പ്രവാസികൾ പറയുന്നു; കണ്ണൂർ വിമാനത്താവളത്തെ തകർക്കരുത്
text_fieldsകണ്ണൂർ വിമാനത്താവളം
മസ്കത്ത്: ദിവസങ്ങൾക്ക് മുമ്പ് ഇൻഡിഗോ മസ്കത്തിൽനിന്ന് കണ്ണൂരിലേക്ക് പുതുതായി സർവീസുകൾ ആരംഭിച്ചെങ്കിലും കൂടുതൽ സർവിസുകൾ വേണമെന്ന ആവശ്യവുമായി മസ്കത്തിലെ പ്രവാസികൾ. ഇൻഡിഗോ ആഴ്ചയിൽ മൂന്നു സർവീസുകൾ മാത്രമാണ് നടത്തുന്നതെന്നും ഇത് ആഴ്ചയിൽ ഏഴ് ആക്കണമെന്നുമാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്. എയർ ഇന്ത്യഎക്സ്പ്രസ് ഈടാക്കുന്ന കൊല്ലുന്ന നിരക്കുകൾ കുറക്കണമെന്നും കണ്ണൂർ യാത്രക്കാർ പറയുന്നു. നിലവിൽ ഇൻഡിഗോ ശനി, ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് സർവിസുകൾ നടത്തുന്നത്.
പകൽ സമയത്തുള്ള ഈ സർവിസുകൾ കമ്പനികളിലും മറ്റും ജോലി ചെയ്യുന്നവർക്കും ഹൃസ്വ അവധിക്ക് നാട്ടിൽ പോവുന്നവർക്കും അനുയോജ്യമായതല്ലെന്നും പറയുന്നു. വ്യാഴാഴ്ച രാത്രിയോ വെള്ളിയാഴ്ച പുലർച്ചയോ ആണ് ഇത്തരക്കാർക്ക് അനുയോജ്യമെന്നും യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു. ഇൻഡിഗോ സർവിസുകൾ ആരംഭിക്കുന്നതോടെ നിരക്കുകൾ കുറയുമെന്ന് പ്രതീക്ഷിച്ചെങ്കിലും കഴുത്തറുപ്പൻ നിരക്കുകൾ തന്നെയാണ് ഈടാക്കുന്നത്.
നിലവിൽ കണ്ണൂർ വിമാനത്താവളം നഷ്ടത്തിലാണെന്നും കൂടുതൽ രാജ്യങ്ങളിലേക്ക് കൂടുതൽ സർവിസുകൾ ആരംഭിച്ചാൽ മാത്രമാണ് ഈ നഷ്ടം നികത്താൻ കഴിയുക. ഇതിന് വിദേശ വിമാന കമ്പനികൾക്ക് സർവിസ് അനുവദിക്കുന്ന ‘പോയന്റ് ഓഫ് കാൾ’ പദവി കണ്ണൂരിന് അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ലോകത്തിലെ തന്നെ മികച്ച വിമാനത്താവളത്തിനുള്ള അംഗീകാരങ്ങൾ നേടിയ കണ്ണൂരിന് പദവി നൽകാത്തതിൽ ആശ്ചര്യമുണ്ടെന്നും അവർ പറഞ്ഞു. നിലവിൽ ബാലിശമായ കാരണങ്ങൾ പറഞ്ഞാണ് പദവി തടയുന്നത്.
കണ്ണൂർ വിമാനത്താവളത്തെ നശിപ്പിക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുന്നതായി സംശയമുണ്ട്. കേരള മുഖ്യമന്ത്രിയും കേരളത്തിലെ എം.പിമാരും പോയന്റ് ഓഫ് പദവിക്കായി കേന്ദ്രത്തെ സമീപിച്ചെങ്കിലും അത് നിരസിക്കുകയായിരുന്നു. പാർലിമെന്റിൽ കെ. സുധാകരൻ വിഷയം ഉന്നയിച്ചെകിലും മെട്രോ സിറ്റികളിലെ വിമാനത്താവളങ്ങളിലെ വിമാനത്താവളങ്ങൾക്ക് മാത്രമാണ് പോയന്റ് ഓഫ് പദവി നൽകുകയെന്ന നിലപാടാണ് ബന്ധപ്പെട്ടവർ നൽകിയത്.
കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ 747.77 കോടി രൂപയുടെ നഷ്ടമാണ് കണ്ണൂർ വിമാനത്താവളത്തിനുള്ളത്. ഇത് നികത്താൻ കഴിയുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കൂടുതൽ സർവിസുകൾ ആരംഭിക്കാതെ ഇത് നികത്താൻ കഴിയില്ലെന്ന് യാത്രക്കാർ കരുതുന്നു. പോയന്റ് ഓഫ് കോൾ പദവി ലഭിച്ചാൽ ചുരുങ്ങിയത് 20 അന്താരാഷ്ട്ര കമ്പിനികളെങ്കിലും കണ്ണൂരിലേക്ക് സർവിസുകൾ ആരംഭിക്കാൻ തയാറാണെന്നും അറിയിച്ചിട്ടുണ്ട്. കേരളത്തിലെ നാലു ജില്ലക്കാർക്കും അയൽ സംസ്ഥാനക്കാർക്കും ഏറെ അനുഗ്രഹമാണ് കണ്ണൂർ വിമാനത്താവളം. എന്നാൽ കണ്ണൂരിൽനിന്ന് സർവിസുകൾ കുറഞ്ഞതോടെ പലരും ഈ വിമാനത്താവളത്തെ ഒഴിവാക്കുകയാണ്. ഇത് കണ്ണൂരിനെ കൂടുതൽ നഷ്ടത്തിലേക്ക് നയിക്കുമെന്നാണ് പലരും കരുതുന്നത്.
നിലവിൽ കണ്ണൂരിൽ നിന്ന് 35 ദിവസേന സർവിസുകളാണുള്ളത്. ഇതിൽ 15 സർവിസുകളൊഴികെ ബാക്കിയെല്ലാം ദേശീയ തലത്തിൽ സർവിസ് നടത്തുന്നവയാണ്. ഇനിയും കണ്ണൂരിനോട് അവഗണന തുടരുകയാണെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുമ്പോട്ട് പോവേണ്ടി വരുമെന്നും യാത്രക്കാർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

