വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന
text_fieldsമസ്കത്തിൽ നടക്കുന്ന ഗ്ലോബൽ ട്രാവൽ വീക്കിൽ പൈതൃക ടൂറിസം മന്ത്രാലയത്തിലെ പൈതൃക അണ്ടർ സെക്രട്ടറി എൻജിനീയർ
ഇബ്രാഹിം സഈദ് അൽ ഖറൂസി സംസാരിക്കുന്നു
മസ്കത്ത്: രാജ്യത്ത് ടൂറിസ രംഗത്ത് നടപ്പാക്കിയ വിവിധ പദ്ധതികൾ ഫലം കണ്ടതോടെ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ കുതിച്ചു ചാട്ടം.
2021നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 348 ശതമാനത്തിന്റെ ഉയർച്ചയാണുണ്ടായിട്ടുള്ളത്. 2022ൽ 2.9 ദശലക്ഷം വിനോദസഞ്ചാരികളാണ് ഒമാനിലെത്തിയതെന്ന് ഹെറിറ്റേജ് ആൻഡ് ടൂറിസം ഫോർ ഹെറിറ്റേജ് മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി എൻജിനീയർ ഇബ്രാഹിം സഈദ് അൽ ഖറൂസി പറഞ്ഞു.
ടൂറിസം പ്രോജക്ടുകളുടെയും ഹോട്ടൽ സ്ഥാപനങ്ങളുടെയും എണ്ണം വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ജുമൈറ മസ്കത്ത് ബേയിൽ നടന്ന ഗ്ലോബൽ ട്രാവൽ വീക്കിൽ പൈതൃക ടൂറിസം മന്ത്രാലയത്തെ പ്രതിനിധാനംചെയ്ത് സംസാരിക്കുകയായിരുന്നു അൽ ഖറൂസി.
2022ൽ ലഭിച്ച 2.9 ദശലക്ഷം വിനോദസഞ്ചാരികൾ 16 ശതമാനം മാത്രമാണെന്നതാണ് വസ്തുതയെന്ന് ടൂറിസം പ്രമോഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അസ്മ അൽ ഹജ്രി പറഞ്ഞു. 2019ൽ 3.5 ദശലക്ഷം വിനോദസഞ്ചാരികൾ ഒമാനിലെത്തിയിരുന്നു. ജി.സി.സിയിലെയും യൂറോപ്പിലെയും ടൂർ ബുക്കിങ്ങുകകൾ സൂചിപ്പിക്കുന്നത് 2022നെ അപേക്ഷിച്ച് ഈ വർഷത്തെ ആദ്യപാദം ആരോഗ്യകരമാകുമെന്നാണെന്നും അവർ പറഞ്ഞു. ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് പങ്കാളിയായത് ടൂറിസം മേഖലയെ സഹായിച്ചിട്ടുണ്ട്. എന്നാൽ, ഇതു മാത്രമെല്ലന്നും, മന്ത്രാലയം നിരവധി റോഡ്ഷോകളും വ്യാപാര മേളകളും നടത്തിയത് പുത്തനുണർവിന് വഴിവെച്ചെന്നും അസ്മ അൽ ഹജ്രി പറഞ്ഞു.
യു.എ.ഇ കഴിഞ്ഞാൽ സൗദിയാണ് ടൂറിസം മേഖലയിലെ രണ്ടാമത്തെ വിപണി. ഈ വർഷം ജി.സി.സിയിൽനിന്ന് വിനോദസഞ്ചാരികളെ കൊണ്ടുവരാൻ ശ്രദ്ധ കേന്ദ്രീകരിക്കും. യൂറോപ് മന്ദഗതിയിലാണ്, പക്ഷേ 2024ഓടെ വീണ്ടെടുക്കാൻ കഴിയുമെന്നാണ് കരുതുന്നത്. മൊത്തത്തിൽ, ടൂറിസം മേഖലയുടെ വളർച്ച ഈ വർഷം 2019ലെ നിലവാരത്തിലെത്തുമെന്നും 2024 ഓടെ പൂർണ തോതിൽ എത്താൻ കഴിയുമെന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു.
ഒമാനിൽ നടക്കുന്ന ഗ്ലോബൽ ട്രാവൽ വീക്ക് മിഡിൽ ഈസ്റ്റിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 200 ഓളം ആഡംബര ടൂറിസം മേഖലയിലെ വിദഗ്ധർ ആണ് പങ്കെടുക്കുന്നത്. ഇവരുമായി ദീർഘകാല ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിനും ഒമാനിലെ ടൂറിസം മേഖലയിലുള്ളവർക്ക് പരിപാടി സഹായകമാകും. ചൊവ്വാഴ്ച വരെ നടക്കുന്ന ഗ്ലോബൽ ട്രാവൽ വീക്കിൽ മസ്കത്ത്, ദാഖിലിയ, വടക്കൻ ശർഖിയ, മുസന്ദം ഗവർണറേറ്റുകളിലേക്കുള്ള യാത്രകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ പരിചയപ്പെടുത്തുകയാണ് യാത്രയിലൂടെ ഉദ്ദേശിക്കുന്നത്. 40 ഒമാനി ടൂറിസം, ഹോട്ടൽ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

