ഓർമകളിൽ മായാതെ പ്രിയ തങ്ങൾ....
text_fieldsപാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിസ്വ സുൽത്താൻ ഖാബൂസ് ഗ്രാന്റ് മോസ്ക് സന്ദർശിക്കുന്നു (ഫയൽ)
മസ്കത്ത്: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം കേരളീയ പൊതു സമൂഹത്തിനിടയിൽ നികത്താനാവാത്ത വിടവാണ്. മുസ്ലിം ലീഗിന്റെയും സമസ്തയുടെയും നേതൃപദം അലങ്കരിച്ച ഹൈദരലി ശിഹാബ് തങ്ങൾ മുസ്ലിം കൈരളിയുടെ അവസാന വാക്കായിരുന്നു.
സംഘടന പരിപാടികളിൽ സംബന്ധിക്കാൻ വിരളമായി മാത്രമെ തങ്ങൾ ഒമാനിൽ വന്നിട്ടുള്ളൂവെങ്കിലും ഒമാനിലെ കെ.എം.സി.സിയുമായും സുന്നി സെന്ററുമായുമെല്ലാം നിരന്തര ബന്ധം പുലർത്താൻ ജാഗ്രത കാണിച്ചിരുന്നു അദ്ദേഹം. 2015ൽ ഒമാനിൽ വന്നപ്പോൾ സാംസ്കാരിക നഗരമായ നിസ്വ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ അദ്ദേഹം യാത്ര ചെയ്തിട്ടുള്ളത് ഓർക്കുന്നു. ഒമാനിന്റെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള സലാലയിലും ഹൈദരലി തങ്ങൾ സന്ദർശനം നടത്തിയിട്ടുണ്ട്.
എന്തൊക്കെ പ്രതിസന്ധികൾ വന്നാലും സാധാരണക്കാർക്ക് സാന്ത്വനമാകുന്ന ശ്രമദാനങ്ങളിൽ സജീവമാകണമെന്നത് ഹൈദരലി ശിഹാബ് തങ്ങളുടെ നിർബന്ധമാണ്. കോവിഡ് വ്യാപനത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഹൈദരലി തങ്ങൾ നടത്തിയ ആഹ്വാനം ഒരിക്കലും മറക്കാൻ കഴിയില്ല.
സാമൂഹിക സുരക്ഷിതത്വം ഉറപ്പു വരുത്താൻ ആളുകൾ അകന്നിരിക്കണമെന്ന് പറയുമ്പോഴും മുൻകരുതലുകൾ പാലിച്ച് മറ്റുള്ളവരുടെ പ്രയാസങ്ങളിൽ ആശ്വാസമാകണമെന്നായിരുന്നു തങ്ങളുടെ ആഹ്വാനം.
ഭീതിയുടെ സാഹചര്യത്തിൽ പോലും തങ്ങൾ പറഞ്ഞ ആഹ്വാനത്തിന്റെ ബലത്തിലായിരുന്നു കെ.എം.സി.സി ഉൾപ്പെടെയുള്ള ഘടകങ്ങളുടെ കോവിഡ് ദുരിതാശ്വാസം എന്നത് ഈ അവസരത്തിൽ ഓർക്കുന്നു. ഒമാനിലെ പണ്ഡിതരുമായും, സാമുദായിക നേതാക്കളുമായും ഹൈദരലി ശിഹാബ് തങ്ങൾക്ക് ബന്ധമുണ്ട്. വായിക്കാനും, അറിയാനും, ആളുകളുമായി നിഷ്കളങ്കമായ ഒരു ബന്ധം സൂക്ഷിക്കാനും ശ്രദ്ധ ചെലുത്തിയ ഹൈദരലി തങ്ങളുടെ വിയോഗം ഒമാനിലെ പ്രവാസി സമൂഹത്തിന് തീരാനഷ്ടമാണ്. പ്രവാസി സമൂഹത്തിനു വേണ്ടി ശ്രദ്ധേയമായ പല പ്രസ്താവനകളും ഇടപെടലുകളും കാലാനുസൃതമായി അദ്ദേഹം നടത്തിയിട്ടുണ്ട്.
-മുഹമ്മദ് വാണിമേൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

