വിനോദസഞ്ചാരികളെ കാത്ത് ഹോട്ടൽ മേഖല
text_fieldsമസ്കത്ത്: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് യാത്ര വിലക്ക് ഒമാൻ അധികൃതർ എടുത്തുമാറ്റുകയും കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കുകയും ചെയ്തെങ്കിലും ഹോട്ടൽ മേഖലയിൽ പ്രതിസന്ധി മാറുന്നില്ല. കോവിഡ് പ്രതിസന്ധി അവസാനിക്കുകയും വിദേശ രാജ്യങ്ങളിൽ നിന്നും വിനോദ സഞ്ചാരികൾ എത്തുകയും ചെയ്യുന്നതോടെ മാത്രമാണ് ഹോട്ടൽ േമഖലക്ക് പൂർണമായി കരകയറാനാവുക. അതിനാൽ വിനോദ സഞ്ചാരികളുടെ ആഗമനം പ്രതീക്ഷിച്ച് കഴിയുകയാണ് ഒമാനിലെ ഹോട്ടൽ മേഖല.
നിലവിൽ ഒമാനിലെ നിരവധി ഹോട്ടലുകൾ പ്രതിസന്ധി നേരിടുന്നുണ്ട്. കൂടുതൽ ആളുകളെ ആകർഷിക്കാൻ നിരവധി ഒാഫറുകൾ ചില ഹോട്ടലുകൾ നൽകുന്നുണ്ട്. ഒമാൻ സന്ദർശക വിസ നൽകാൻ തുടങ്ങിയെങ്കിലും ഇത് ഈ മേഖലക്ക് വലിയ മെച്ചമുണ്ടാക്കാൻ തുടങ്ങിയിട്ടില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ ഒമാനിൽ സ്ഥാപന സമ്പർക്കവിലക്ക് ഒഴിവാക്കിയതും നിയമങ്ങളിൽ ഇളവ് നൽകിയതും വിനോദ സഞ്ചാരികളെ ആകർഷിക്കാൻ സഹായകമാവുമെന്ന് ഇവർ കരുതുന്നു. ഒക്േടാബറിൽ ആരംഭിക്കുന്ന ദുബൈ എക്സ്പോ ഒമാൻ വിനോദ സഞ്ചാര മേഖലക്കും അനുഗ്രഹമാവുെമന്നാണ് കണക്കുകൂട്ടൽ.
മുൻ കാലങ്ങളിൽ മീറ്റിങ്ങുകളും ബിസിനസ് ട്രെയിനിങ് പരിപാടികളുമൊക്കെ ഹോട്ടലുകളുടെ പ്രധാന വരുമാന മാർഗമായിരുന്നു. എന്നാൽ ഇവയെല്ലാം ഇപ്പോൾ ഓൺലൈനായാണ് നടക്കുന്നത്. ലോകം സാധാരണ ഗതി പ്രാപിച്ചാൽ മാത്രമാണ് ഇത്തരം വരുമാന മാർഗങ്ങൾ പുനരാരംഭിക്കാൻ കഴിയുകയെന്നും ഹോട്ടൽ രംഗത്തുള്ളവർ പ്രതികരിച്ചു. ഒമാനിൽ ടൂറിസം സീസൺ ആരംഭിക്കുകയാണെന്നും നിലവിൽ ഒമാൻ സർക്കാർ നൽകുന്ന ഇളവുകളും സൗകര്യങ്ങളും വിനോദ സഞ്ചാരികളെ കുറച്ചെങ്കിലും ആകർഷിക്കാൻ സഹായിക്കുമെന്നും വാദീ കബീർ ഗോൾഡൻ ഒയാസീസ് മാനേജിങ് ഡയറക്ടർ അശ്വിൻ ഉദൈ പറഞ്ഞു.
ഒമാനിലെത്തുന്നവർക്ക് ഇപ്പോൾ വിമാനത്താവളങ്ങളിലും മറ്റും കാര്യങ്ങൾ വളരെ എളുപ്പമായിട്ടുണ്ട്. ഒമാനിൻ വാക്സിനേഷൻ ചെയ്തവർക്ക് സമ്പർക്കവിലക്ക് അടക്കമുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തു കളഞ്ഞതും അനുകൂല ഘടകമാണ്.
കോവിഡ് വ്യാപന നിരക്ക് കുറഞ്ഞ രാജ്യമായി ഒമാൻ മാറിയതും വിനോദ സഞ്ചാരികളെ ആകർഷിക്കും. കോവിഡ് കാലത്ത് സമ്പർക്കവിലക്കും നിയന്ത്രണങ്ങളുമില്ലാത്ത അർമീനിയ അടക്കമുള്ള രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്നടക്കം വിനോദ സഞ്ചാരികൾ ധാരാളമായി എത്തിയിരുന്നു. അതിനാൽ ഒമാനിലുള്ള ഇളവുകളും സൗകര്യങ്ങളും മറ്റുള്ളവരിലേക്ക് എത്തിക്കുന്നത് വിനോദ സഞ്ചാരമേഖലക്ക് അനുഗ്രഹമാവുമെന്നും അദ്ദേഹം പറഞ്ഞു.
കുടുംബങ്ങളുടെ തിരിച്ചുവരവിൽ പ്രതീക്ഷ
മസ്കത്ത്: വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവിസുകൾ പുനരാരംഭിച്ചതോടെ നിരവധി കുടുംബങ്ങൾ തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. കുടുംബങ്ങൾ കൂടുതൽ എത്തുന്നത് രാജ്യത്തിെൻറ എല്ലാ മേഖലകളിലുമുള്ള വളർച്ചക്ക് കാരണമാകും. ഇത് ഹോട്ടലുകളും പാർക്കുകളും വിനോദ സഞ്ചാരകേന്ദ്രങ്ങളും സജീവമാക്കും. സൗദി അറേബ്യയിൽ യാത്രവിലക്ക് ഏർപ്പെടുത്തിയത് കാരണം ഇന്ത്യയിൽ നിന്നടക്കമുള്ള യാത്രക്കാർ ഒമാൻ വഴി സൗദിയിലേക്ക് പോവാനുള്ള സാധ്യതയുണ്ട്. എന്നാൽ ഇന്ത്യയിൽ നിന്നുള്ള ഉയർന്ന വിമാന നിരക്കുകൾ ഇൗ സാധ്യതക്ക് മങ്ങലേൽപിക്കുന്നുണ്ട്. എങ്കിലും കുറച്ച് പേരെങ്കിലും ഒമാൻ വഴി കടന്നുേപാവാനും സാധ്യതയുണ്ട്. ചില ഹോട്ടലുകൾ ട്രാവൽ ഏജൻറുമായി കരാറിലെത്തുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

