മത്ര സൂഖ് ദര്‍വാസയിലെ ഈ ഇഫ്താറിന് മാധുര്യമേറെയാണ്...
text_fieldsനൂര്‍ ആലം ഇഫ്താറിനുള്ള ഒരുക്കങ്ങൾ നടത്തുന്നു
മത്ര: വേറിട്ടതും വ്യത്യസ്തവും ലളിതവുമായ ഒരു ഇഫ്താര്‍ വിരുന്നാണ് ദിവസവും മത്ര സൂഖ് ദര്‍വാസയില്‍ നടന്നുവരുന്നത്. സാധാരണക്കാരില്‍ സാധാരണക്കാരുടെ വിയര്‍പ്പിന്റെ മണവും,അധ്വാനത്തിന്റെ ഉപ്പ് രസവും കലര്‍ന്ന മാധുര്യമേറിയ ഇഫ്താറാണിത് എന്നതാണ് ഈ നോമ്പ് തുറ സംഗമത്തെ ശ്രദ്ധേയമാക്കുന്നത്.സംഘാടകരോ, സ്പോണ്‍സര്‍മാരോ, പ്രത്യേക വളന്റിയര്മാരോ ഇല്ലാതെ, ഒരു ദിവസംപോലും മുടങ്ങാതെ ഈ ജനകീയ ഇഫ്താര്‍ നടന്നുവരുന്നു. അര്‍ബാന തൊഴിലാളിയായ ഒരു ബംഗ്ലാദേശിയാണ് ഈ ഇഫ്താറിന്റെ മുഖ്യസംഘാടകന്‍.
മത്ര സൂഖിലെ സുപരിചിത മുഖമായ നൂര്‍ ആലം എന്ന ഒറ്റയാള്‍ പട്ടാളത്തിന്റെ ചടുലത കൊണ്ടു മാത്രമാണ് സാധാരണക്കാര്‍ക്കും, കൂലിവേലക്കാര്‍ക്കും അര്‍ബാന തൊഴിലാളികള്‍ക്കും, വഴിയാത്രക്കാരായി എത്തിപ്പെടുന്നവര്‍ക്കും തൊഴില്‍ രഹിതര്‍ക്കും ഒക്കെ ദര്‍വാസയിലെ ഈ ഇഫ്താര്‍ ആശ്വാസമാകുന്നത്. അര്‍ബാന ഉന്തി നിത്യചെലവിനുള്ള കാശ് സാമ്പാദിക്കാന്‍ പാടു പെടുന്ന നൂര്‍ ആലം കയ്യിൽനിന്ന് പൈസ ചെലവിട്ടാണ് ദിവസവും ഇഫ്താര്‍ ഒരുക്കുന്നത്. വൈകീട്ട് നാലരയോടെ തന്റെ ജോലിയും അര്ബാനയും മാറ്റിവെച്ച് നൂര്‍ ആലം ഇഫ്താര്‍ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിക്കും. ആവശ്യമായ പഴങ്ങള്‍ വാങ്ങി മുറിച്ച് പാകപ്പെടുത്തിവെക്കുമ്പോള് കൂടെ ഇഫ്താറിന് ഇരിക്കുന്നവര്‍ ഒത്തുചേര്‍ന്ന് തങ്ങളാലാവുന്ന സംഖ്യകള്‍ കൂട്ടിയിട്ട് മറ്റ് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങി വിഭവങ്ങള്‍ വിപുലമാക്കുകയാണിവിടെ. സമീപത്തെ കഫറ്റീരിയകളില്നിന്നും പലഹാരങ്ങള്‍ വാങ്ങി നല്‍കുന്നവരുമുണ്ട്. ഇഫ്താറിന് വേണ്ടുന്ന ലബനും വെള്ളവുമൊക്കെ സമയമാകുമ്പോഴേക്കും എവിടെ നിന്നാണെന്നൊന്നും അറിയാത്ത വിധം സുപ്രയിലേക്ക് എത്തിച്ചേരുന്നത് തന്നെ ആശ്ചര്യമായ കാഴ്ചയായി തോന്നുന്നുവെന്ന് സമീപത്തെ കടക്കാരനായ റഷീദ് മട്ടന്നൂർ പറയുന്നു. റമദാന് തീരുംവരെ മുടക്കമില്ലാതെ മുന്നോട്ടുകൊണ്ട് പോകാന്‍ തന്നെയാണ് നൂറുല്‍ ആലമിന്റെ തീരുമാനം. മഗ്രിബ് നമസ്കാരശേഷം സമീപത്തെ സ്വദേശി വീട്ടില്‍നിന്ന് നൂര്‍ തന്നെ സംഘടിപ്പിച്ച് എത്തിക്കുന്ന കാവയും കജൂറും ഇവിടെ വരുന്നവര്‍ക്കൊക്ക ലഭ്യവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

