ബർകയിൽ ആവേശമുണർത്തി കുതിരയോട്ട മത്സരം
text_fieldsറോയൽ കോർട്ട് അഫയേഴ്സിന് കീഴിൽ റോയൽ കാവൽറി സംഘടിപ്പിച്ച കുതിരയോട്ട മത്സരത്തിൽ നിന്ന്
മസ്കത്ത്: ആവേശമുണർത്തി വാർഷിക റോയൽ കാവൽറി കുതിരയോട്ട മത്സരത്തിന്റെ ഏഴാം പതിപ്പ് ബർകയിൽ സംഘടിപ്പിച്ചു. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ പ്രത്യേക നിർദേശപ്രകാരം, യുവജന-കായിക മന്ത്രി കൂടിയായ സയ്യിദ് ബിലാറബ് ബിൻ ഹൈതം അൽ സഈദ് മത്സരത്തിന് അധ്യക്ഷത വഹിച്ചു. റോയൽ കോർട്ട് അഫയേഴ്സിന് കീഴിൽ റോയൽ കാവൽറിയാണ് കുതിരയോട്ട മൽസരം സംഘടിപ്പിച്ചത്.
മത്സര റൗണ്ടുകൾക്കിടയിൽ റോയൽ കാവൽറി റൈഡർമാർ അവതരിപ്പിച്ച കുതിര അഭ്യാസ പ്രകടനം
തനിനാടൻ അറേബ്യൻ കുതിരകൾക്കായുള്ള 2,000 മീറ്റർ ദൂരമുള്ള ബർക്കാ റേസിൽ, ‘ഫലാഹ്’ സുൽത്താൻ കപ്പ് കരസ്ഥമാക്കി. സയ്യിദ് ശിഹാബ് ബിൻ ഹാരിബ് അൽ സഈദിന്റെ ഉടമസ്ഥതയിലുള്ള കുതിരയാണ് ‘ഫലാഹ്’. റോയൽ കാവൽറിയുടെ ‘സഅദ്’ രണ്ടാം സ്ഥാനവും, റോയൽ കാവൽറിയുടെ തന്നെ ‘സണ്ണി ഡു ലൂപ്’ മൂന്നാം സ്ഥാനവും നേടി.
അൽ റഹ്ബ റേസ്കോഴ്സിലെ ഗ്രാൻഡ്സ്റ്റാൻഡിലെത്തിയ സയ്യിദ് ബിലാറബ്, വാർഷിക റോയൽ കാവൽറി കുതിരപ്പന്തയത്തിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു.
വരും വർഷങ്ങളിൽ എല്ലാ പതിപ്പുകൾക്കും ഈ ലോഗോ ഉപയോഗിക്കും. രാജ കിരീടത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലോഗോ രൂപകൽപന ചെയ്തിരിക്കുന്നത്. സുൽത്താന്റെ നിർദേശപ്രകാരം മത്സരം സംഘടിപ്പിക്കുന്ന റോയൽ കാവൽറിയുടെ പതാകയും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റോയൽ കാവൽറിയിലെ വനിത റൈഡർമാർക്കായുള്ള 1,200 മീറ്റർ ദൈർഘ്യമുള്ള നഖൽ കാസിൽ റേസിൽ റംല ബിൻത് ഖലീൽ അൽ സജ്ദാലി നയിച്ച ‘അൽ-മുഹീബ്’ ഒന്നാമതെത്തി. റൈദ ബിൻത് സൗദ് അൽ ബഹ്രിയുടെ ‘ഹംസ’ രണ്ടും അസ്മഹാൻ ബിൻത് ജുമഅൽ ബലൂഷിയുടെ ‘മഭൂർ’ മൂന്നും സ്ഥാനത്തെത്തി.
റോയൽ കാവൽറി സംഘടിപ്പിച്ച കുതിരയോട്ട മത്സരം വീക്ഷിക്കുന്ന
യുവജന-കായിക മന്ത്രി സയ്യിദ് ബിലാറബ് ബിൻ ഹൈതം അൽ സഈദ്
1200 മീറ്റർ വരുന്ന അൽ ഹസ്മ് ഫോർട്ട് റേസ് മത്സരം റോയൽ കാവൽറി തൂത്തുവാരി. യസ്റഹ്, അംസീല, അൽ മിഖ്ദാം എന്നീ കുതിരകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. 1600 മീറ്റർ വരുന്ന മൂന്നാം മത്സരമായ വാദി ബനി ഖറൂസ് റേസിൽ സയ്യിദ നൂറ ബിൻത് മുഹമ്മദ് അൽ സഈദയുടെ ‘ബാഖിർ’ കുതിര വിജയിയായി. മത്സര റൗണ്ടുകൾക്കിടയിൽ റോയൽ കാവൽറി റൈഡർമാർ അവതരിപ്പിച്ച വിവിധ കുതിര കായിക പ്രകടനങ്ങളും സംഗീത പരിപാടികളും അരങ്ങേറി. തെക്കൻ ബാതിന ഗവർണറേറ്റിൽ നിന്നുള്ള റൈഡർമാർ, പരമ്പരാഗത കുതിരകലകളും പ്രദർശനങ്ങളും അവതരിപ്പിച്ചു. സ്കൂളുകളിലെ വിദ്യാർഥികളും കായിക പ്രകടനങ്ങളിൽ പങ്കെടുത്തു. കുതിരപ്പുറത്തുനിന്ന് വില്ലുതൊടുക്കൽ, കുതിരസൗന്ദര്യ പ്രദർശനം, ചെറിയ കുതിരവണ്ടികൾ എന്നിവയും ശ്രദ്ധേയമായി. കാഴ്ച നഷ്ടപ്പെട്ട ഒമാനി യുവാവിന്റെയും കുതിരകളുമായുള്ള അവിസ്മരണീയ ബന്ധത്തിന്റെയും കഥ അവതരിപ്പിച്ച ‘ഇൻസൈറ്റ് ഓഫ് എ നൈറ്റ്’ എന്ന പ്രത്യേക പരിപാടിയും ശ്രദ്ധ പിടിച്ചുപറ്റി.
സുഹാർ, നിസ്വ, ബിദിയ, സലാല, ഇബ്രി എന്നിവിടങ്ങളിലടക്കം വിവിധ ഗവർണറേറ്റുകളിൽ വാർഷിക കുതിരപ്പന്തയം സംഘടിപ്പിച്ചുകൊണ്ട് കുതിര കായിക രംഗം വികസിപ്പിക്കാനുള്ള ശ്രമങ്ങൾ റോയൽ കാവൽറി തുടരുകയാണെന്ന് റോയൽ കോർട്ട് അഫയേഴ്സ് സെക്രട്ടറി ജനറൽ നസർ ബിൻ ഹമൂദ് അൽ കിന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

