പൊതുജനാരോഗ്യ നിയമം അടിയന്തരമായി നടപ്പാക്കണം –ഐ.എം.എ
text_fieldsമസ്കത്ത്: കേരളത്തില്‍ പൊതുജനാരോഗ്യ നിയമം അടിയന്തരമായി നടപ്പാക്കേണ്ടതുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) ആവശ്യപ്പെട്ടു. അശാസ്ത്രീയ ചികിത്സാ രീതിയുടെ കടന്നുകയറ്റം കേരളത്തില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണുണ്ടാക്കുന്നതെന്നും ഐ.എം.എ കേരള പ്രസിഡന്‍റ് ഡോ. വി.ജി. പ്രദീപ്കുമാറും നാഷനല്‍ കോഓഡിനേറ്റര്‍ ജോണ്‍ പണിക്കരും മസ്കത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആരോഗ്യ സംരക്ഷണത്തില്‍ ഭക്ഷ്യസുരക്ഷക്ക് വലിയ പ്രാധാന്യമാണുള്ളത്. എന്താണ് സുരക്ഷിതമായ ഭക്ഷണം എന്നതിനെക്കുറിച്ച് ജനങ്ങള്‍ക്ക് തിരിച്ചറിവ് വേണം. റോഡ് സുരക്ഷ, മതിയായ കുടിവെള്ള ലഭ്യത, സാനിറ്റേഷന്‍, മാലിന്യ നിക്ഷേപ സൗകര്യങ്ങള്‍ എന്നിവയില്‍ കൃത്യമായ മാനദണ്ഡങ്ങളും നിയമങ്ങളും ഉള്‍പ്പെടുത്തി പൊതുജനാരോഗ്യ നിയമം അടിയന്തരമായി നടപ്പാക്കണം. ആശുപത്രികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളാണ് മെഡിക്കല്‍ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളി. രോഗിക്ക് എന്തെങ്കിലും അപകടമോ മരണമോ സംഭവിച്ചാല്‍ പരാതി പരിഹാര സെല്ലുകളെ സമീപിച്ച് യഥാര്‍ഥ കാരണം കണ്ടത്തൊതെ വൈകാരികമായി പ്രതികരിക്കുകയാണ് പലരും. ജോലിഭാരം നിമിത്തം സര്‍ക്കാര്‍ സര്‍വിസിലെ ഡോക്ടര്‍മാര്‍ക്ക് രോഗികളോട് നീതിപുലര്‍ത്താന്‍ കഴിയുന്നില്ല.
ക്ളിനിക്കുകളും ചെറുകിട ആശുപത്രികളും നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന രീതിയില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടിവരുന്നതാണ് പ്രധാന കാരണം. കഴിഞ്ഞ അഞ്ചുവര്‍ഷ കാലയളവില്‍ കേരളത്തില്‍ അഞ്ഞൂറോളം ചെറുകിട ആശുപത്രികള്‍ അടച്ചുപൂട്ടി. അവശേഷിക്കുന്നവയുടെ ജല, വൈദ്യുതി നിരക്കുകളില്‍ സര്‍ക്കാര്‍ സബ്സിഡി നല്‍കണം. മെഡിക്കല്‍ കോളജുകളുടെ വര്‍ധിച്ച എണ്ണം വൈദ്യ വിദ്യാഭ്യാസത്തിന്‍െറ നിലവാരത്തെ ബാധിച്ചിട്ടുണ്ട്. കേരളത്തിലെ ആരോഗ്യരംഗത്തിന് വേണ്ട മനുഷ്യവിഭവ ശേഷി എന്താണ് എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ശാസ്ത്രീയ പഠനം അടിയന്തരമായി നടത്തേണ്ടതുണ്ട്. അതിന് അനുസരിച്ചേ മെഡിക്കല്‍ കോളജുകള്‍ അനുവദിക്കാവൂ.
സാമൂഹിക മാധ്യമങ്ങളിലൂടെയാണ് അശാസ്ത്രീയ ചികിത്സകര്‍ ആളുകളെ വലയിലാക്കുന്നത്. കാന്‍സര്‍ പൂര്‍ണമായും സുഖപ്പെട്ട രോഗി ഉള്‍പ്പെടെ തെറ്റായ ചികിത്സാരീതിയുടെ പിന്നാലെപോയി മരണപ്പെട്ട സംഭവമുണ്ടായി. ഡിഫ്ത്തീരിയ വാക്സിന്‍ നല്‍കാതെ കുഞ്ഞുങ്ങള്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മരണപ്പെടുന്ന സാഹചര്യമുണ്ട്. പ്രകൃതിചികിത്സയുടെയും മറ്റും പേരിലുള്ള നിക്ഷിപ്ത താല്‍പര്യക്കാരാണ് വാക്സിനേഷന്‍ വിരുദ്ധ പ്രചാരണത്തിന് പിന്നില്‍.
സാംക്രമിക രോഗങ്ങള്‍ തടയാവുന്നതാണെന്ന ബോധം അനിവാര്യമാണ്. മലമ്പുഴയിലെ ഐ.എം.എയുടെ ബയോമെഡിക്കല്‍ പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം കാര്യക്ഷമമാണ്. ഇതിനെതിരായ പ്രചാരണത്തിന് പിന്നില്‍ നിക്ഷിപ്ത താല്‍പര്യക്കാരാണ്. തെരുവുനായ് പ്രശ്നത്തില്‍ സമഗ്രമായ ഇടപെടല്‍ വേണം. തെരുവുനായ്ക്കള്‍ക്ക് അനുകൂലമായി രംഗത്തുവരുന്ന സന്നദ്ധ സംഘടനകള്‍ക്കുപിന്നില്‍ പേവിഷ മരുന്ന് കമ്പനികളുടെ ഇടപെടലുകള്‍ സംശയിക്കാവുന്നതാണ്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ക്ളിനിക്കല്‍ എസ്റ്റാബ്ളിഷ്മെന്‍റ് ബില്ലും നാഷനല്‍ മെഡിക്കല്‍ കമീഷനും വൈദ്യശാസ്ത്ര മേഖലയെ ദോഷകരമായി ബാധിക്കുമെന്ന് ജോണ്‍ പണിക്കര്‍ പറഞ്ഞു.
ഐ.എം.എയുടെ സാമൂഹിക പ്രതിബദ്ധതാ പരിപാടികളുടെ ഭാഗമായ ശബ്ദമലിനീകരണത്തിനെതിരായ പ്രചാരണ പരിപാടി പുരോഗമിക്കുന്നതായും ഡോ. ജോണ്‍ പണിക്കര്‍ പറഞ്ഞു. ഡോ. ആരിഫ് അലി കൊളത്തെക്കാട്ടും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
