ഇബ്രി സൗരോർജ പദ്ധതി: 33,000 വീടുകൾക്ക് വെളിച്ചമേകും
text_fieldsഇബ്രിയിലെ സൗരോർജ വൈദ്യുതി ഉൽപാദന കേന്ദ്രം
മസ്കത്ത്: അൽ ദാഹിറ ഗവർണേററ്റിൽ ഉടൻ പ്രവർത്തനമാരംഭിക്കാൻ പോവുന്ന ഇബ്രി സൗരോർജ പദ്ധതി വഴി 33,000ത്തോളം വീടുകൾക്ക് വൈദ്യുതി നൽകാൻ കഴിയും. വിഷൻ-2040 നടപ്പാക്കുന്നതിെൻറ ഭാഗമായി പ്രകൃതിദത്തമായ രീതിയിൽ വൈദ്യുതി ഉൽപാദനം നടത്തുന്നതിെൻറ ഭാഗമായാണ് പദ്ധതി യാഥാർഥ്യമാക്കിയത്.
ഒമാനിലെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള സൗരോർജ പദ്ധതിയെന്ന സവിശേഷതയും പദ്ധതിക്കുണ്ട്. പദ്ധതിയുടെ ഭാഗമായ സോളാർ ഗ്രിഡ് സ്റ്റേഷൻ കഴിഞ്ഞ ആഴ്ച വിജയകരമായി പ്രവർത്തനം ആരംഭിച്ചിരുന്നു. ഇൗ പദ്ധതിയിലൂടെ ലഭിക്കുന്ന വൈദ്യുതി ഉടൻ പൊതു വിതരണ ശൃംഖലയിലേക്ക് എത്തിക്കും. ഒമാനിലെ പ്രധാന വൈദ്യുതി വിതരണ കമ്പനിയായ ഒമാൻ ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനിയാണ് 220 കെ.വി ഗ്രിഡ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത്. 500 മെഗാ വാട്ട് ആണ് സൗരോർജ വൈദ്യുതി പദ്ധതിയുടെ ശേഷി. ഇവിടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഭൂമിക്കടിയിലൂടെ കേബിൾ വഴിയാണ് ഗ്രിഡ് സ്റ്റേഷനിലെത്തിക്കുക. 1.4 ദശലക്ഷം സോളാർ പാനലുകളാണ് പദ്ധതിയുടെ ഭാഗമായി ഉള്ളത്. ഇവ 13 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് വ്യാപിച്ചുകിടക്കുന്നത്. സൗരോർജം സംഭരിക്കാനായി ഉയർന്ന കാര്യക്ഷമതയുള്ള സെല്ലുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കാർബൺ രഹിത വൈദ്യുതി ഉൽപാദിപ്പിക്കുന്നത് വഴി ഒമാന്‍റെ പരിസ്ഥിതി സംരക്ഷണത്തിന് മികച്ച സംഭാവന നൽകാൻ പദ്ധതിക്ക് കഴിയും. ഒരു വർഷം 3,40,000 ടൺ കാർബൺ ഡയോക്സൈഡ് പുറത്തുവിടുന്നത് ഒഴിവാക്കാൻ പദ്ധതി വഴി സാധിക്കും. പുനരുപയോഗിക്കാവുന്ന ഊർജ പദ്ധതികളിലൂടെ 2025ഒാടെ രാജ്യത്തെ പത്ത് ശതമാനം വൈദ്യുതി ഉൽപാദിപ്പിക്കാനാണ് സർക്കാർ പദ്ധതി. ഇവയിൽ സിംഹഭാഗവും സൗരോർജ പദ്ധതിയായിരിക്കും. ബാക്കി വടക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ എന്നിവിടങ്ങളിലെ കാറ്റാടി പദ്ധതികളിലൂടെ ഉൽപാദിപ്പിക്കാനുമാണ് സർക്കാർ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

