ഇബ്രി സോളാർ പ്ലാന്റ് നാടിന് സമർപ്പിച്ചു
text_fieldsസ്കത്ത്: രാജ്യത്തെ ഏറ്റവും വലിയ സോളാർ അധിഷ്ഠിത പവർ പ്ലാന്റ് നാടിന് സമർപ്പിച്ചു. ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിൽ ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയാണ് ഔദ്യോഗികമായി പ്ലാന്റ് ഉദ്ഘാടനം ചെയ്തത്. വൈദ്യുതി ഉൽപാദനത്തിൽ കാർബൺ ബഹിർഗമനം പൂജ്യമായി കുറക്കുന്നതിനുള്ള രാജ്യത്തിന്റെ സുപ്രധാന ചുവടുവെപ്പായിട്ടാണ് പ്ലാന്റിനെ കാണുന്നത്.
സുൽത്താനേറ്റിലെ പ്രധാന വൈദ്യുതി ശൃംഖലയുമായി ബന്ധിപ്പിക്കുന്ന ആദ്യത്തെ സ്റ്റേഷനാണ് ഈ പ്ലാന്റ്. ഏകദേശം 155 ദശലക്ഷം റിയാൽ ചെലവിട്ടുള്ള പദ്ധതിയിലൂടെ 500 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും. ഇത് ഏകദേശം 50,000 വീടുകളിൽ വൈദ്യുതി എത്തിക്കാൻ പര്യാപ്തമാണെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. പൊതു-സ്വകാര്യ പങ്കാളിത്തതോടെയാണ് പ്ലാന്റ് തയാറാക്കിയിരിക്കുന്നത്.

