ഇഫ്താർ ടെന്റുകൾ സാഹോദര്യത്തിന്റെ മാതൃക
text_fieldsജാതിക്കും മതത്തിനും രാജ്യങ്ങൾക്കും അതീതമായി മനുഷ്യർ ഒരേ വരിയിൽ ഇരുന്നു നോമ്പ് തുറക്കുന്ന കാഴ്ചയാണ് ഇഫ്താർ ടെന്റുകളുടെ ഏറ്റവും വലിയ സവിശേഷത. അറബി അതിഥി സൽക്കാരത്തിന്റെ ഉത്തമ ഉദാഹരണമാണിത്.
കോവിഡ് എന്ന മഹാമാരിയുടെ കാലത്ത് നിലച്ചുപോയ ഈ ഒത്തുചേരലുകൾ പഴയ പ്രതാപത്തിലില്ലെങ്കിലും വീണ്ടും സജീവമാകുന്നത് വലിയൊരു ആശ്വാസമാണ്. സാമൂഹിക അകലം പാലിക്കേണ്ടി വന്ന ആ പഴയ റമദാൻ കാലങ്ങളിൽ നിന്ന് മാറി, ഇന്ന് ആളുകൾ വീണ്ടും തോളോടുതോൾ ചേർന്നിരിക്കുന്നത് കാണുന്നത് ഹൃദ്യമായ കാഴ്ചയാണ്. കോവിഡ് മഹാമാരിക്ക് മുമ്പ് ഒമാനിലെ ഇഫ്താർ ടെന്റുകൾ സജീവവും ആഘോഷപൂർണവുമായ ഒരു കാഴ്ചയായിരുന്നു. സാമൂഹിക അകലം എന്ന നിബന്ധനകൾ ഇല്ലാതിരുന്ന ആ കാലത്ത്, ഈ കൂടാരങ്ങൾ വെറും ഭക്ഷണശാലകൾ എന്നതിലുപരി വലിയൊരു ജനസംഗമ വേദിയായിരുന്നു. പള്ളികൾക്കും പ്രധാന കവലകൾക്കും സമീപം വലിയ ടെന്റുകൾ ഉയർന്നിരുന്നു.
സർക്കാറിന് കീഴിലും സ്വകാര്യ വ്യക്തികളുടെ ചെലവിലും ടെന്റുകൾ ഉയരാറുണ്ട്. നൂറുകണക്കിന് ആളുകൾ ഒരേസമയം തോളോടുതോൾ ചേർന്നിരുന്നാണ് നോമ്പ് തുറന്നിരുന്നത്. അയൽവാസികളും സുഹൃത്തുക്കളും ചേർന്ന് വലിയ പാത്രങ്ങളിൽ ഹരീസും മറ്റു വിഭവങ്ങൾ തയാറാക്കി ടെന്റുകളിലേക്ക് എത്തിക്കുന്ന പതിവുണ്ടായിരുന്നു.
അപരിചിതർ പോലും സുഹൃത്തുക്കളായി മാറുന്ന വേദികളായിരുന്നു ഇവ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും സ്വദേശികളും വിശേഷങ്ങൾ പങ്കുവെച്ചിരുന്ന സജീവമായ ഇടങ്ങളായിരുന്നു അവ.
ഇഫ്താറിന് ശേഷവും തറാവീഹ് നമസ്കാരം വരെ ആളുകൾ ഈ ടെന്റുകളിൽ ഒത്തുകൂടുകയും മതപരമായ ചർച്ചകളിലും സൗഹൃദ സംഭാഷണങ്ങളിലും ഏർപ്പെടുകയും ചെയ്തിരുന്നു.
കോവിഡ് മഹാമാരിക്ക് ശേഷം നിയന്ത്രണങ്ങൾ മാറിവന്നതോടെ ഇത്തരം വലിയ ടെന്റുകൾ പതിയെ സജീവമായിത്തുടങ്ങുന്നത് ഏറെ സന്തോഷകരമായ കാഴ്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

