മസ്കത്ത്: വേനൽചൂടിൽ ചുട്ടുപൊള്ളി ഒമാൻ. ഇൗ വേനലിലെ ഏറ്റവും ഉയർന്ന ചൂടായ 50 ഡിഗ്രി സെൽഷ്യസ് മുസന്ദം ഗവർണറേറ്റിലെ ദിബ്ബയിൽ വെള്ളിയാഴ്ച രേഖപ്പെടുത്തി. സുനൈനയാണ് തൊട്ടു പിന്നിൽ. 49.3 ഡിഗ്രിയാണ് ഇവിടെ രേഖപ്പെടുത്തിയത്. റുസ്താഖിൽ 48.7 ഡിഗ്രിയും മുദൈബി, ഫഹൂദ് എന്നിവിടങ്ങളിൽ 48.3 ഡിഗ്രിയും ചൂട് അനുഭവപ്പെട്ടു. ശനിയാഴ്ചയും ഉയർന്ന ചൂട് തന്നെയാണ് ഉണ്ടായത്. ഉച്ചക്ക് മസ്കത്തിൽ 47.5 ഡിഗ്രി വരെ ഉയർന്നു. ഞായറാഴ്ചയും മസ്കത്തിൽ 45 ഡിഗ്രിക്ക് മുകളിലാകും ചൂടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് അറിയിച്ചു.
ഖാബൂറ, റുസ്താഖ്, ഇബ്രി, അമിറാത്ത്, നിസ്വ, സൂർ തുടങ്ങിയ പ്രദേശങ്ങളിലാകെട്ട ശനിയാഴ്ച 46നും 48 ഡിഗ്രിക്കുമിടയിൽ ചൂടാണ് അനുഭവപ്പെട്ടത്. മസ്കത്ത് അടക്കം പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി പകലും രാത്രിയും ചുടുകാറ്റും അനുഭവപ്പെട്ടു. ചൂടുകാറ്റും ഉയർന്ന താപനിലയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുറൈമി, ദാഹിറ, ദാഖിലിയ ഗവർണറേറ്റുകളിൽ പൊടിയോടെയുള്ള ചൂടുകാറ്റ് അടുത്ത മൂന്നു ദിവസം അനുഭവപ്പെടാനിടയുണ്ട്. മരുഭൂമി, പർവത മേഖലകളിൽ 48 ഡിഗ്രി മുതൽ 49 ഡിഗ്രി വരെ ചൂട് ഉയരുമെന്നാണ് കരുതപ്പെടുന്നത്.
ദോഫാർ ഗവർണറേറ്റിൽ മഴക്കുള്ള സാധ്യതയുമുണ്ട്. ഇടിയോടെയുള്ള മഴ ദൂരക്കാഴ്ചയെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ വാഹന യാത്രികർ ജാഗ്രത പുലർത്തണമെന്നും അധികൃതർ അഭ്യർഥിച്ചു. ഒമാെൻറ മറ്റു ഭാഗങ്ങളിൽ പൊതുവെ തെളിഞ്ഞ ആകാശമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ദോഫാർ ഗവർണറേറ്റിലെ ദൽഖൂത്തിലാണ് വെള്ളിയാഴ്ച ഏറ്റവുംകുറഞ്ഞ ചൂട് അനുഭവപ്പെട്ടത്. 21.5 ഡിഗ്രി ചൂട് മാത്രമാണ് ഇവിടെ രേഖപ്പെടുത്തിയത്.
ഖൈറൂൻ ഹിരിതി, സൈഖ്, തുംറൈത്ത്, റാസൽ ഹദ്ദ്, സലാല എന്നിവിടങ്ങളിലും 30 ഡിഗ്രിയിൽ താഴെ ചൂടാണ് രേഖപ്പെടുത്തിയത്.