ഹുർമുസിലെ പ്രതിസന്ധി: ഡോ. എസ്. ജയ്ശങ്കറുമായി ഒമാൻ വിദേശകാര്യ മന്ത്രി ചർച്ച നടത്തി
text_fieldsമസ്കത്ത്: ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സവും മേഖലയിലെ നിലവിലെ പ്രതിസന്ധികളും ചർച്ച ചെയ്യാൻ ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറുമായും ഓസ്ട്രിയൻ വിദേശകാര്യമന്ത്രി ബീറ്റ മെയ്നിൽ റീസിംഗറുമായും ഫോണിൽ ചർച്ച നടത്തി.
ഹുർമുസ് പ്രതിസന്ധി അടക്കമുള്ള വിഷയങ്ങൾ പരിഹരിക്കാൻ നയതന്ത്ര ശ്രമങ്ങൾ ഊർജിതമാക്കണമെന്ന് ചർച്ചയിൽ ഇരുപക്ഷത്തെയും മന്ത്രിമാർ ചൂണ്ടിക്കാട്ടി. ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കറുമായുള്ള സംഭാഷണത്തിൽ ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വിലയിരുത്തി. ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സം മൂലമുണ്ടായ പ്രാദേശിക സാഹചര്യം ചർച്ച ചെയ്ത ഇരുമന്ത്രിമാരും, സംഘർഷങ്ങൾ ലഘൂകരിക്കാനും ശാശ്വതമായ പരിഹാരം കാണാനും നയതന്ത്ര നീക്കങ്ങൾ ഊർജിതമാക്കണമെന്ന് വ്യക്തമാക്കി.
ഓസ്ട്രിയൻ വിദേശകാര്യമന്ത്രി ബീറ്റ മെയ്നിൽ റീസിംഗറുമായുള്ള ചർച്ചയിൽ ആഗോള -പ്രാദേശിക സാഹചര്യങ്ങളും അവയുടെ പ്രത്യാഘാതങ്ങളും ഇരുപക്ഷവും ചർച്ച ചെയ്തു. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായി സമുദ്രോൽപന്ന വിതരണ ശൃംഖല ഉറപ്പാക്കാനും കപ്പൽ ഗതാഗത സ്വാതന്ത്ര്യം നിലനിർത്താനും നയതന്ത്ര ഇടപെടലുകൾ ആവശ്യമാണെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. മേഖലയെയും ലോകത്തെയും യുദ്ധഭീതിയിൽ നിന്നും സായുധ സംഘർഷങ്ങളിൽ നിന്നും ഒഴിവാക്കാൻ ബന്ധപ്പെട്ട കക്ഷികൾ വിട്ടുവീഴ്ചകൾക്ക് തയാറാകണമെന്നും ചർച്ചയിൽ ഇരുപക്ഷവും ആവശ്യമുന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

