പ്രവാസികൾ; യഥാർഥ നവ കേരള ശിൽപികൾ
text_fieldsപ്രതീകാത്മക ചിത്രം
വെല്ലുവിളികൾ അതിജീവിച്ചുകൊണ്ട് ഗൃഹാതുരത്വത്തിന്റെ നോവും പേറി പ്രവാസികൾ നൽകിയ അവരുടെ വിയർപ്പിന്റെ ഫലമാണ് യഥാർഥത്തിൽ പുതിയ കേരളം എന്നത്
മലയാളിയുടെ കുടിയേറ്റത്തിന്റെ ആഴവും പരപ്പും നർമത്തിൽ പൊതിഞ്ഞ അവതരണത്തിലൂടെ നമ്മെ ബോധ്യപ്പെടുത്തിയത് എസ്.കെ. പൊറ്റെക്കാട്ട് എന്ന മഹാനായ സാഹിത്യകാരനും സഞ്ചാരിയുമായിരുന്നു. തന്റെ അനുഭവങ്ങൾ മനോഹരമായ സഞ്ചാരസാഹിത്യത്തിലൂടെ അദ്ദേഹം കോറിയിട്ടപ്പോൾ മലയാളിയുടെ പ്രവാസത്തിന്റെ വ്യാപ്തിയായിരുന്നു നമുക്ക് ബോധ്യപ്പെട്ടത്. എഴുപതികളിലാണ് ഗൾഫ് മേഖലയിലേക്കുള്ള മലയാളിയുടെ പ്രവാസത്തിന്റെ ഒഴുക്കിന്റെ ആഴം വർധിച്ചുതുടങ്ങിയത്. നിലക്കാത്തപ്രവാഹമായി അത് തുടർന്നുകൊണ്ടിരിക്കുന്നു.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി മലയാളക്കരയുടെ ചരിത്രം തന്നെ മാറ്റിയെഴുതിയ പ്രവാസത്തിന്റെ നാൾവഴികൾ ത്രസിപ്പിക്കുന്ന കുറെ ജീവിതാനുഭവങ്ങളുടെയും പൊരുതിജയിച്ച കുറെ മനുഷ്യരുടെയും എന്നാൽ കുറച്ചാണെങ്കിലും കാലിടറി വീണു പോയവരുടെയും മണൽക്കാട്ടിൽ എഴുതിത്തീരാത്ത കവിത പോലെ ജ്വലിച്ചുനിൽക്കുന്ന അനുഭവ യാഥാർഥ്യങ്ങളാണ് എന്നും. ആധുനിക കേരളത്തിന്റെ നിർമിതിക്കു വേണ്ടിയുള്ള പ്രവാസത്തിന്റെ സംഭാവന പരിശോധിക്കുമ്പോൾ ഗൾഫ് മേഖലയിലെ പ്രവാസത്തെ എടുത്തു പറയാതിരിക്കാനാവില്ല.
പ്രവാസികൾ നൽകിയ സംഭാവനകളെക്കുറിച്ച് വിശകലനം ചെയ്യുമ്പോൾ നേട്ടങ്ങളെക്കുറിച്ച് പറയുമ്പോൾ ചില കോട്ടങ്ങളും അവയിൽ പരാമർശിക്കാറുണ്ട്. സാമ്പത്തിക മേഖലയിൽ മാത്രമല്ല ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ജീവിതം, സാംസ്കാരികം, കല ഇതിലൊക്കെയും പ്രവാസ ജീവിതത്തിന്റെ അടയാളപ്പെടുത്തലുകൾ നമുക്ക് കാണാൻ കഴിയും. എന്നാൽ, ചിലപ്പോഴെങ്കിലും ആഡംബര ജീവിതത്തിന്റെ സാധ്യത പ്രവാസജീവിതം നൽകി എന്ന വിമർശനവും ഉയരാറുണ്ട്. നേട്ടങ്ങൾ മുന്നോട്ടുവെക്കുമ്പോൾ ഈ കോട്ടങ്ങൾ വളരെ തുച്ഛമാണുതാനും. പ്രവാസ ജീവിതത്തെ മുന്നോട്ടുഗമിക്കുന്ന സാധ്യതകളും നമ്മുടെ മുന്നിലുണ്ട്. എന്നാൽ പല വെല്ലുവിളികളും നിലനിൽക്കുന്നു. വെല്ലുവിളികൾ എല്ലാം അതിജീവിച്ചുകൊണ്ട് ഗൃഹാതുരത്വത്തിന്റെ നോവും പേറിക്കൊണ്ട് പ്രവാസികൾ നൽകിയ അവരുടെ വിയർപ്പിന്റെ ഫലമാണ് യഥാർഥത്തിൽ പുതിയ കേരളം എന്നത്.
കേരള ജനതയുടെ ഏതാണ്ട് മൂന്നിലൊന്ന് വിഭാഗം കുടിയേറ്റക്കാരായി ലോകത്തിന്റെ പല ഭാഗങ്ങളിലും ജീവിക്കുന്നു എന്നാണ് കണക്കുകൾ നമ്മോട് പറയുന്നത്. കേരളത്തിന്റെ സാമ്പത്തിക പുരോഗതിയെ ഇത്രമാത്രം സ്വാധീനിച്ച സമൂഹത്തിന്റെ പങ്കിനെ നിഷേധിക്കാൻ ആർക്കും സാധ്യവുമല്ല. ഇതിൽ ഗൾഫ് പ്രവാസികളാണ് മുന്നിട്ടുനിൽക്കുന്നതും. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിൽ ഹൃദയത്തോട് ചേർത്തുവെക്കേണ്ടുന്ന പലതിനെയും ത്യജിച്ച് മാറ്റിവെച്ചും സ്വപ്നങ്ങൾക്ക് ചിറകുനൽകാൻ നെട്ടോട്ടമോടുന്ന ഇവരല്ലാതെ മറ്റാരാണ് യഥാർഥ നവകേരള ശിൽപികൾ? പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണം മാത്രമല്ല, നാടിന്റെ വികസന പാതയിലെ പ്രവാസത്തിന്റെ പങ്ക് ദൈനം ദിനമെന്നോണം വർധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നത് നാം കാണുന്നു.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പ്രവാസികളുടെ അനുപാതം വളരെയധികമാണ്. അതുകൊണ്ടുതന്നെ, കേരളത്തിലെ അതതുകാലത്ത് നിലവിൽവരുന്ന സർക്കാറുകൾ പ്രവാസികളുടെ വിഷയങ്ങൾ പ്രാധാന്യത്തോടുകൂടിത്തന്നെ അവതരിപ്പിക്കാറുണ്ട്; വർധിച്ചുവരുന്ന ഗൾഫ് മേഖലയിലെ പ്രവാസവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രത്യേകിച്ചും. ഗൾഫ് പ്രവാസികളുടെ ഈ വർധന കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക വിദ്യാഭ്യാസ ആരോഗ്യ മേഖലയിൽ നൽകുന്ന സംഭാവനകൾ മനസ്സിലാക്കിക്കൊണ്ടുതന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇപ്പോൾ നിലവിലുള്ള കേരള സർക്കാർ നൽകിക്കൊണ്ടിരിക്കുന്ന പല പ്രവാസ ക്ഷേമ പദ്ധതികൾ പ്രശംസനീയവും എടുത്തു പറയേണ്ടതുമായ കാര്യമാണ്.
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും മാറിമാറി വരുന്ന സർക്കാറുകൾ പ്രവാസികളുടെ ആവശ്യങ്ങൾക്കുനേരെ മുഖംതിരിഞ്ഞുനിൽക്കുന്ന ഈ ഘട്ടത്തിൽ കേരളത്തിൽ ഇപ്പോൾ പ്രവാസികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ക്ഷേമ പദ്ധതികൾ എത്രതന്നെ പരിമിതമായാലും ഇനിയങ്ങോട്ടുള്ള സർക്കാറുകൾക്ക് അത് പ്രചോദനമാകും എന്നകാര്യത്തിൽ സംശയം വേണ്ട. നോർക്കയുടെ പ്രവർത്തനങ്ങൾ ഏറെ വിപുലമാക്കി എന്നത് പ്രവാസികൾക്ക് ആശ്വാസം നൽകുന്ന വസ്തുതയാണ്. ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രവാസജീവിതം നയിക്കുന്നവരുടെ ക്ഷേമത്തിനും സേവന പ്രവർത്തനങ്ങൾക്കും അവകാശ സംരക്ഷണത്തിനുമായി 1996ൽ രൂപവത്കൃതമായ നോർക്ക അതിന്റെ കർമമേഖലയിൽ ഏറെ ദൂരം മുന്നോട്ടു പോയിട്ടുണ്ട്. മലയാളികൾ പ്രവാസലോകത്ത് നേരിടുന്ന വ്യത്യസ്തമായ പ്രശ്നങ്ങളിൽ ഇടപെടാനും സാധ്യമാകുന്ന സേവനങ്ങൾ നൽകാനും നോർക്ക ശ്രമിക്കുന്നുണ്ട്.
സർക്കാർ നടപ്പാക്കുന്ന ക്ഷേമ സേവന പ്രവർത്തനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ നോർക്കയുടെ പ്രവർത്തനങ്ങൾ വഴി ഇപ്പോൾ സാധ്യമാകുന്നു. പ്രവാസികൾക്ക് ആവശ്യമായ നിയമസഹായങ്ങൾ, യാത്രാസഹായങ്ങൾ, മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന സഹായം, രക്ഷാപ്രവർത്തനങ്ങൾ, അടിയന്തര സഹായങ്ങൾ തുടങ്ങിയ നോർക്കയുടെ സേവനങ്ങൾ കാര്യക്ഷമമായിത്തന്നെ പ്രവർത്തിക്കുന്നുണ്ട്. നോർക്കയുടെ ക്ഷേമനിധി വിപുലമാക്കിയതും പ്രവാസികൾക്കായി പുതിയ ഇൻഷുറൻസ് പദ്ധതികൾ ആരംഭിച്ചതും, തിരിച്ചറിയൽ കാർഡ് ഉള്ളവർക്ക് അപകട ഇൻഷുറൻസ് പരിരക്ഷ വർധിപ്പിച്ചതടക്കമുള്ള പ്രവർത്തനങ്ങൾ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമാണ്.
പ്രവാസികളുടെ ഏറെക്കാലത്തെ മുറവിളികൾക്കും പരാതികൾക്കും ശേഷം ആരംഭിച്ച ‘നോർക്ക കെയർ’ സമഗ്ര ആരോഗ്യ പദ്ധതി ഈ മേഖലയിലെ എടുത്തുപറയേണ്ട സംരംഭമാണ്. എന്നാൽ, ഈ പദ്ധതിയെക്കുറിച്ച് നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കപ്പെടേണ്ടതുണ്ട്. നമ്മുടെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക് ചില കാര്യങ്ങൾ ക്ഷണിക്കട്ടെ: കോവിഡ് മഹാമാരിക്കു ശേഷം പ്രവാസികൾക്കിടയിൽ സംഭവിക്കുന്ന മരണനിരക്ക് പരിശോധിക്കുമ്പോൾ അതിൽ 35നും 55 നും ഇടയിൽ പ്രായക്കാരായ പ്രവാസികളുടെ എണ്ണം താരതമ്യേന കൂടുതലാണെന്ന് കാണാൻ സാധിക്കുന്നു. ആരോഗ്യ മേഖലയിലെ പ്രഗല്ഭരെ ഉൾപ്പെടുത്തി ഈ വിഷയവുമായി ചില പഠനങ്ങൾ നടത്തുന്നതും ഉചിതമായ മുൻകരുതലുകൾ നടത്തുന്നതിനായി സർക്കാർ മുൻകൈയെടുക്കുകയും ചെയ്യണമെന്ന് ഉണർത്തുകയാണ്.
അവധിക്കാലത്തും വ്യത്യസ്തങ്ങളായ ആഘോഷവേളകളിലുമുള്ള വിമാന ടിക്കറ്റിന്റെ വിലയിലുള്ള ക്രമാതീതമായ വർധന കാലങ്ങളായി പ്രവാസികൾ നേരിട്ടുകൊണ്ടിരിക്കുന്നതും പരിഹാരം കാണാതെപോകുന്നതുമായ ഒരു പ്രയാസമാണ്. തുച്ഛമായ ശമ്പളം പറ്റുന്ന പ്രവാസികൾക്കും കുടുംബത്തിനും സന്തോഷവേളകളിൽ അവരുടെ കുടുംബത്തിലേക്ക് എത്തിപ്പെടാൻ സാധിക്കാത്ത ഈ സങ്കീർണതക്ക് ഇനിയെങ്കിലും ഒരു പരിഹാരം കാണാൻ കഴിയേണ്ടതുണ്ട്. പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ ജീവിതവൃത്തിക്കായി ആരംഭിക്കുന്ന സംരംഭങ്ങൾ പലതും ചുവന്ന നാടയിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥാവിശേഷമാണുള്ളത്. അവരുടെ ഫയലുകളിൽ പെട്ടെന്ന് തീർപ്പുകൽപ്പിക്കാനും ആവശ്യമായ നടപടികൾ സർക്കാറിന്റെ ഭാഗത്തുനിന്ന് ലഭിക്കാനുമുള്ള പ്രത്യേക ശ്രദ്ധ പതിയേണ്ട വിഷയമാണ്.
പ്രവാസ മേഖലയിലെ എടുത്തുപറയാവുന്ന പോരായ്മയിലൊന്നാണ് വിവരശേഖരണം എന്നത്. കൃത്യമായ വിവരശേഖരണവും അതിന്റെ വേർതിരിവും ഉണ്ടെങ്കിൽ മാത്രമേ അതിന്റെ കൃത്യമായ ഫലത്തെക്കുറിച്ച് ഭരണകൂടത്തിനും ബ്യൂറോക്രസിക്കും മനസ്സിലാക്കാൻ കഴിയുകയുള്ളൂ. കൃത്യമായ ഡേറ്റകൾ ശേഖരിക്കുന്നതിന് ആവശ്യമായ രീതിയിൽ സംവിധാനങ്ങൾ ഏർപ്പെടുത്തണം എന്നത് സർക്കാറിന്റെ മുഖ്യമായ ഒരു കർമമായി ഏറ്റെടുക്കണം. ഇത്തരത്തിലുള്ള ഡേറ്റകളുടെ അഭാവത്തിൽ പ്രവാസികളുടെ സംഭാവനകളെ കുറിച്ചും പ്രവാസികൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ഭരണകൂടത്തിന് മനസ്സിലാക്കാൻ കഴിയാതെപോകും എന്നുള്ളത് ഒരു യാഥാർഥ്യമാണ്.
ഇത്തരം വിവരശേഖരണങ്ങൾ അവരുടെ പുനരധിവാസ നടപടികൾക്ക് ഗവൺമെന്റിനുതന്നെ ഏറെ സഹായകമായിത്തീരുകയും ചെയ്യും. വർത്തമാനകാലത്ത് ജോലിയാവശ്യാർഥ്യം മാത്രമല്ല പഠന ഗവേഷണങ്ങൾക്കും പ്രവാസ ലോകത്തേക്ക് പറന്നുയരുന്ന പ്രവാസികളെ ചേർത്തുപിടിക്കാനും ജനാധിപത്യത്തിന് ശക്തി പകരാനുമുള്ള വോട്ടിങ് അടക്കമുള്ള അവകാശങ്ങൾ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ശ്രമിക്കണമെന്നുകൂടി ഈ അവസരത്തിൽ ഓർമപ്പെടുത്തുന്നു. എത്രയും വേഗം ഇവയൊക്കെ സാധ്യമാകും എന്ന് പ്രത്യാശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

