ട്വന്റി20 ലോകകപ്പ് യോഗ്യത: ഒമാൻ സെമിയിൽ
text_fieldsഅൽഅമീറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഒമാൻ-ഫിലിപ്പീൻസ് മത്സരത്തിൽനിന്ന് -വി.കെ. ഷെഫീർ
മസ്കത്ത്: ട്വന്റി20 ലോകകപ്പ് യോഗ്യതയുടെ നിർണായക മത്സരത്തിൽ ഫിലിപ്പീൻസിനെ ഒമ്പതു വിക്കറ്റിന് തകർത്ത് ഒമാൻ സെമിയിൽ കടന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഫിലിപ്പീൻസ് 15.2 ഓവറിൽ 36 റൺസിന് പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാൻ 2.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകണ്ടു.
ഖുറം ഖാൻ 33 റൺസ് നേടി. ഫിലിപ്പീൻസിനുവേണ്ടി ഹുസൈഫ് അക്രം ഒരു വിക്കറ്റെടുത്തു. ഒമാന്റെ മാരക ബൗളിങ്ങിനു മുന്നിൽ ഫിലിപ്പീൻസിലെ ഒരാൾക്കുപോലും രണ്ടക്കം കടക്കാനായില്ല. 3.2 ഓവറിൽ 11 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത ഖവാർ അലിയുടെ ബൗളിങ്ങാണ് ഫിലിപ്പീൻസിനെ ചുരുങ്ങിയ സ്കോറിൽ ചുരുട്ടിക്കെട്ടാൻ സഹായിച്ചത്.
ഖലീമുല്ല, അഹമ്മദ് ഫയാസ് ബട്ട് എന്നിവർ രണ്ടു വീതം വിക്കറ്റും വീഴ്ത്തി.
ചൊവ്വാഴ്ച നടക്കുന്ന സെമിഫൈനലിൽ അയർലൻഡാണ് ഒമാന്റെ എതിരാളി. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ബഹ്റൈൻ യു.എ.ഇയെ രണ്ടു റൺസിന് അട്ടിമറിച്ചു. ആദ്യം ബാറ്റ് ചെയ്ത ബഹ്റൈൻ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണെടുത്തത്. എന്നാൽ, യു.എ.ഇക്ക് ആറു വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുക്കാനേ സാധിച്ചുള്ളൂ.
കാനഡ നേപ്പാളിനെ എട്ടു വിക്കറ്റിനും അയർലൻഡ് ജർമനിയെ ഏഴു വിക്കറ്റിനും പരാജയപ്പെടുത്തി.
മറ്റൊരു സെമിയിൽ നേപ്പാൾ യു.എ.ഇയുമായും ഏറ്റുമുട്ടും. മറ്റു ടീമുകൾ അഞ്ചു മുതൽ എട്ടുവരെയുള്ള സ്ഥാനങ്ങൾക്കും അങ്കംകുറിക്കും.

