ഇനി രാവുറങ്ങാത്ത ദിനങ്ങൾ
text_fieldsബാങ്കൊലിക്കായി കാതോർത്ത് ... റമദാനിലെ ആദ്യദിനമായ ശനിയാഴ്ച നോമ്പ് തുറക്കാനായി പള്ളിയിലെത്തിയ കുരുന്ന് -വി.കെ.ഷെഫീർ
മസ്കത്ത്: ഇനി നാടിനും നഗരത്തിനും ഉറക്കമില്ലാത്ത രാവുകൾ. വിപണിയും വ്യാപാര സ്ഥാപനങ്ങളും ഭക്ഷണശാലകളുമടക്കം എല്ലാം സന്ധ്യയോടെ തിരക്കിലമരും. കുട്ടികളും മുതിർന്നവരുമായി കുടുംബങ്ങൾ പുറത്തിറങ്ങുന്നതോടെ രാവുകൾക്ക് നിറം വർധിക്കും. സൂഖുകളും മാളുകളും ഇനി പലർച്ചയോളം തുറന്നിടുന്നതിനാൽ പാതിര കഴിഞ്ഞാലും ജനനിബിഡമായിരിക്കും. ഹോട്ടലുകൾ പലതും പ്രഭാതം വരെ തുറന്നിടുന്നതിനാൽ രാത്രി മുഴുവൻ ഇവിടെ തിരക്ക് അനുഭവപ്പെടും. ഹോട്ടലുകളിൽ റമദാൻ ഭക്ഷ്യ വിഭവങ്ങൾ ലഭിക്കുന്നതിനാൽ പ്രവാസികൾ അടക്കം ഹോട്ടലുകളിലെത്തുന്നവരും നിരവധിയാണ്. മലയാളി ഹോട്ടലുകളിൽ ഇഫ്താറും ഇട അത്താഴവും അടക്കം എല്ലാ സൗകര്യങ്ങളുമുള്ളതിനാൽ ഇവിടങ്ങളിലും തിരക്കേറും. ഏതായാലും റമദാനിൽ അതിരാവിലെ വരെ എല്ലാ തെരുവുകളിലും ആൾപെരുമാറ്റവും ശബ്ദ കോലാഹലവും ഉണ്ടാവും. സ്വദേശികളിൽ പലരും രാത്രി കാലം മുഴുവൻ ഉറക്കമിളച്ചിരുന്ന് പ്രഭാത പ്രാർഥനക്കു ശേഷം കിടന്നുറങ്ങുന്നവരാണ്. ഇതിനാൽ പ്രധാന റോഡുകളിൽ രാത്രി വൈകിയും വൻ ഗതാഗതത്തിരക്ക് അനുഭവപ്പെടുന്നുണ്ട്.
ഒമാനിലെ വിവിധ മസ്ജിദുകളും രാത്രി ഏറെ വൈകുന്നത് വരെ വിശ്വാസികൾക്കായി മലർക്കെ തുറന്നിടും. മസ്ജിദുകളിൽ റമദാനിലെ പ്രത്യേക പ്രാർഥനയായ തറാവീഹ് നമസ്കാരം ഔദ്യോഗികമായി രാത്രി ഒമ്പതിന് മുമ്പ് പിരിയുമെങ്കിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്നവർക്കായി രാത്രി വൈകിയും നമസ്കാരങ്ങൾ നടക്കുന്നുണ്ട്. രാത്രി പത്തരക്ക് ആരംഭിച്ച് അർധരാത്രി വരെ നീളുന്ന നമസ്കാരങ്ങളും നിരവധിയാണ്. കേരളത്തിലെ പരമ്പരാഗത ശൈലിയിൽ മലയാളികൾ നേതൃത്വം നൽകുന്ന തറാവീഹുകളും ഉണ്ട്. 20 റക്അത്തും നാടൻ രീതിയിൽ സലാത്തും ഒക്കെയായാണ് ഈ നമസ്കാരങ്ങൾ. ഉറുദു വിഭാഗക്കാർ നടത്തുന്ന ദൈർഘ്യമേറിയ തറാവീഹുകളും ഉണ്ട് ഒരു മാസം കൊണ്ട് ഖുർആൻ നമസ്കാരത്തിൽ ഓതി പൂർത്തിയാക്കുന്നതാണ് ഈ നമസ്കാരങ്ങൾ.
റമദാനിൽ കായിക ഇനങ്ങളും നടക്കുന്നുണ്ട്. റമദാൻ ഫുട്ബാൾ, റമദാൻ ക്രിക്കറ്റ് തുടങ്ങിയ മത്സരങ്ങളാണ് വ്യാപകമായി നടക്കുന്നത്. രാത്രി കാലങ്ങളിലാണ് ഇത്തരം മത്സരങ്ങൾ നടക്കുന്നത്. രാത്രി നമസ്കാരത്തിന് ശേഷം ആരംഭിക്കുന്ന ഇത്തരം മത്സരങ്ങളും ടൂർണമെന്റുകളും രാത്രി വൈകിയാണ് അവസാനിക്കുന്നത്. മലയാളികളും ഇത്തരം റമദാൻ മത്സരങ്ങളും കളികളും സംഘടിപ്പിക്കാറുണ്ട്. റമദാനിൽ പഞ്ചനക്ഷത്ര ഹോട്ടലുകളിലും മറ്റും വൈവിധ്യം നിറഞ്ഞ ഭക്ഷ്യ ഇനങ്ങളുമായി ഇഫ്താറുകളും ഒരുക്കുന്നുണ്ട്.
മാസപ്പിറവി അറിഞ്ഞതോടെ വെള്ളിയാഴ്ച രാത്രി എല്ലാ ഹൈപ്പർമാർക്കറ്റുകളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്.കൂടാതെ വെള്ളിയാഴ്ച കൂടിയായത് തിരക്ക് വർധിക്കാൻ പ്രധാന കാരണമായി. വെള്ളിയാഴ്ചകളിലാണ് ഒമാനിലെ ഹൈപ്പർമാർക്കറ്റുകളിൽ ഏറ്റവും കുടുതൽ തിരക്ക് അനുഭവപ്പെടുന്നത്. വരുന്ന ആഴ്ചയിലേക്ക് വേണ്ട ഭക്ഷ്യവിഭവങ്ങളും മറ്റും പൊതുവെ വെള്ളിയാഴ്ചകളിലാണ് പലരും വാങ്ങുന്നത്. ഇത് കണ്ടറിഞ്ഞ് പല സ്ഥാപനങ്ങളും വാരാന്ത്യ ഓഫറുകളും നൽകുന്നുണ്ട്. അതോടൊപ്പം എല്ലാ ഹൈപ്പർ മാർക്കറ്റുകളിലും റമദാൻ വിഭവങ്ങളും നിറഞ്ഞിരുന്നു. റമദാൻ പ്രമാണിച്ച് ഏതാണ്ടെല്ലാ ഹൈപ്പർമാർക്കറ്റുകളും പ്രത്യേക ഓഫറുകളും നൽകുന്നത് തിരക്ക് വർധിക്കാൻ കാരണമായി.
തിരക്ക് വർധിച്ചതിനാൽ കാഷ് കൗണ്ടറിലും നീണ്ട ക്യൂകൾ കാണാമായിരുന്നു. ഇത്തരം സ്ഥാപനങ്ങളിൽ കയറിയ പലരും പുറത്തിറങ്ങാൻ മണിക്കൂറുകൾ എടുത്തിരുന്നു. വൻ തിരക്ക് കാരണം ആവശ്യവസ്തുക്കൾ വാങ്ങാൻ കഴിയാതെ തിരിച്ചുപോയവരും നിരവധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

