്തിലെ പേരെടുത്ത ദൃശ്യശ്രാവ്യ മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ പതിപ്പുകള്‍ പോലും അല്‍പായുസ്സുള്ള സെന്‍സേഷനല്‍ വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്യാന്‍ മത്സരിക്കുന്നത് ഒരു നിത്യകാഴ്ചയായിരിക്കുന്നു. സായാഹ്ന പത്രങ്ങളുടെ തലക്കെട്ടുകള്‍പോലെ, മലപോലെ വന്ന് എലി പോലെ പോകുന്ന വാര്‍ത്തകളാണ് ഏറെയും. താരങ്ങളുടെ വിവാഹ, വിവാഹമോചന വാര്‍ത്തകളും മത സാമുദായിക നേതാക്കളുടെ പ്രഭാഷണങ്ങളിലെ അബദ്ധങ്ങളും തുടങ്ങി ആകെ ബഹളമയമാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേജുകളൊക്കെയും. ഒരുകാലത്ത്, പത്രമാധ്യമങ്ങളുടെ സ്ഥിരവായന ഒരാളെ ബൗദ്ധികമായി സമുദ്ധരിച്ചിരുന്നുവെങ്കില്‍, ഇന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കൂടുതല്‍ സമയം നീക്കിവെക്കുന്നവന്‍െറ മനസ്സ് ഒന്നുകില്‍ സംഘര്‍ഷഭരിതമാകുകയോ അല്ളെങ്കില്‍ വിലപ്പെട്ട സമയം വെറുതെ തീര്‍ന്നുപോവുകയോ ചെയ്യും. ഇതിലൊക്കെയും വലിയ അപകടം, സമൂഹത്തിന്‍െറ പൊതുബോധത്തെ തൃപ്തിപ്പെടുത്താനായി, വാര്‍ത്തകളിലെ നേരുചികയാതെ അവ സെന്‍സേഷനല്‍ ന്യൂസുകളായി ജനങ്ങളിലേക്കത്തെിക്കാന്‍ മാധ്യമങ്ങള്‍ കാണിക്കുന്ന വ്യഗ്രതയാണ്. ഏറ്റവും മൈലേജുള്ള, തീവ്രവാദം ഭീകരവാദം ഐ.എസ് പോലുള്ള പദങ്ങള്‍, ഏതെങ്കിലും ഒരു ഇരയില്‍ ചാര്‍ത്തിക്കിട്ടിയാല്‍, തങ്ങളുടെ കഴിവുകള്‍ക്കനുസരിച്ച് എരിവും പുളിയും ചേര്‍ത്ത് ജനങ്ങളില്‍ എത്തിക്കാനുള്ള മത്സരമാണ് പിന്നെ. പൊലീസ് ഭാഷ്യങ്ങള്‍ക്കപ്പുറം, ഒരു അന്വേഷണാത്മക റിപ്പോര്‍ട്ടിനും അവര്‍ മുതിരുന്നില്ല. കൊട്ടിഘോഷിച്ച്, മാധ്യമങ്ങള്‍ അപരാധിയാക്കിയവന്‍ പിന്നീട്, കോടതിയോ മറ്റോ നിരപരാധിയെന്ന് വിധിച്ചാല്‍പോലും അതൊരു പെട്ടിക്കോളം വാര്‍ത്തയില്‍ ഒതുക്കുന്നതിനപ്പുറം ഇരയോടുള്ള സാമാന്യനീതിപോലും പല മാധ്യമങ്ങളും മറന്നുപോകുന്നു. ജനാധിപത്യത്തിന്‍െറനാലാം തൂണെന്ന് മാധ്യമങ്ങളെക്കുറിച്ച് മഹാന്മാര്‍ വെറുതെ പറഞ്ഞതല്ല. മറ്റുള്ള തൂണുകള്‍ക്ക് അപചയം സംഭവിക്കുമ്പോള്‍ മഹിതമായ ജനാധിപത്യ സംഹിതയെ താങ്ങിനിര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്. അതിന്, മാധ്യമപ്രവര്‍ത്തകര്‍ അധികാരിവര്‍ഗത്തിന്‍െറ മൂടുതാങ്ങികളാകാതെ, മനുഷ്യാവകാശത്തിന്‍െറ കാവലാളുകള്‍ ആകണം. മാധ്യമപ്രവര്‍ത്തനമെന്നത്, ഒരു പ്രഫഷന്‍ എന്നതിനപ്പുറം സാമൂഹിക പ്രവര്‍ത്തനമാകണം. ഇതിനിടയിലും, വെല്ലുവിളികള്‍ അതിജീവിച്ച് ഒഴുക്കിനെതിരെ നീന്തുന്ന അപൂര്‍വം ചില മാധ്യമങ്ങളും പത്രധര്‍മം ജീവവായുപോലെ ഏറ്റെടുക്കുന്ന ആത്മാര്‍ഥതയുള്ള മാധ്യമപ്രവര്‍ത്തകരും ഉണ്ടെന്നത് വിസ്മരിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.