ശൈത്യകാലം; ടൂറിസം രംഗത്ത് കുതിപ്പ്
text_fieldsരാജ്യത്തെ ടൂറിസ്റ്റ് സ്ഥലങ്ങൾ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾ (ഫയൽ)
മസ്കത്ത്: ശൈത്യകാലം ആരംഭിച്ചതോടെ രാജ്യത്തെ ടൂറിസം രംഗത്ത് പുത്തനുണർവ് പ്രകടമായി. ജനുവരിയിൽ വിനോദസഞ്ചാരികളുടെ എണ്ണം 177 ശതമാനമായാണ് ഉയർന്നതെന്ന് പൈതൃക, ടൂറിസം മന്ത്രാലയം അറിയിച്ചു. ഈ വർഷം ജനുവരിയിൽ, 2.95 ലക്ഷം വിനോദസഞ്ചാരികളാണ് സുൽത്താനേറ്റിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തിയത്.
2022 ജനുവരിയിൽ ഇത് 1.06 ലക്ഷം ആയിരുന്നുവെന്ന് ദേശീയസ്ഥിതി വിവര കേന്ദ്രത്തിന്റെ കണക്ക് ഉദ്ധരിച്ച് പൈതൃക, ടൂറിസം മന്ത്രാലയം പറഞ്ഞു. ഒമാന്റെ വിനോദസഞ്ചാര മേഖല ക്രമാനുഗതമായി വീണ്ടെടുക്കുകയാണെന്ന് പൈതൃക-ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി അടുത്തിടെ പറഞ്ഞിരുന്നു. ജനുവരിയിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തിയത് യു.എ.ഇ.യിൽനിന്നാണ്. 83,016 സന്ദർശകരാണ് ഒമാന്റെ മണ്ണിലെത്തിയത്.
40,389 ആളുകളുമായി ഇന്ത്യയാണ് രണ്ടാംസ്ഥാനത്ത്. ജർമനി-17,657, ഇറ്റലി-13,181, ബ്രിട്ടൻ-7,475, ചൈന-7,293, യമൻ-7,222, പാകിസ്താൻ-6,109 എന്നിങ്ങനെയാണ് തൊട്ടടുത്ത രാജ്യങ്ങൾ. വിനോദസഞ്ചാരികളുടെ വരവ് വർധിച്ചതിനെത്തുടർന്ന് ഹോട്ടലുകളുടെ വരുമാനത്തിൽ ജനുവരിയിൽ ഗണ്യമായ വർധനയാണുണ്ടായിട്ടുള്ളത്. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം 20.79 ദശലക്ഷം റിയാലിന്റെ വരുമാനമാണ് ഹോട്ടലുകൾ (ത്രീ, ഫൈവ് സ്റ്റാർ) നേടിയത്. മുൻവർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 50.8 ശതമാനത്തിന്റെ വർധനയാണുണ്ടായത്. കഴിഞ്ഞ വർഷം ജനുവരിയിൽ 13.78 ദശലക്ഷം റിയാലായിരുന്നു വരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

