അവധി കഴിഞ്ഞു; ഇന്നുമുതൽ എല്ലാം പതിവുപോലെ
text_fieldsപെരുന്നാൾ അവധി ദിനത്തിൽ അമീറാത്ത് വാദി അൽ ബാത്ത് പാർക്കിൽ എത്തിയവരുടെ തിരക്ക് - ഫോട്ടോ അൻസാർ കരുനാഗപ്പള്ളി
മസ്കത്ത്: ബലിപെരുന്നാൾ പൊതു അവധി കഴിഞ്ഞ് രാജ്യം ചൊവ്വാഴ്ച മുതൽ സാധാരണ നിലയിലേക്ക് നീങ്ങിത്തുടങ്ങും. വാരാന്ത്യദിനങ്ങളടക്കം ഈ വർഷം അഞ്ചു ദിവസത്തെ അവധിയാണ് ലഭിച്ചിരുന്നത്. ഇന്ത്യൻ സ്കൂളുകൾ വേനലവധിക്ക് അടച്ചിരിക്കുന്നതിനാൽ മലയാളികളടക്കം നല്ലൊരു ശതമാനം ഇന്ത്യൻ പ്രവാസികൾ ആഗസ്റ്റോടുകൂടിയെ തിരിച്ചെത്തുകയുള്ളു. തുടക്കത്തിൽ വിമാന നിരക്ക് ഉയർന്നിരുന്നെങ്കിലും യാത്രക്കാർ കുറഞ്ഞതോടെ നിരക്ക് കുറച്ചത് പലർക്കും ആശ്വാസമാകുകയും ചെയ്തു. എന്നാൽ, ഭൂരിഭാഗംപേർക്കും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല. ടിക്കറ്റ് നിരക്ക് ഉയരുമെന്ന് വിചാരിച്ച് പലരും യാത്ര മാറ്റിവെക്കുകയായിരുന്നു.
ഇന്നു മുതൽ രാജ്യത്തിന്റെ എല്ലാ മേഖലകളും സജീവമാവും. വിസ റസിഡന്റ് കാർഡ്, ചേമ്പർ ഓഫ് കൊമേഴ്സ് തുടങ്ങിയ ഇടങ്ങളിൽ നല്ല തിരക്ക് അനുഭവപ്പെടാനും സാധ്യതയുണ്ട്. പലരും വിവിധ സേവനങ്ങൾക്ക് പെരുന്നാൾ അവധിയും കഴിയാൻ കാത്തിരിക്കുകയായിരുന്നു.
റുസ്താഖിൽ പെരുന്നാൾ ആഘോഷിക്കാനെത്തിയവർ
അവധി ദിവസങ്ങളിൽ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. പൊതുവെ ചൂട് കൂടിയതിനാൽ പലരും പ്രകൃതിദത്ത സ്ഥലങ്ങളും നീരുറവകളുമുള്ള സ്ഥലങ്ങളുമായിരുന്നു യാത്രക്കായി തെരഞ്ഞെടുത്തിരുന്നത്. യു.എ.ഇ യിലേക്കും മറ്റും നിരവധി പേർ പോയതിനാൽ അതിർത്തി ചെക് പോസ്റ്റിൽ നല്ല തിരക്കാണുണ്ടായിരുന്നത്. ഒമാനിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നല്ല തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. ജബൽ അഖ്ദർ, ജബൽ ശംസ്, വാദീ ബനീ ഖാലിദ്, നിസ്വ, ത്വിവി, നിസ്വ, റുസ്താഖ്, മസീറ, സൂർ തുടങ്ങിയ എല്ലാ കേന്ദ്രങ്ങളിലേക്കും സ്വദേശികളും വിദേശികളുമടക്കം നിരവധിപേരാണ് ഒഴുകിയത്. ഖുറം, അസൈബ തുടങ്ങിയ ബീച്ചുകളിൽ ആയിരങ്ങളാണ് അവധി ആഘോഷിക്കാനെത്തിയത്. കുടുംബങ്ങളുള്ളവരും അല്ലാത്തവരും കൂട്ടമായി ബീച്ചുകളിൽ എത്തിയിരുന്നു. മത്ര കോർണീഷിൽ തിരക്കിന് കുറവുണ്ടായിരുന്നില്ല. സാധാരണക്കാർക്ക് എളുപ്പം എത്തിപ്പെടാൻ പറ്റിയ സ്ഥലമായതിനാലാണ് മത്ര കോർണീഷിൽ തിരക്ക് വർധിക്കുന്നത്. റൂവി മേഖലയിലെ സാധാരണക്കാർക്കും സ്വന്തമായി വാഹനമില്ലാത്തവർക്കും എളുപ്പം എത്തിപ്പെടാൻ കഴിയുന്നതാണ് മത്ര കോർണീഷ്. ടാക്സിയിലും ബസുകളിലും ഇവിടെ എത്തുന്നവരും നിരവധിയാണ്. അതിനാൽ മത്ര കോർണീഷിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.