അനധികൃത മീൻപിടിത്തം; രണ്ടുപേർ പിടിയിൽ
text_fieldsപിടിച്ചെടുത്ത വലകൾ
മസ്കത്ത്: അനധികൃത മീൻപിടിത്തവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പിടികൂടിയതായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അറിയിച്ചു. ദോഫാർ ഗവർണറേറ്റിലെ താഖാ വിലായത്തിൽനിന്നാണ് ഇവർ പിടിയിലാകുന്നത്.
സീസണല്ലാത്ത സമയത്ത് ലോബ്സ്റ്റർ പിടികൂടിയതിനാണ് ഇവർക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. അനധികൃത മീൻപിടിത്തത്തിന് ഉപയോഗിച്ച 56 വലകളും പിടിച്ചെടുത്തു.
നവംബർ രണ്ട്, മൂന്ന് തീയതികളിലായി സലാല, റഖ്യൂത്ത്, ദാൽകുട്ട് എന്നീ വിലായത്തുകളിൽ ഫിഷറീസ് കൺട്രോൾ ടീം നടത്തിയ പരിശോധനയിലാണ് വലകൾ പിടിച്ചെടുത്തത്.
നിയമലംഘനങ്ങൾക്കെതിരെ നടപടികൾ പൂർത്തിയായിവരുകയാണെന്ന് അധികൃതർ അറിയിച്ചു.

