42 വർഷത്തിനൊടുവിൽ ഹൈദ്രു ഹാജി ജന്മനാട്ടിലേക്ക് മടങ്ങുന്നു
text_fieldsെഎ.എ. റസാഖ് കോട്ടക്കൽ
ബുറൈമി: 42 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ പാലക്കാട് ജില്ലയിലെ വാണിയംകുളം സ്വദേശി കാഞ്ഞിരത്തിൽ ഹൈദ്രു ഹാജി ജന്മനാട്ടിലേക്ക് മടങ്ങുന്നു. ബുറൈമിയിൽ ഹോട്ടൽ നടത്തിവരുകയായിരുന്ന ഹൈദ്രു ഹാജി ചൊവ്വാഴ്ചയുള്ള വിമാനത്തിലാണ് മടങ്ങുന്നത്.
1979ൽ ദുബൈയിൽ നിന്നാണ് ഇദ്ദേഹം പ്രവാസജീവിതം ആരംഭിച്ചത്. തുടർന്ന് അബൂദബിയിൽ രണ്ടുവർഷം ജോലി ചെയ്ത ശേഷം 1981ൽ ബുറൈമിയിൽ എത്തിയ ഹൈദ്രു ഹാജി സ്വന്തമായി ഹോട്ടൽ തുടങ്ങി. ബുറൈമിയിൽ ഹൈദ്രു ഹാജി എത്തുമ്പോൾ വൈദ്യുതിയും വെള്ളവുമടക്കം സൗകര്യങ്ങൾ വളരെ പരിമിതമായിരുന്നു. കടയിലേക്ക് ആവശ്യമായ വൈദ്യുതി അടുത്ത അറബി വീടുകളിൽനിന്ന് തൽക്കാലത്തേക്ക് എടുക്കുകയായിരുന്നു ചെയ്തിരുന്നത്. 1981 തുടങ്ങിയ ഹോട്ടൽ കാലക്രമേണ പത്തോളം ജോലിക്കാരുള്ള സംരംഭമായി വളർന്നു. പിന്നീട് ഹൈദ്രു ഹാജി മകൻ മുഹമ്മദലിയെയും സഹായത്തിനായി എത്തിച്ചു. ദീർഘകാലം ബുറൈമിയിലുണ്ടായിരുന്ന മുഹമ്മദലി ഏതാനും വർഷം മുമ്പ് പ്രവാസജീവിതം അവസാനിപ്പിച്ച് നാടണഞ്ഞു. കുറഞ്ഞ ചെലവിൽ ഭക്ഷണം ലഭിച്ചിരുന്ന ഹോട്ടൽ മലയാളികൾ അടക്കമുള്ളവർക്ക് ആശ്രയമായിരുന്നു. ഹോട്ടൽ സ്വന്തം നാട്ടുകാരന് വിൽപന നടത്തിയ ശേഷമാണ് ഹൈദ്രു ഹാജി മടങ്ങുന്നത്. നാലു പതിറ്റാണ്ടിലധികം നീളുന്ന പ്രവാസ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുേമ്പാൾ സംതൃപ്തിയും സന്തോഷവും മാത്രമാണ് ഉള്ളതെന്ന് ഇദ്ദേഹം പറയുന്നു. കുഞ്ഞീമയാണ് ഭാര്യ. മുഹമ്മദലിക്ക് പുറമെ നാലു പെൺമക്കളുമുണ്ട്. മൂത്ത മക്കൾക്ക് പേരക്കുട്ടികൾ വരെയായി. ഇനി ശിഷ്ടകാലം കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിക്കാനാണ് ഹൈദ്രു ഹാജിയുടെ ആഗ്രഹം. ഹൈദ്രു ഹാജിക്ക് ബുറൈമി പ്രവാസി കൂട്ടായ്മ ഹൃദ്യമായ യാത്രയയപ്പും സ്നേഹോപഹാരവും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

