സ്വർണ ക്രയവിക്രയങ്ങൾക്ക് ഐ.ഡി കാർഡ് നിർബന്ധമാക്കുന്നു
text_fieldsമസ്കത്ത്: സ്വർണം, വൈരക്കല്ലുകൾ മറ്റ് വില പിടിപ്പുള്ള ലോഹങ്ങൾ എന്നിവയുടെ ക്രയവിക്രയങ്ങൾക്ക് ഉപഭോക്താക്കൾ തിരിച്ചറിയൽ കാർഡുകൾ കാണിക്കണമെന്ന് വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ആവശ്യപ്പെട്ടു. ഇത്തരം ഉൽപന്നങ്ങൾ വാങ്ങൽ വിൽക്കൽ അടക്കമുള്ള എല്ലാ ഇടപാടുകൾക്കും ഇത് നിർബന്ധമാണെന്നും മന്ത്രാലയം പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്, തീവ്രവാദ ധനസഹായം വിരുദ്ധ നിയമം രാജ്യത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായാണിതെന്നും മന്ത്രാലയം അറിയിച്ചു. എല്ലാ ഇടപാടുകൾക്കും തിരിച്ചറിയൽ കാർഡുകൾ കാണിക്കുന്നത് നിർബന്ധമാവുന്നതോടെ ജ്വല്ലറികളും സ്വർണ വ്യാപാര സ്ഥാപനങ്ങളും ഇടപാടുകാരിൽനിന്ന് രേഖകൾ ചോദിക്കേണ്ടി വരും. ഈ നിയമം കർശനമായി നടപ്പാക്കുകയാണെങ്കിൽ സ്വർണ ഇടപാടുകൾ സംബന്ധമായ എല്ലാ വിവരങ്ങളും അധികൃതർക്ക് ലഭിക്കും. അതോടെ റസിഡൻറ് കാർഡുകൾ ഇല്ലാത്തവർക്ക് സ്വർണ ഇടപാടുകൾ നടത്താൻ കഴിയാതെ വരും.
വിസിറ്റ് വിസയിൽ എത്തുന്നവർക്കും അനധികൃതമായി ഒമാനിൽ തങ്ങുന്നവർക്കും സ്വർണം വാങ്ങാനും സാധിക്കില്ല. സാധാരണ വർഷംതോറും കുടുംബ വിസിറ്റ് വിസയിലും മറ്റും ഒമാനിലെത്തുമ്പോൾ തിരിച്ചു പോവുമ്പോൾ സ്വർണം വാങ്ങാറുണ്ട്. അധികൃതർ നിയമം കർശനമാക്കുകയാണെങ്കിൽ ഇത്തരക്കാരെയും നിയമം പ്രതികൂലമായി ബാധിക്കും. നിലവിൽ ജ്വല്ലറികൾക്ക് ഉപഭോക്താക്കളിൽനിന്ന് സ്വർണം വാങ്ങുന്നതിന് നിരവധി നിയന്ത്രണങ്ങളുണ്ട്. സ്വർണം വിൽക്കാൻ വരുന്നവരുടെ റസിഡൻറ് കാർഡ് വാങ്ങണമെന്നും ഈ രേഖകൾ അധികൃതർക്ക് സമർപ്പിക്കണമെന്നുമാണ് നിയമം. അതോടൊപ്പം സ്വർണം വാങ്ങുന്നതിന് ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് മൊത്ത വ്യാപാരികളിൽനിന്ന് സ്വർണക്കട്ടികൾ വാങ്ങുന്നതിന് നിയന്ത്രണങ്ങളില്ല. എന്നാൽ, വ്യക്തികളും മറ്റും സ്വർണക്കട്ടികൾ വാങ്ങുമ്പോൾ മൊത്ത വ്യാപാരികൾ റസിഡൻറ് കാർഡുകൾ ആവശ്യപ്പെടാറുണ്ട്.
നിലവിൽ രാജ്യത്തുനിന്ന് പണമയക്കുന്നതിനും ബാങ്കുകളിലെ ഇടപാടുകൾക്കും തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാണ്. ഒമാനിൽ അനധികൃതമായി തങ്ങുന്നവർക്കും റസിഡൻറ് കാർഡ് ഇല്ലാത്തവർക്കും സ്വന്തം രാജ്യത്തേക്ക് പണം അയക്കാൻ കഴിയില്ല. റസിഡൻറ് കാർഡിന്റെ കാലാവധി കഴിയുന്നതോടെ ബാങ്ക് ഇടപാടുകളും നിലക്കും. ഇതേ നിയമം സ്വർണം അടക്കമുള്ള വില പിടിപ്പുള്ള ലോഹങ്ങൾക്കും നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിലൂടെ അനധികൃത സാമ്പത്തിക ഇടപാടുകളും സ്വർണം അടക്കമുള്ള വിലപിടിപ്പുള്ളവ ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകളും നിയന്ത്രിക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

