പുനർകയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം; ഒമാന്റെ വ്യാപാര മിച്ചം 200 കോടി റിയാൽ കടന്നു
text_fieldsമസ്കത്ത്: പുനർകയറ്റുമതി മേഖലയിലുണ്ടായ വൻ കുതിച്ചുചാട്ടത്തിന്റെ കരുത്തിൽ ഈ വർഷം ഏപ്രിൽ അവസാനത്തോടെ ഒമാന്റെ വ്യാപാര മിച്ചം 209 കോടി ഒമാനി റിയാലിലെത്തി. നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻ.സി.എസ്.ഐ) പുറത്തുവിട്ട പ്രാഥമിക കണക്കുകളിലാണ് രാജ്യത്തിന്റെ വിദേശവ്യാപാര മേഖല കൈവരിച്ച മികച്ച നേട്ടം വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വ്യാപാര മിച്ചം 2.11 ബില്യൺ റിയാലായിരുന്നു. ഈ വർഷത്തെ ആദ്യ നാല് മാസങ്ങളിൽ ഒമാന്റെ ആകെ ചരക്ക് കയറ്റുമതി 7.6 ബില്യൺ റിയാലിലെത്തി. ഇതേ കാലയളവിലെ ചരക്ക് ഇറക്കുമതി 5.5 ബില്യൺ റിയാലാണ്. ഇതോടെയാണ് രാജ്യത്തിന്റെ വ്യാപാര മിച്ചം രണ്ടു ബില്യൺ റിയാൽ മറികടന്നത്.
സുൽത്താനേറ്റിന്റെ ആകെ കയറ്റുമതിയിൽ ഇപ്പോഴും ഏറ്റവും വലിയ പങ്ക് എണ്ണ, വാതക മേഖലക്കാണ്. ഏപ്രിൽ വരെ 4.7 ബില്യൺ റിയാലിന്റെ എണ്ണ-വാതക കയറ്റുമതിയാണ് നടന്നത്. എന്നാൽ, മുൻവർഷത്തെ അപേക്ഷിച്ച് (5.1 ബില്യൺ റിയാൽ) ഈ മേഖലയിൽ 7.5 ശതമാനം കുറവ് രേഖപ്പെടുത്തി. എണ്ണയിതര ഉൽപന്നങ്ങളുടെ കയറ്റുമതിയിലും നേരിയ കുറവുണ്ടായി. കഴിഞ്ഞ വർഷത്തെ 2.2 ബില്യൺ റിയാലിൽ നിന്ന് ഇത്തവണ എണ്ണയിതര കയറ്റുമതി 2.1 ബില്യൺ റിയാലായി. എങ്കിലും ഒമാന്റെ സാമ്പത്തിക വൈവിധ്യവൽകരണ ശ്രമങ്ങളിൽ ഈ മേഖല ശക്തമായ സാന്നിധ്യമായി തുടരുന്നു. പുനർകയറ്റുമതിയിലുണ്ടായ കുതിപ്പാണ് ഏറ്റവും ശ്രദ്ധേയം. കഴിഞ്ഞ വർഷം ഏപ്രിൽ വരെ 462 മില്യൺ റിയാലായിരുന്ന പുനർകയറ്റുമതി, ഇത്തവണ 66.8 ശതമാനം വർധിച്ച് 770 മില്യൺ റിയാലിലെത്തി. ഒമാന്റെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനവും വികസിത തുറമുഖ സംവിധാനങ്ങളും രാജ്യത്തെ ഒരു പ്രാദേശിക ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റുന്നതിന്റെ തെളിവാണ് ഈ വളർച്ച.
ഒമാന്റെ എണ്ണയിതര കയറ്റുമതിയിൽ 480 മില്യൺ റിയാലുമായി യു.എ.ഇ ആണ് ഏറ്റവും മുന്നിൽ. സൗദി അറേബ്യ-233 മില്യൺ റിയാൽ, ഇന്ത്യ-214 മില്യൺ റിയാൽ, അമേരിക്ക-168 മില്യൺ റിയാൽ, ദക്ഷിണ കൊറിയ-160 മില്യൺ റിയാൽ എന്നിവയാണ് തൊട്ടുപിന്നിൽ. പുനർകയറ്റുമതിയിലും യു.എ.ഇ (331 മില്യൺ റിയാൽ) തന്നെയാണ് ഒന്നാമത്. സൗദി അറേബ്യ -140 മില്യൺ റിയാൽ, ഇറാൻ-98 മില്യൺ റിയാൽ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്ത്.
ഇറക്കുമതിയുടെ കാര്യത്തിലും യു.എ.ഇ തന്നെയാണ് ഒമാന്റെ ഏറ്റവും വലിയ പങ്കാളി. ആദ്യ നാല് മാസങ്ങളിൽ 1.5 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങളാണ് യു.എ.ഇയിൽ നിന്ന് ഒമാനിലെത്തിയത്. ചൈന-801 മില്യൺ റിയാൽ, തുർക്കി-422 മില്യൺ റിയാൽ, സൗദി അറേബ്യ-413 മില്യൺ റിയാൽ, ഇന്ത്യ-392 മില്യൺ റിയാൽ എന്നിവയാണ് ഒമാനിലേക്ക് ഏറ്റവും കൂടുതൽ ചരക്കുകൾ എത്തിച്ച മറ്റ് പ്രമുഖ രാജ്യങ്ങൾ.
ആഗോളതലത്തിൽ എണ്ണ, വാതക വരുമാനത്തിൽ ഇടിവുണ്ടായിട്ടും ഒമാന്റെ വിദേശവ്യാപാര മേഖല ശക്തമായ പ്രതിരോധശേഷി പ്രകടിപ്പിക്കുന്നതായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. പുനർകയറ്റുമതിയിലെ വളർച്ചയും പ്രമുഖ പ്രാദേശിക-അന്തർദേശീയ രാജ്യങ്ങളുമായുള്ള ശക്തമായ വ്യാപാരബന്ധവും ‘ഒമാൻ വിഷൻ 2040’ ന്റെ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് കരുത്തുപകരുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

