എണ്ണയിതര ഉൽപന്നങ്ങളുടെ കയറ്റുമതി അമ്പത് ശതമാനം വർധിച്ചു
text_fieldsമസ്കത്ത്: കഴിഞ്ഞ വർഷം ആദ്യ ഒമ്പത് മാസങ്ങളിൽ ഒമാനിൽനിന്നുള്ള എണ്ണയിതര ഉൽപന്നങ്ങളുടെ കയറ്റുമതി മുൻവർഷത്തെക്കാൾ 50 ശതമാനം വർധിച്ചു. ഈ കാലയളവിൽ അമേരിക്ക, ഇന്ത്യ, ഗൾഫ് മേഖല എന്നിവിടങ്ങളിലേക്കാണ് ഒമാൻ പ്രധാനമായും കയറ്റുമതി നടത്തിയത്. 2022 ആദ്യ ഒമ്പത് മാസങ്ങളിൽ 5.619 ശതകോടി റിയാലിന്റെ എണ്ണയിതര ഉൽപന്നങ്ങളാണ് കയറ്റിയയച്ചത്.
മുൻ വർഷം ഇതേ കാലയളവിൽ 3.743 ശതകോടി റിയാലായിരുന്നു കയറ്റുമതി തുക. കോവിഡാനന്തരം ലോകം മുഴുവൻ അടിസ്ഥാന ഉൽപന്നങ്ങളുടെ ആവശ്യം കുതിച്ചുയർന്നതാണ് ഇത്തരം ഉൽപന്നങ്ങൾക്ക് ആവശ്യകത വർധിക്കാൻ കാരണമായത്. കയറ്റുമതി വർധിച്ചതും എണ്ണവില ഉയർന്നതും ഒമാൻ സാമ്പത്തികമേഖലക്ക് ശക്തിപകരാൻ കാരണമായിട്ടുണ്ട്. ഇത് ആഭ്യന്തര ഉൽപാദനം 4.5 ശതമാനം വർധിക്കാനും കാരണമായി.
ഒമാന്റെ എണ്ണയിതര ഉൽപന്നങ്ങളുടെ ഏറ്റവും വലിയ കയറ്റുമതിക്കാർ അമേരിക്കയായതും ഒരു പ്രത്യേകതയാണ്. അമേരിക്കയിലേക്കുള്ള എണ്ണയിതര ഉൽപന്നങ്ങളുടെ കയറ്റുമതി കഴിഞ്ഞവർഷം 84 ശതമാനം വർധിച്ചു. 689.2 ദശലക്ഷം റിയാലിന്റേതായിരുന്നു അമേരിക്കയിലേക്കുള്ള കയറ്റുമതി. 2021ൽ ഇതേ കാലയളവിൽ 374 ദശലക്ഷം റിയാലിന്റെ ഉൽപന്നങ്ങളായിരുന്നു കയറ്റുമതി. അമേരിക്കയും ഒമാനും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിട്ടത് കാരണം ഇരുരാജ്യങ്ങളും തമ്മിലെ വേലിക്കെട്ടുകൾ അയഞ്ഞതാണ് വ്യാപാരം വർധിക്കാൻ പ്രധാന കാരണം. ഇന്ത്യയിലേക്കുള്ള വ്യാപാരവും ഈ കാലയളവിൽ 81 ശതമാനം വർധിച്ചു. കഴിഞ്ഞവർഷം ആദ്യ ഒമ്പത് മാസങ്ങളിൽ 576 ദശലക്ഷം റിയാലായിരുന്നു കയറ്റുമതി. 2021ൽ ഇതേ കാലയളവിൽ 318 ദശലക്ഷം റിയാലായിരുന്നു.
സൗദി അറേബ്യയിലേക്കുള്ള കയറ്റുമതി ഈ കാലയളവിൽ മുൻവർഷത്തെക്കാൾ 49.4 ശതമാനം വർധിച്ചു. എന്നാൽ, യു.എ.ഇയിലേക്കുള്ള കയറ്റുമതി 1.4 ശതമാനം മാത്രമാണ് വർധിച്ചത്. ഖത്തറിലേക്കുള്ള കയറ്റുമതി 61 ശതമാനം വർധിച്ചിരുന്നു. മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിലും 53 ശതമാനം വർധനവുണ്ടായി. ഖനിജ വസ്തുക്കൾ, പ്ലാസ്റ്റിക് ഇനങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയവയാണ് ഒമാൻ പ്രധാനമായും കയറ്റിയയക്കുന്ന എണ്ണയിതര ഉൽപന്നങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

