ഐ.സി.സി ക്രിക്കറ്റ് ലോകകപ്പ് ലീഗ് -2: ഒമാന്‍ രണ്ടാം ജയം
text_fieldsദുബൈ ഐ.സി.സി ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തില്‍ നടന്ന ഒമാൻ-യു.എ.ഇ മത്സരത്തിൽനിന്ന്
മസ്കത്ത്: ദുബൈ ഐ.സി.സി ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തില്‍ നടന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഒമാന്‍ രണ്ടാം ജയം ഐ.സി.സി ക്രിക്കറ്റ് ലോകകപ്പ് ലീഗ് 2 ന്റെ ഭാഗമായുള്ള മത്സരത്തിൽ യു.എ.ഇയെ എട്ട് റൺസിനാണ് പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഒമാൻ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സാണ് എടുത്തത്. ഖവാര്‍ അലിയുടെ അര്‍ധ സെഞ്ച്വറിയും (64) കശ്യപ് പ്രജാപതിയുടെ (44) റണ്‍സുമാണ് ഒമാന്‍ ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇ 48.1 ഓവറിൽ 213 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു.
യു.എ.ഇക്ക് ഓപണര്‍മാരായ ചിരാഗ് സൂരി (63), മുഹമ്മദ് വസീം (19) എന്നിവര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും തുടര്‍ന്ന് വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഫയ്യാസ് ബട്ട്, രണ്ട് വിക്കറ്റ് നേടിയ ഖവാര്‍ അലി എന്നിവരുടെ പ്രകടനമാണ് ഒമാന്‍ വിജയം എളുപ്പമാക്കിയത്. 63 റണ്‍സും രണ്ട് വിക്കറ്റും നേടിയ ഖവാര്‍ അലിയാണ് കളിയിലെ താരം. മാര്‍ച്ച് 11, 14 തീയതികളില്‍ നമീബിയക്കെതിരെയാണ് ഒമാന്റെ അടുത്ത മത്സരങ്ങള്‍. ടൂർണമെന്റിലെ ആദ്യ മത്സരത്തിലും ഒമാൻ യു.എ.ഇയെ പരാജയപ്പെടുത്തിരുന്നു. എന്നാൽ, രണ്ടാം മത്സരത്തിൽ നമീബിയയോട് കനത്ത പരാജയം ഏറ്റുവാങ്ങുകയും ചെയ്തു.

