ഇന്ത്യൻ നാഷണൽ സ്‌കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പ് നേടി ഒമാനിലെ പ്രവാസി വിദ്യാർഥി
text_fieldsമസ്കത്ത്: ഇന്ത്യൻ നാഷനൽ സ്‌കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി ഇന്ത്യൻ സ്കൂൾ ബൗഷർ നാലാം ക്ലസ്‍സ് വിദ്യാർഥി ഇലാൻ ഷഫീഖ്. അസം ഗുവാഹത്തിയിലെ സറുസാജൈ ഇൻഡോർ സ്റ്റേഡിയത്തിൽ കഴിഞ്ഞ ഡിസംബർ 27 മുതൽ 31 വരെ നടന്ന 14-ആമത് ഇന്ത്യൻ നാഷണൽ സ്‌കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ -ഒമ്പത് കാറ്റഗറിയത്‍ലാണ് ഇലാന്റെ നേട്ടം. ഒമ്പത് മത്സരങ്ങളിൽ ഏഴ് മത്സരങ്ങളിൽ വിജയിച്ചും വാശിയേറിയ രണ്ടു മത്സരങ്ങളിൽ സമനില പാലിച്ചും ആകെ എട്ട് പോയിന്റ് കരസ്ഥമാക്കിയാണ് ഇലാൻ ഷഫീഖ് ചാമ്പ്യനായത്.
ഇന്ത്യയിൽ നിന്നും 28 സംസ്ഥാനങ്ങളെ പ്രതിധീകരിച്ച് വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തിരുന്നു. ഒമാനിൽ നിന്നും ആദ്യമായാണ് ഒരു വിദ്യാർഥി ദേശീയ ചെസ്സ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുന്നത്.
കിരീടവുമായി മസ്‌കത്ത് വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇലാൻ ഷഫീഖിന് സ്‌കൂൾ അധ്യാപകരും കോച്ചുമാരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് വൻ സ്വീകരണമാണ് നൽകിയത്.
ഇലാൻ ഷഫീഖ് ഡിസംബർ ആദ്യവാരത്തിൽ ഒമാനിൽ വെച്ച് എട്ട് രാജ്യങ്ങളിൽ നിന്നുള്ള 54 കളിക്കാരുമായി നടന്ന ഫിഡെ റേറ്റഡ് ക്ലാസിക്കൽ ഓപ്പൺ ടൂർണമെന്റിൽ വിജയിച്ച് ഒമാന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്ലാസിക്കൽ ഫിഡെ റേറ്റഡ് ചാമ്പ്യനായിരുന്നു.
ഒട്ടനവധി ദേശീയ, ഇന്റർനാഷണൽ മത്സരങ്ങളിൽ ഇലാൻ ഷഫീഖ് പങ്കെടുത്തിട്ടുണ്ട്. സഹോദരങ്ങളായ സിനാൻ ഷഫീഖ് (ഇന്ത്യൻ സ്കൂൾ സീബ്), ഇസാൻ ഷഫീഖ് (ഇന്ത്യൻ സ്കൂൾ ബൗഷർ) എന്നിവർ സി.ബി.എസ്.ഇ ദേശീയ തലത്തിൽ വെങ്കല മെഡലിസ്റ്റുകളാണ്. സഹോദരി ഇശൽ ഷഫീഖ് നല്ലൊരു കലാകാരികൂടിയാണ്. തൃശൂർ ജില്ലയിലെ പാവറട്ടിക്കടുത്ത് വെന്മേനാട് ചക്കനാത്ത് ഷഫീഖ്, നഷീജാ ഷഫീഖ് ദമ്പതികളുടെ മക്കളാണ് ഇൗ പ്രതിഭകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.


