ഇബ്ര സഫാരി വേൾഡ് മൃഗശാല: ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു
text_fieldsഇബ്രയിലെ സഫാരി വേൾഡ് മൃഗശാലയിൽനിന്നുള്ള കാഴ്ച മോഹൻദാസ് പൊന്നമ്പലം
മൃഗശാല പെരുന്നാളിന്റെ രണ്ടാം ദിവസം തുറന്നുകൊടുക്കും
മസ്കത്ത്: പെരുന്നാളിനോടനുബന്ധിച്ച് വടക്കൻ ശർഖിയ ഗവർണറേറ്റിലെ ഇബ്ര വിലായത്തിൽ സന്ദർശകർക്കായി തുറന്നുകൊടുക്കുന്ന മൃഗശാലയുടെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു.
15 വയസ്സും അതിന് മുകളിലുള്ളവർക്ക് അഞ്ച് റിയാൽ, മൂന്നിനും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് 3.5 റിയാലുമായിരിക്കും ടിക്കറ്റ് നിരക്കെന്ന് അധികൃതർ അറിയിച്ചു. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. സ്കൂൾ വിദ്യാർഥികൾക്ക് നിരക്കിൽ ഇളവുകളുമുണ്ടാകും.
ഇബ്ര വിലായത്തിൽ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ മൃഗശാല പെരുന്നാളിന്റെ രണ്ടാം ദിവസം സന്ദർശകർക്കായി തുറന്നുകൊടുക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
സഫാരി വേൾഡ് എന്ന് പേരിട്ടിരിക്കുന്ന മൃഗശാല 286,000 ചതുരശ്ര മീറ്ററിലാണ് ഒരുങ്ങുന്നത്. ആദ്യ ഘട്ടത്തിൽ 120,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള സ്ഥലമാണ് തുറന്നുകൊടുക്കുക. രാജ്യത്തെ വളർന്ന് കൊണ്ടിരിക്കുന്ന ടൂറിസം മേഖലക്ക് മൃഗശാല പുതിയൊരു കൂട്ടിച്ചേർക്കലായിരിക്കും. 300 ഓളം മൃഗങ്ങളും വാട്ടർ തീം പാർക്കും കൂടുംബങ്ങൾക്ക് സമ്പൂർണമായി ആസ്വദിക്കാൻ കഴിയുന്ന ഇടങ്ങളും മൃഗശാലയിൽ ഒരുക്കിയിട്ടുണ്ട്.
മൃഗങ്ങളെയും പക്ഷികളെയും ഉൾക്കൊള്ളുന്ന ഏറ്റവും വലിയ മൃഗശാലയായിരിക്കും ഇബ്രയിലേതെന്ന് മൃഗശാലക്ക് തുടക്കമിട്ട വിഖൽഫാൻ ബിൻ സഈദ് അൽ മമാരി പറഞ്ഞു.
ഒമാൻ, ജി.സി.സി, മറ്റ് ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്ന് അപൂർവവും മനോഹരവുമായ നിരവധി മൃഗങ്ങളെ അൽ മമാരി ഇതിനകം മൃഗശാലയിൽ എത്തിച്ചിട്ടുണ്ട്.
രണ്ടാം ഘട്ടത്തിൽ ആനകളുൾപ്പെടെ കൂടുതൽ വിദേശ ഇനങ്ങളെ പരിചയപ്പെടുത്തുകയും വാട്ടർ പാർക്ക്, തീം പാർക്ക് തുടങ്ങിയ കൂടുതൽ ആകർഷണങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്യും.
ഇന്ത്യയിലെയും ആനകളുള്ള മറ്റ് രാജ്യങ്ങളിലെയും ഏജൻസികളുമായും ചർച്ചകൾ നടത്തിവരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

