ഇബ്രി ഇന്ത്യൻ സ്കൂൾ വാർഷികം ആഘോഷിച്ചു
text_fieldsഇബ്രി: ‘ഫെസ്റ്റിവൽ ഓഫ് ഇന്ത്യ’ എന്ന ശീർഷകത്തിൽ ഇബ്രി ഇന്ത്യൻ സ്കൂൾ 36ാമത് വാർഷികാഘോഷം വർണാഭ പരിപാടികളോടെ നടന്നു. ഒമാൻ- ഇന്ത്യൻ ദേശീയ ഗാനത്തോട് കൂടി തുടക്കം കുറിച്ച പരിപാടിയിൽ അഗ്രികൾച്ചറൽ ഡെവലപ്മെൻറ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ സാലിം മുസബ്ബ അൽ കൽബാനി ഇബ്രി മുഖ്യാതിഥിയായി. വൈവിധ്യങ്ങൾക്കിടയിലും ഒരൊറ്റ മനസ്സോടെ മുന്നേറുന്ന ഇന്ത്യൻ ജനതയെ ചടങ്ങിൽ അദ്ദേഹം പ്രശംസിച്ചു. ഇന്ത്യൻ സ്കൂൾ ബോർഡ് ഡയറക്ടർ ഇൻ ചാർജ് നിധീഷ് കുമാർ വിശിഷ്ടാതിഥിയായി. മുഖ്യാതിഥിയും വിശിഷ്ടാതിഥിയും പ്രിൻസിപ്പാളും സ്കൂൾ മാനേജ്മെൻറ് അംഗങ്ങളും ചേർന്ന് ഭദ്രദീപം തെളിയിച്ചു.
സ്കൂൾ പബ്ലിക് അഡ്രസ്സ് സിസ്റ്റത്തിന്റെയും ഡിജിറ്റലൈസേഷൻ സ്കൂൾ ക്യാമ്പസ് ഫ്ലോറയുടെയും ഔപചാരിക ഉദ്ഘാടനം മുഖ്യാതിഥിയും വിശിഷ്ടാതിഥിയും ചേർന്ന് നിർവഹിച്ചു. സ്കൂൾ ന്യൂസ് ലെറ്റർ സാലിം മുസബ്ബ അൽ കൽബാനി പ്രകാശനം ചെയ്തു. പ്രിൻസിപ്പാൾ വി.എസ് . സുരേഷ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മുഖ്യാതിഥിക്കുള്ള സ്നേഹോപഹാരം പ്രിൻസിപ്പാളും സ്കൂൾ മാനേജ്മെൻറ് അംഗങ്ങളും ചേർന്ന് സമ്മാനിച്ചു. 2023-24 അധ്യയന വർഷത്തിലെ 10,12 ക്ലാസിലെ ബോർഡ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും 2024 - 25 അധ്യായന വർഷത്തിൽ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തിയ വ്യത്യസ്ത ക്ലാസുകളിലെ വിദ്യാർഥികളെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അധ്യാപകർക്കുമുള്ള അവാർഡുകളും മെഡലുകളും ചടങ്ങിൽ സമ്മാനിച്ചു.
അധ്യയന വർഷത്തെ മികച്ച അധ്യാപികമാരായി തെരഞ്ഞെടുക്കപ്പെട്ട ഫാത്തിമ ഷെരീഫിനെയും ജോസഫൈൻ വിജിലയെയും ആദരിച്ചു. 2023-24 അധ്യയന വർഷത്തിലെ ഡോ. ആർ.ആർ നായർ അവാർഡിന് പന്ത്രണ്ടാം ക്ലാസിലെ മിലൻ കൃഷ്ണ, എം.പി.വി ഓൾറൗണ്ട് എക്സലൻസ് അവാർഡിന് മുഹമ്മദ് ആദിൽ അഹമ്മദ് നിഷാദ്, മിലൻകൃഷ്ണ എന്നിവർ അർഹരായി. വിദ്യാർഥികൾ വിവിധ സംസ്ഥാനങ്ങളിലെ ഉത്സവങ്ങളെ പ്രതിനിധീകരിച്ചു അവതരിപ്പിച്ച കലാപരിപാടികൾ ഇന്ത്യൻ ആഘോഷത്തിന്റെ പുതുമയും വൈവിധ്യവും സദസ്സിന് സമ്മാനിച്ചു.
കേരളത്തിന്റെ ഓണാഘോഷം, മഹാരാഷ്ട്രയിലെ ഗണേശോത്സവം, പഞ്ചാബിന്റെ ഭാൻഗ്ര, തമിഴ്നാട്ടിലെ പൊങ്കൽ, വടക്കേ ഇന്ത്യയിലെ ഹോളി, മകരസംക്രാന്തി തുടങ്ങിയവയെ ആസ്പദമാക്കി വിദ്യാർഥികൾ ഒരുക്കിയ നൃത്ത- നൃത്യങ്ങളും ഷാഡോ ഡാൻസ്, ഫാഷൻ ഷോ എന്നിവയും ചടങ്ങിന് മാറ്റ് കൂട്ടി. എഡ്വിൻ ഫ്രാൻസിസ്, ലിസി പീറ്റർ ഫറീന, ഷീന ഭായ്, ഫാത്തിമ ഷെരീഫ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
വൈസ് പ്രിൻസിപ്പാൾ സണ്ണി മാത്യു, അഡീഷണൽ വൈസ് പ്രിൻസിപ്പാൾ വിജയകുമാർ ഡൊമനിക്, രക്ഷിതാക്കൾ, പൂർവ വിദ്യാർത്ഥികൾ, സാമൂഹിക, സാംസ്കാരിക മേഖലയിലെ പ്രമുഖർ എന്നിവർ സംബന്ധിച്ചു. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് ശബ്നം ബീഗം സ്വാഗതവും കൺവീനർ അമിതാഭ് മിശ്ര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

