മൃഗവേട്ട: അറേബ്യൻ താറും ഗസെല്ലെയും വംശനാശ ഭീഷണിയിൽ
text_fieldsമസ്കത്ത്: വ്യാപകമായ മൃഗവേട്ട മൂലം അറേബ്യൻ താറും അറേബ്യൻ ഗസെല്ലെയും വംശനാശ ഭീഷണിയിൽ. ഇവയുടെ എണ്ണത്തിൽ സമീപകാലത്തായി കാര്യമായ കുറവുണ്ടായതായി ദിവാൻ ഒാഫ് റോയൽ കോർട്ടിലെ പരിസ്ഥിതി സംരക്ഷണ വിഭാഗം വക്താവ് പറഞ്ഞു. ഒരു കാലത്ത് ഒമാനിൽ സുലഭമായിരുന്ന അറേബ്യൻ ഗസെല്ലെയുടെ എണ്ണം അപായകരമായ വിധത്തിൽ കുറഞ്ഞതായി 2015ൽ പരിസ്ഥിതി സംരക്ഷണ വിഭാഗത്തിെൻറ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. വേട്ടക്കൊപ്പം കെണിവെച്ചു പിടിക്കുന്ന പ്രവണതയും വ്യാപകമാണെന്ന് ഇൗ പഠനത്തിൽ പറയുന്നുണ്ട്. മസ്കത്തിൽ രണ്ട് പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലാണ് ഇൗ മൃഗങ്ങൾ ഉള്ളത്, റാസ് അൽ ഷജറിലും വാദി സരീനിലും. ഒമാനിൽ ഒട്ടാകെ ഇരുപതോളം സംരക്ഷണ കേന്ദ്രങ്ങളാണ് ഉള്ളത്. ഇവയിൽ ചിലത് ദിവാൻ ഒാഫ് റോയൽ കോർട്ടിെൻറയും മറ്റു ചിലത് പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയത്തിെൻറയും ചുമതലയിലാണ്.
ദോഫാറിെൻറ ഉൾപ്രദേശങ്ങളടക്കം ഒമാനിൽ എല്ലായിടത്തും അനധികൃത മൃഗവേട്ട വ്യാപകമാണ്. ഇൻറർനാഷനൽ യൂനിയൻ ഫോർ ദി കൺസർവേഷൻ ഒാഫ് നേച്ചറിെൻറ (െഎ.യു.സി.എൻ) റെഡ് ലിസ്റ്റിലുള്ള മൃഗങ്ങളാണ് ഇവ രണ്ടും. െഎ.യു.സി.എൻ 2008ൽ പുറത്തുവിട്ട കണക്കനുസരിച്ച് ലോകത്തിെൻറ വിവിധ ഭാഗങ്ങളിലായി 15,000ത്തിൽ താഴെ ഗസെല്ലെകൾ മാത്രമാണുള്ളത്. താറുകളുടെ എണ്ണമാകെട്ട അയ്യായിരത്തിൽ താഴെയും. 1990കളിൽ ഒമാനിൽ മാത്രം 13000ത്തിലധികം ഗസെല്ലെകൾ ഉണ്ടായിരുന്ന സ്ഥാനത്താണിത്. ഇറച്ചിക്കായുള്ള വേട്ടക്ക് പുറമെ വീടുകളിൽ വളർത്തുന്നതിനായി കെണിവെച്ച് പിടിക്കുന്ന പ്രവണതയുമുണ്ട്. ഒമാൻ, യമൻ, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് ഇത് അധികവും. ഒമാനിലെ സംരക്ഷണ കേന്ദ്രങ്ങളിൽനിന്നായി നിരവധി വേട്ടക്കാരെയാണ് പിടികൂടിയിട്ടുള്ളത്. അറേബ്യൻ ഗസെല്ലെകളുടെ ആവാസ കേന്ദ്രമായ ഖുറിയാത്തിലെ റാസ് അൽ ഷജറിൽ നിന്ന് വേട്ടക്കാരെ പിടികൂടിയിരുന്നു. സംരക്ഷണ കേന്ദ്രങ്ങളിലും വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളിലും വേട്ട നടത്തുന്നവർക്ക് ആറുമാസം മുതൽ അഞ്ചുവർഷം വരെ തടവോ ആയിരം റിയാൽ മുതൽ അയ്യായിരം റിയാൽ വരെ പിഴയോ അല്ലെങ്കിൽ ഇവ ഒരുമിച്ചോ നൽകണമെന്നാണ് റോയൽ ഡിക്രി 6/2003 നിർദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
